സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ല; വിചാരണക്കോടതി പറയട്ടെയെന്ന് സുപ്രീം കോടതി
Daily News
സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ല; വിചാരണക്കോടതി പറയട്ടെയെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th January 2022, 3:44 pm

ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുക്കട്ടെയെന്നാണ് ജസ്റ്റിസ് എ.എന്‍ ഖാല്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.

വിചാരണക്കോടതിക്ക് ആവശ്യമുണ്ടെങ്കില്‍ വിചാരണ സമയം നീട്ടാന്‍ ആവശ്യപ്പെട്ട് സമീപിക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. വിചാരണ സമയം നീട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വിചാരണക്കോടതി ജഡ്ജിക്ക് വിവേചനാധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

ജഡ്ജിയില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടും. കേസിന്റെ അന്വേഷണ പുരോഗതിയും നിലവിലെ നടപടിയും ഉള്‍ക്കൊള്ളിച്ച് റിപ്പോര്‍ട്ട് നല്‍കണം.

സത്യസന്ധമായ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ കോടതിയുടെ ഭാഗത്ത് നിന്നും അത്തരം നടപടികളുണ്ടാകണമെന്നും പറഞ്ഞു.

വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ ദിലീപിന്റെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോവാനും മാധ്യമ വിചാരണ നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. വിചാരണ സമയം നീട്ടണമെങ്കില്‍ വിചാരണക്കോടതി ജഡ്ജി തീരുമാനിക്കട്ടെയെന്നും റോത്തഗി വാദിച്ചു.

202 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷം പെട്ടെന്നു സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്ന് റോത്തഗി പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അദ്ദേഹത്തെ വിസ്തരിക്കട്ടെയെന്നും റോത്തഗി പറഞ്ഞു.

വിചാരണക്കോടതിയെ സമീപിക്കുമ്പോള്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശിക്കുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ലെന്നും ജഡ്ജി ആവശ്യപ്പെട്ടാല്‍ തീരുമാനിക്കാമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പ്രതികരിച്ചു.

വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റുവാനാണെന്നു ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണ്. ഇനി തുടരന്വേഷണം ആവശ്യമില്ല. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടകക്കെടുത്ത സാക്ഷിയാണ്. എത്രയും വേഗം കേസില്‍ വിധി പറയുകയാണ് വേണ്ടതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം