പൊതുനിരത്തില്‍ മലവിസര്‍ജനം നടത്തിയതിന്റെ പേരില്‍ ദളിത് കുട്ടികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മധ്യപ്രദേശില്‍ വീണ്ടും സമാന കൊലപാതകം. പൊതുസ്ഥലത്ത് മല വിസര്‍ജനം നടത്തിയതിന്റെ പേരില്‍ പതിനെട്ട് മാസം പ്രായമുള്ള ദളിത് വിഭാഗത്തിലെ കുട്ടിയെ അയല്ക്കാരന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വീടിന് സമീപത്ത് മല വിസര്‍ജനം നടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
സാഗര്‍ ജില്ലാ ആസ്ഥാനത്തുനിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ബഗ്സപൂര് ഗ്രാമത്തിലാണ് സംഭവം. കൂലിപ്പണിക്കാരനായ റാം സിങിന്റെ ഒന്നരവയസുകാരനായ മകന് ഭഗവാന് സിങാണ് കൊല്ലപ്പെട്ടത്. വടി ഉപയോഗിച്ചുള്ള അയല്ക്കാരന്റെ മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റാണ് കുട്ടി മരിച്ചത്.
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുസ്ഥലത്ത് വിസര്‍ജനം നടത്തിയെന്നാരോപിച്ച് ദലിത് കുട്ടികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളായിരുന്നു കൊല്ലപ്പെട്ടത്.
പൊതുനിരത്തില്‍ വിസര്‍ജനം നടത്താത്ത സ്ഥലങ്ങളായി കഴിഞ്ഞ കൊല്ലം സര്‍ക്കാര്‍ പ്രഖ്യാപിച്ച ജില്ലകളാണ് ശിവപുരിയും സാഗറുമെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൊല്ലപ്പെട്ട ഒന്നരവയസുകാരന്റെ കുടുംബത്തിന് സ്വന്തമായി ശൗചാലയമില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് ലഭിച്ച അതേ ദിവസമായിരുന്നു ദളിത് കുട്ടികള്‍ പൊതുനിരത്തില്‍ വിസര്‍ജനം നടത്തിയെന്നാരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.