മുത്തങ്ങ പാക്കേജ് അട്ടിമറിക്കപ്പെടുന്നതിനെതിരെ ആദിവാസികള്‍ സമരത്തിലേക്ക്
Details Story
മുത്തങ്ങ പാക്കേജ് അട്ടിമറിക്കപ്പെടുന്നതിനെതിരെ ആദിവാസികള്‍ സമരത്തിലേക്ക്
ന്യൂസ് ഡെസ്‌ക്
Tuesday, 24th November 2020, 4:59 pm

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മുത്തങ്ങ സമരത്തിന്റെ ഭാഗമായി പൊലീസ് മര്‍ദനമേല്‍ക്കുകയും സമരഭൂമിയില്‍ നിന്ന് ബലം പ്രയോഗിച്ച് കുടിയിറക്കപ്പെടുകയും ചെയ്ത ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പുനരധിവാസ പദ്ധതികള്‍ അട്ടിമറിയ്ക്കപ്പെടുന്നതായി പരാതി.

കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിര്‍മാണം ജില്ല നിര്‍മിതി കേന്ദ്രം പോലുള്ള ബാഹ്യ ഏജന്‍സികളെ ഏല്‍പിച്ച നടപടി റദ്ദാക്കണമെന്ന് വിവിധ ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. ജില്ലാ നിര്‍മിതി കേന്ദ്രവുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കി ആദിവാസികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ അവരുടെ സൊസൈറ്റികള്‍ക്കോ നിര്‍മാണ ചുമതല ഏല്‍പിക്കണമെന്നാണ് ആദിവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.

‘മുത്തങ്ങയിലെ ആദിവാസികളുടെ പുനരധിവാസത്തിന് വേണ്ടി ഏറ്റവുമൊടുവില്‍ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത് 2018 ലാണ്. ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതിയായിരുന്നു അത്. എന്നാല്‍ ഇത്രയും കാലമായിട്ടും അര്‍ഹതപ്പെട്ടവരില്‍ പലര്‍ക്കും ഭൂമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. കിട്ടിയ ഭൂമി തന്നെ സര്‍വേക്കല്ല് തറയ്ക്കാതെയും അതിര് കല്‍പ്പിക്കാതെയും കിടക്കുകയാണ്. ആദിവാസികള്‍ക്ക് കൈമാറിയ ഭൂമിയില്‍ ഭവനനിര്‍മാണം നടത്തുന്നതിനായി ജില്ലാനിര്‍മിതി കേന്ദ്രമെന്ന ഒരു ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്.

എന്നാല്‍ ഗുണഭോക്താവിന് ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയാത്ത തരത്തിലാണ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുപോരുന്നത്. വീടിന്റെ പ്ലാനും മറ്റ് കാര്യങ്ങളുമെല്ലാം ഏജന്‍സികളാണ് തീരുമാനിക്കുന്നത്. മേപ്പാടി പഞ്ചായത്തിലുള്ള വെള്ളരിമല എന്ന സ്ഥലത്താണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. പത്ത് വീടുകളോളം ഇത്തരത്തില്‍ നിര്‍മാണം കഴിഞ്ഞിട്ടുണ്ട്.’ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം. ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മുത്തങ്ങ പാക്കേജിന്റെ ഭാഗമായി 560 കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കേണ്ടിയിരുന്നത്. അതില്‍ 289 പേര്‍ക്ക് ഭൂമി സംബന്ധമായ രേഖകള്‍ 2012ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയിരുന്നു. സര്‍ക്കാറുകള്‍ മാറി വന്ന സാഹചര്യത്തിലും ഭൂമി കിട്ടിയവര്‍ക്ക് ഭവനനിര്‍മാണം നടത്തുന്നതിലും ബാക്കിയുള്ളവര്‍ക്ക് ഭൂമി നല്‍കുന്നതിലും വലിയ പുരോഗമനങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. ആറ് ഗ്രാമങ്ങളിലായിട്ടാണ് ആദിവാസികള്‍ക്ക് കിട്ടിയ ഭൂമിയുള്ളത്. ഉരുള്‍ പൊട്ടലും പ്രളയവുമെല്ലാം സാധ്യതയുള്ള സ്ഥലങ്ങളിലാണ് മിക്കവര്‍ക്കും ഭൂമി ലഭിച്ചിട്ടുള്ളത്. ലഭിച്ച ഭൂമിയില്‍ കൃഷി ചെയ്യാന്‍ കഴിയില്ലെന്ന പരാതിയും പലരും ഉന്നയിച്ചിരുന്നു. ലഭിച്ച ഭൂമിയില്‍ കൃഷി ചെയ്യാനും മറ്റും സാധിക്കാതിരുന്നതിനാല്‍ ആ ഭൂമി വാസയോഗ്യമല്ല എന്നാണ് മിക്ക ആദിവാസി കുടുംബങ്ങളും പറയുന്നത്.

‘സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥലത്ത് വീടുണ്ടാക്കുന്നതിന് മുമ്പ് ഭൂമി ആദിവാസികള്‍ക്ക് കാണിച്ചു കൊടുക്കേണ്ടത് അതിപ്രധാനമാണ്. നിലവില്‍ സമരം നടത്തിയ ആളുകള്‍ താമസിക്കുന്ന സ്ഥലം പ്രളയം മൂലവും മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ മൂലവും താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ് ഉള്ളത്. 2001ല്‍ ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കാന്‍ ഒരു പദ്ധതിയുണ്ടാക്കിയിരുന്നു. മിഷന്‍ മാതൃകയില്‍. അതാണ് ട്രൈബല്‍ റീസെറ്റില്‍മെന്റ് ഡവലപ്പ്മെന്റ് മിഷന്‍ (ആദിവാസി കരാര്‍). ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കി അഞ്ച് വര്‍ഷത്തിനകം ഭവന നിര്‍മാണം നടത്തണമെന്ന് അതില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ആദിവാസികള്‍ക്ക് നല്‍കുന്നതിനായി ഏജന്‍സികള്‍ക്ക് കൊടുത്തിട്ടുള്ള ഭൂമി ഈ പുനരധിവാസ മിഷന് കൈമാറുകയാണ് വേണ്ടത്.’ എം. ഗീതാനന്ദന്‍ പറയുന്നു.

മുത്തങ്ങ പാക്കേജില്‍ ഏജന്‍സിയുടെ ഭവനനിര്‍മാണം അവസാനിപ്പിക്കണം, പദ്ധതി പുനരധിവാസ കമ്മീഷന് കൈമാറണം എന്നീ ആവശ്യങ്ങള്‍ക്കൊപ്പം തന്നെ മറ്റ് ചില വിഷയങ്ങളും ഉന്നയിച്ചുകൊണ്ട് ഡിസംബര്‍ ഒന്നിന് സൂചനാ സത്യഗ്രഹവും നടത്താനൊരുങ്ങുകയാണ് ആദിവാസി സംഘടനകള്‍. കുറിച്ച്യാട് പോലുള്ള പ്രദേശങ്ങളില്‍ കാട്ടില്‍ നിന്ന് ആദിവാസികളെ കുടിയിറക്കുന്നത് അവസാനിപ്പിക്കണം, ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം എന്നിവയും ഈ സമരം ഉന്നയിക്കുന്ന മറ്റ് വിഷയങ്ങളാണ്. ഡിസംബര്‍ 22ന് അനിശ്ചിതകാല പ്രക്ഷോഭവും നടത്താന്‍ ഉദ്ദേശിച്ചിട്ടുണ്ട്.

മുത്തങ്ങയില്‍ സംഭവിച്ചത്

തൊണ്ണൂറുകളുടെ അവസാനത്തില്‍ കേരളത്തിലുടനീളം ആദിവാസിമേഖലകളിലുണ്ടായ ഭീകരമായ പട്ടിണിമരണത്തെത്തുടര്‍ന്നാണ് 2001 ല്‍ ഗോത്രമഹാസഭയുടെ മുന്‍കൈയില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരമാരംഭിക്കുന്നത്. 2001 ഒക്ടോബര്‍ മാസം 16 ന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി സമരക്കാരുമായി നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയെത്തുടര്‍ന്ന് കുടില്‍കെട്ടി സമരം അവസാനിച്ചെങ്കിലും ആദിവാസികള്‍ വഞ്ചിക്കപ്പെടുകയായിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ ഭൂവിതരണം സാധ്യമാക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചതിനാലാണ് ഗോത്രമഹാസഭ സമരം അവസാനിപ്പിച്ചത്. എന്നാല്‍ സമരമവസാനിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. ഒടുവില്‍ ഗോത്രമഹാസഭയുടെ മുന്‍കൈയില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭൂരഹിതരായ ആദിവാസികള്‍ സമരത്തിന് തയ്യാറെടുത്തു. 2003 ജനുവരി മൂന്നിന് നൂറുകണക്കിന് കുടുംബങ്ങള്‍ മുത്തങ്ങയിലെ വനഭൂമിയില്‍ പ്രവേശിച്ച് കുടിലുകള്‍ കെട്ടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 700ഓളം കുടിലുകളിലായി 2000ത്തോളം ആദിവാസികള്‍ സമരഭൂമിയില്‍ നിലയുറപ്പിച്ചു. സമരമാരംഭിച്ച് ഏതാണ്ട് ഒന്നരമാസം പിന്നിട്ടപ്പോള്‍, ഫെബ്രുവരി 19 ന് വലിയ പോലീസ് സന്നാഹങ്ങള്‍ ആദിവാസികളെ ഒഴിപ്പിക്കുന്നതിനായി സ്ഥലത്തെത്തി. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വെടിയുതിര്‍ത്തു. പ്രദേശം സംഘര്‍ഷഭരിതമായി.

സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമടക്കം നിരവധി പേര്‍ മൃഗീയമായ പോലീസ് മര്‍ദ്ദനത്തിനിരകളായി. അവരുടെ കുടിലുകള്‍ പോലീസുകാര്‍ ചുട്ടുചാമ്പലാക്കി. സ്ത്രീകളെയും വൃദ്ധരെയും അടക്കം അറസ്റ്റ്‌ചെയ്ത് കസ്റ്റഡിമര്‍ദ്ദനത്തിരിയാക്കി ജയിലിലടച്ചു. പിഞ്ചുകുഞ്ഞുങ്ങളക്കം ജുവനൈല്‍ ഹോമിലടയ്ക്കപ്പെട്ടു. കേരളചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തലായിരുന്നു മുത്തങ്ങയില്‍ അരങ്ങേറിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tribals protest against overturning Muthanga Package