Administrator
Administrator
കര്‍ണാടകയിലെ ആദിവാസികള്‍ ഇനി സ്വയം ഭരിക്കട്ടെ
Administrator
Friday 21st October 2011 9:06am

ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ എറ്റവും കൂടുതല്‍ നേരിടേണ്ടിവരുന്നത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കാണ്. ഇതിനെതിരെ അധകൃതവര്‍ഗങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളും പോരാട്ടങ്ങളുമാണ് പിന്നീട് വലിയ നേട്ടങ്ങളായത്. ഇന്ത്യയുടെ ചരിത്രവും ഇതില്‍ നിന്നും വിഭിന്നമല്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനത നടത്തിയ പോരാട്ടങ്ങളാണ് ഇന്ത്യയൊരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമാവുന്നതിലേക്ക് നയിച്ചത്. എന്നാല്‍ സ്വാതന്ത്ര്യം നേടിയശേഷവും ഇന്ത്യയില്‍ ഈ പോരാട്ടം തുടരുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തലുകള്‍ നേരിട്ട ആദിവാസി വിഭാഗങ്ങളും ഇതുപോലൊരു പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഒരു ആദിവാസി പാര്‍ലമെന്റ് രൂപീകരിച്ച് തങ്ങളെ അവഗണിക്കുന്ന ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കുന്ന എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കര്‍ണാടകയിലെ ആദിവാസി സമൂഹം.

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കര്‍ണാടകയിലെ ആദിവാസികളുടെ മനസില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഇനിയെങ്കിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന്. കഴിഞ്ഞ 60 വര്‍ഷമായി ഇതായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ തങ്ങളുടെ പ്രശ്‌നം ഒരിക്കലും പരിഹരിക്കപ്പെടില്ലെന്നാണ് മാറി മാറി വന്ന സര്‍ക്കാരുകള്‍ അവരെ പഠിപ്പിച്ചത്. ഇനിയും സര്‍ക്കാരിനെ പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ലെന്ന് കണ്ട ഇവര്‍ സ്വയം ഇറങ്ങിത്തിരിക്കുകയാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ നേരിട്ട് അറിയിക്കാനായി ഗ്രാമസഭയില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ആദിവാസി പാര്‍ലമെന്റ് രൂപീകരിച്ചിരിക്കുകയാണിവര്‍. 2006ല്‍ പാസാക്കിയ ഷെഡ്യൂള്‍ഡ്‌ ്രൈടബ്‌സ് ആന്റ് അതര്‍ ഫോറസ്റ്റ് ഡ്വല്ലേഴ്‌സ് ആക്ട് നടപ്പാക്കണമെന്നാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.

കാടുനോടു ഇഴചേര്‍ന്നുനില്‍ക്കുന്നതാണ് ആദിവാസികളുടെ ജീവിതം. അതിനു പുറത്തൊരു ലോകം അവര്‍ ഒരിക്കലും ആവശ്യപ്പെടുന്നില്ല. അത് ലഭിച്ചാല്‍ തന്നെ അവര്‍ക്കവിടെ ജീവിക്കാനാവില്ല. കാടിനുള്ളില്‍ സൈ്വര്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകൊടുക്കുകയാണ് ആദിവാസികള്‍ക്ക് വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുക. ചെറിയ തോതില്‍ വന വിഭവങ്ങള്‍ ഉപയോഗിക്കാനും, കാട്ടിനുള്ളില്‍ കൃഷിനടത്താനുമൊക്കെയുള്ള അവസരമാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ഇതെല്ലാം നിഷേധിച്ച സര്‍ക്കാര്‍ ഈ വനഭൂമികള്‍ വന്‍കുത്തകകള്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പണിയാനായി വിട്ടുനല്‍കുകയാണ്.

‘ടൂറിസ്റ്റ് റിസോട്ടുകള്‍ സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രധാന കൃഷിഭൂമികളെല്ലാം ലീസിന് നല്‍കിയിരിക്കുകയാണ്. തേയില തോട്ടങ്ങള്‍ക്കായും വന്‍തോതില്‍ ഭൂമി നല്‍കിയിരിക്കുകയാണ്’ ബുടാകാട്ടു കൃഷികാര സമിതി നേതാവായ ജെ.പി രാജു പറയുന്നു.

1971ലെ സെന്‍സസ് പ്രകാരം കര്‍ണാടകയിലെ ആദിവാസി ജനസംഖ്യ 4ലക്ഷത്തിനടുത്താണ്. 40ഓളം ആദിവാസി വിഭാഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. ദക്ഷിണ്‍ കന്നട, ഉട്ടാറ കന്നട, ഉഡുപ്പി, ചിങ്കമഗ്ലൂര്‍, മൈസൂര്‍, ചാംരാജ്‌നഗര്‍, ഷിമോഗ, രാംനഗര്‍ എന്നീ ഒമ്പത് ജില്ലകളിലാണ് ഈ ആദിവാസികളില്‍ ഭൂരിഭാഗവും കാണപ്പെടുന്നത്.

കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ ദുരിതങ്ങള്‍ മാത്രമേ സര്‍ക്കാരില്‍ നിന്നും ഇവര്‍ക്ക് ലഭിച്ചിട്ടുള്ളൂ. സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള തികഞ്ഞ അവഗണന ഇവര്‍ക്ക് നേരിടേണ്ടിവന്നു. സര്‍ക്കാര്‍ അതും ഇതും പറഞ്ഞ് ഇവരെ സ്വന്തം കുടിയില്‍ നിന്നും ഇറക്കി. ചിലപ്പോല്‍ ഏതെങ്കിലും വ്യവസായ പദ്ധതിയുടെ പേരിലായിരിക്കും. ചിലപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലും.

തങ്ങള്‍ സംഘടിക്കുന്നതിന് മുമ്പ് സ്വന്തം നാടായ ക്രൂഗില്‍ നിന്നുവരെ അടിച്ചമര്‍ത്തലാണ് നേരിടേണ്ടിവന്നതെന്ന് രാജു സാക്ഷ്യപ്പെടുത്തുന്നു. ‘ ആദിവാസി പാര്‍ലമെന്റ് സ്ഥാപിക്കുന്നതിന് മുമ്പ് ഞങ്ങള്‍ മൃഗങ്ങളെപ്പോലെയാണ് ജീവിച്ചത്. ഇപ്പോള്‍ സ്വയം സംഘടിച്ച ഞങ്ങളില്‍ ആത്മാഭിമാനം വര്‍ധിച്ചു. ഇപ്പോഴാണ് ഞങ്ങളും മനുഷ്യരാണെന്ന് സ്വയം തോന്നുന്നത്.’ 45 കാരിയായ സുഷില പറഞ്ഞു.

ആദിവാസികളുടെ പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് കര്‍ണാടക ക്രൂഗ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റൂറല്‍ ഡെവലപ്പ്‌മെന്റിന്റെ ഡയറക്ടര്‍ ഡേവിഡ് റോയ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ് ആറ് പതിറ്റാണ്ടിനുള്ളില്‍ രണ്ട് പ്രധാന നിയമങ്ങളാണ് ആദിവാസികള്‍ക്കുവേണ്ടി പാര്‍ലമെന്റ് പാസാക്കിയത്. 1996ല്‍ പാസാക്കിയ ഷെഡ്യൂള്‍ഡ് ഏരിയയിലെ പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ആക്ടും, 2006ലെ ഫോറസ്റ്റ് ആക്ടും. എന്നാല്‍ ഈ രണ്ട് നിയമങ്ങളും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നിയമങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ആദിവാസികളുടെ ജീവിതരീതി നിലനിര്‍ത്താനും, വനസമ്പത്ത് സംരക്ഷിക്കാനും കഴിയുമായിരുന്നു. കര്‍ണാടകയില്‍ 1500 ആദിവാസി ഗ്രാമങ്ങളുണ്ടായിരുന്നിട്ടും ഈ സ്ഥലങ്ങളെ ഷെഡ്യൂള്‍ഡ് ഏരിയയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും റോയ് കുറ്റപ്പെടുത്തി.

ഈ നിയമപ്രകാരം ആദിവാസി ഭൂമികള്‍ ഷെഡ്യൂള്‍ഡ് ഏരിയയായി പ്രഖ്യാപിക്കേണ്ടതുണ്ട്. കേരള, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഒഴികെ മറ്റിടങ്ങളിലെയെല്ലാം ആദിവാസി മേഖലകള്‍ ്രൈടബല്‍ ഏരിയയാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ്രൈടബല്‍ ഏരിയകളിലെ ജനങ്ങള്‍ക്ക് ഭരണഘടനാ പരമായ എല്ലാ അവകാശങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ആദിവാസികള്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പുവരുത്തുകയും, ഗ്രാമസഭകള്‍ക്ക് പരമാധികാരം നല്‍കുന്ന സ്വയം ഭരണാവകാശം നല്‍കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയാകുമ്പോള്‍ ആര്‍ക്കും ഇവരുടെ ഭൂമിയോ വനവിഭവങ്ങളോ വില്‍ക്കാന്‍ കഴിയില്ല. ഇവരുടെ അനുമതിയില്ലാതെ സര്‍ക്കാരിന് ഇവരെ ബാധിക്കുന്ന യാതൊരു നിയമവും കൊണ്ടുവരാന്‍ കഴിയില്ല. ഇതിനൊക്കെ പുറമേ ആദിവാസികള്‍ക്ക് അവരുടെ സംസ്‌കാരം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ്രൈടബല്‍ ഏരിയകളില്‍ ഉറപ്പാക്കപ്പെടും.

ഈ അടിസ്ഥാന അവകാശ ലംഘനങ്ങള്‍ക്കു പുറമേ ഷെഡ്യൂള്‍ഡ്‌ ്രൈടബ് വിഭാഗത്തിലേക്ക് ചില ജാതികള്‍കൂടി ഉള്‍പ്പെടുത്തിയതുവഴി രാഷ്ട്രീയമായ വേര്‍തിരിവും നേരിടാന്‍ പോകുകയാണ്. 1991ലെ സെന്‍സസ് പ്രകാരം ആദിവാസികളുടെ സംഖ്യ 4 ലക്ഷമാണ്. 1981ല്‍ ഇത് 18 ലക്ഷമായിരുന്നു. 2011ല്‍ ഇത് 35 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനര്‍ത്ഥം ഇവിടുത്തെ ആദിവാസികളുടെ എണ്ണം കൂടിയെന്നല്ല. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മറ്റ് ചില ജാതികള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഗിരിജന ക്രിയാകൂട്ടയുടെ കണ്‍വീനര്‍ ശ്രീകാന്ത് പറയുന്നു. ‘1981ലെ സെന്‍സസില്‍ എസ്.ടിയാണെന്ന് സ്വയം പ്രഖ്യാപിച്ച നിരവധി നായിക് വിഭാഗക്കാരുണ്ടായിരുന്നു. മുംബൈ, കര്‍ണാടക മേഖലകളിലാണ് ഈ വിഭാഗക്കാര്‍ കൂടുതലുള്ളത്. ‘ ശ്രീകാന്ത് വ്യക്തമാക്കി. 81ലെ സെന്‍സസില്‍ ചില തെറ്റുകള്‍ പറ്റിയെന്ന് ചൂണ്ടിക്കാട്ടി മൈസൂര്‍ ഡപ്യൂട്ടി കമ്മീഷണര്‍ നല്‍കിയ കത്തും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു. നായിക് എന്ന ആദിവാസി വിഭാഗമില്ലെന്ന് കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടതുവഴി നായിക വിഭാഗത്തിന് പല ആനുകൂല്യങ്ങളും നേടാന്‍ കഴിഞ്ഞു.

2009ല്‍ ബി.ജെ.പി സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നശേഷം എസ്.ടി വിഭാഗക്കാര്‍ക്കുള്ള 15 നിയമസഭാ സീറ്റുകളില്‍ അഞ്ചെണ്ണം നായിക് വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. യഥാര്‍ത്ഥ ആദിവാസിക്ക് ഒരു സീറ്റുപോലും നല്‍കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുന്നില്ല. നായിക്‌സിന്റെ കാര്യത്തിലാണെങ്കില്‍ അവര്‍ ആദിവാസികള്‍ക്കുവേണ്ടി ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.

ഭരണസംവിധാനത്തില്‍ പ്രാധിനിത്യം ലഭിക്കാത്തതുമാത്രമല്ല ആദിവാസികളുടെ പ്രശ്‌നം. വിദ്യാഭ്യാസപരവും ആരോഗ്യസംബന്ധവുമായി നിരവധി പ്രശ്‌നങ്ങളാണ് ഇവര്‍ നേരിടുന്നത്. ഡീഡ് നടത്തിയ സര്‍വേ പ്രകാരം ജെനു കുറുബ് വിഭാഗത്തില്‍പെട്ട 40% സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാര കുറവുണ്ട്. 60% പുരുഷന്‍മാര്‍ മദ്യത്തിന് അടിമയാണ്. വനവിഭവങ്ങളായ മുള, തേന്‍, കൂണ്‍, കിഴങ്ങ് എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നും അവരെ വിലക്കിയതാണ് ഇതിന് പ്രധാനകാരണം. ഇവിടുത്തുകാര്‍ പ്രധാനമായും ആശ്രയിക്കുന്നത് പൊതുവിതരണ കേന്ദ്രങ്ങളെയാണ്.

വിദ്യാഭ്യാസത്തിന്റെ കാര്യം പറയുകയാണെങ്കില്‍ 20,000 ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 200 ആശ്രാം (ആദിവാസി വിദ്യാലയം) സ്‌ക്കൂളുകളാണ് ഇവിടെയുള്ളത്. എന്നാല്‍ ഒമ്പതുഗ്രാമത്തിലും കൂടി പരിശോധിക്കുകയാണെങ്കില്‍ കൂടിയാല്‍ 15 ബിരുദധാരികളുണ്ടാവും. ഈ പതിനഞ്ചില്‍ അഞ്ച് പേര്‍ക്ക് ബിരുദാനന്തര ബിരുദധാരികളാണെങ്കില്‍ സര്‍ക്കാര്‍ ജോലി നേടുന്നത് വെറും രണ്ടാളുകളാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ സംരക്ഷണം ലഭിക്കുന്ന മറ്റുള്ളവരോട് മത്സരിക്കുക എന്നത് ഇവരെ സംബന്ധിച്ച് അസാധ്യമാണ്.

ഇതൊക്കെയാണ് ഒരു ആദിവാസി പാര്‍ലമെന്റ് എന്ന ആശയത്തിലേക്ക് ഇവരെ എത്തിച്ചത്. സ്വയം ഭരണം നേടാനുള്ള തങ്ങളുടെ ശ്രമത്തിന്റെ ആദ്യപടിയെന്നാണ് അവരിതിനെ വിശേഷിപ്പിക്കുന്നത്. അവര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രപതിയുണ്ട്. കൃഷിക്കും, വിദ്യാഭ്യാസത്തിനും, ഭക്ഷ്യമേഖലയ്ക്കും, സംസ്‌കാരമേഖലയ്ക്കുമെല്ലാം മന്ത്രിമാരുണ്ട്. ഓരോ മന്ത്രസഭയ്ക്കും 30 അംഗങ്ങളുണ്ട്. സര്‍ക്കാരിനെയും ആദിവാസികളെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുക എന്നതാണ് പാര്‍ലമെന്റിന്റെ പ്രധാന ലക്ഷ്യം.

Advertisement