എഡിറ്റര്‍
എഡിറ്റര്‍
കേരളം ലക്ഷ്യമിട്ട് മമതയുടെ തൃണമൂല്‍
എഡിറ്റര്‍
Thursday 26th December 2013 9:38am

mamata-and-mukul-roy

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റു തേടി തൃണമൂല്‍ കോണ്‍ഗ്രസ്.

കേരളത്തില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ റോയ് അറിയിച്ചു.

പശ്ചിമബംഗാളില്‍ ദീര്‍ഘകാലം നീണ്ട് നിന്ന ഇടതുപക്ഷ ഭരണത്തിന് തടയിട്ട തൃണമൂല്‍ കോണ്‍ഗ്രസ് ഇതാദ്യമായാണ് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുന്നത്.

തൃണമൂലിന് കേരളത്തില്‍ അനുഭാവികളുണ്ടെന്നും നന്ദിഗ്രാം വിഷയത്തില്‍ കേരളത്തില്‍ തൃണമൂല്‍ അനുഭാവികള്‍ പ്രകടനം സംഘടിപ്പിച്ചിട്ടുണ്ടെന്നും മുകുള്‍റോയ് പറഞ്ഞു.

കേരളത്തെ കൂടാതെ ഉത്തര്‍പ്രദേശ്, ബീഹാര്‍, മണിപ്പൂര്‍, ആന്ധ്രപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും മത്സരിക്കാന്‍ പാര്‍ട്ടിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ 28ന് മുകുള്‍ റോയ് കേരളം സന്ദര്‍ശിക്കും. സംസ്ഥാനത്തെ വലത്-ഇടത് മുന്നണികളിലെ അതൃപ്തരെ തൃണമൂല്‍ സഖ്യത്തിനായി ക്ഷണിച്ചേക്കുമെന്നാണ് സൂചന.

കേരള കോണ്‍ഗ്രസ് (എം), മുസ്ലീം ലീഗ് തുടങ്ങിയ യു.ഡി.എഫ് കക്ഷികളിലേക്കും സോഷ്യലിസ്റ്റ് ജനത, സി.എം.പി, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളിലേക്കും മമതയുടെ നോട്ടമുണ്ടെന്നാണ് അറിവ്.

കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ശുഭപ്രതീക്ഷയാണുള്ളതെന്നും മുസ്ലീം ലീഗിന് ബംഗാളില്‍ സീറ്റ് വാഗ്ദാനം ചെയ്‌തേക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സംസ്ഥാന സന്ദര്‍ശനത്തിന് മുമ്പ് തന്നെ തൃണമൂല്‍ കേരളത്തിലെ പല പ്രധാന പാര്‍ട്ടികളുടേയും സഖ്യ കക്ഷികളുമായി ബന്ധപ്പെട്ടുവെന്നും അഭ്യൂഹമുയരുന്നുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ മിക്കതിലും വിജയം സുനിശ്ചിതമാണെന്നാണ് പാര്‍ട്ടിയുമായി അടുത്തവൃത്തങ്ങളിലുള്ളവരുടെ പ്രതീക്ഷ. അടുത്തിടെ നടന്ന തദ്ദേശതിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ ഇതിന്  ആക്കം കൂട്ടുന്നു.

കൂടുതല്‍ പാര്‍ലിമെന്ററി സീറ്റുകളില്‍ വിജയിക്കാനായാലേ ദേശീയ തലത്തില്‍ മികച്ച ശക്തിയാകാന്‍ കഴിയൂ എന്ന തിരിച്ചറിവിലാണ് പാര്‍ട്ടി മറ്റ് സംസ്ഥാനങ്ങളിലേക്കും കണ്ണ് വയ്ക്കുന്നതെന്നാണ് സൂചന.

Advertisement