നിമിഷ ടോം
നിമിഷ ടോം
Labour Right
കരിമ്പിന്‍ ജ്യൂസ് മെഷീനില്‍ വലംകൈ ചതഞ്ഞരഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി; ചികിത്സ നിഷേധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്
നിമിഷ ടോം
Tuesday 9th January 2018 8:21pm

ജ്യൂസ് മെഷീനിനുള്ളില്‍ കൈ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ ഇതരസംസ്ഥാനത്തൊഴിലാളിയ്ക്ക് ചികിത്സ നിഷേധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്. തോളെല്ലിന് ഗുരുതര പരിക്കുമായി എത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയായ വജീറിനെ അഡ്മിറ്റ് ചെയ്തിട്ടും ചികിത്സിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മറ്റ് രോഗികളെ ചികിത്സിച്ച ശേഷം ഓപ്പറേഷന്‍ ചെയ്യാമെന്ന് പറഞ്ഞ് നാല് ദിവസം ഇയാളുടെ ചികിത്സ വൈകിപ്പിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.

ആശുപത്രിയില്‍ കിടക്കുന്ന വജീറിന്റെ അശ്രദ്ധമായി കെട്ടിയിരിക്കുന്ന മുറിവില്‍ക്കൂടി തോളെല്ല് തെളിഞ്ഞ് കാണാം. മുറിവില്‍ നിന്നും അപ്പോഴും വെള്ളമൊലിക്കുന്നുണ്ടായിരുന്നു. തോളില്‍ നിന്ന് ഒടിഞ്ഞ് തൂങ്ങിയ വലത് കൈ. ചോര കിനിഞ്ഞിറങ്ങിയ പാടുകള്‍. വെറുതെ കെട്ടിവച്ചിരിക്കുന്ന തുണിയ്ക്കകത്ത് രക്തം കട്ട പിടിച്ചിരിക്കുന്നു. വജീര്‍ വേദന കടിച്ചമര്‍ത്തുന്നുണ്ടായിരുന്നു. ഉത്തര്‍ പ്രദേശിലെ ലക്നൗ സ്വദേശിയായ വജീറിന്റെ കൈയ്ക്ക് ജോലിക്കിടെയാണ് പരിക്കേല്‍ക്കുന്നത്. സഹോദരന്റെ കരിമ്പിന്‍ ജ്യൂസ് മെഷീനില്‍ കൈ കുടുങ്ങിയായിരുന്നു അപകടം.

‘വജീര്‍ തിരിഞ്ഞ് നിന്ന് ജ്യൂസ് കുടിക്കുകയായിരുന്നു. ഇട്ടിരുന്ന ജുബ്ബയാണ് ആദ്യം മെഷീനില്‍ കുടുങ്ങിയത്. കറങ്ങുന്ന യന്ത്രമല്ലേ. പെട്ടെന്ന് കൈയ്യടക്കം മെഷീനിലേക്ക് കുടുങ്ങി. തൊലിയും മാംസവുമെല്ലാം അടര്‍ന്നുപോയി. മൊത്തം ചോരയില്‍ കുളിച്ചു’. സംഭവം കണ്ട് നിന്ന വജീറിന്റെ സഹോദരന്റെ ഭാര്യ താഹിറ പാതി മലയാളത്തില്‍ പറയുന്നു. ജനുവരി നാലാം തിയ്യതി വൈകുന്നേരം മൂന്ന് മണിയോടെ മൂവാറ്റുപുഴയില്‍ വച്ചായിരുന്നു അപകടം.

വജീര്‍ ആശുപത്രിയില്‍

 

അപകടം സംഭവിച്ച തല്‍ക്ഷണം വജീറിനേയും എടുത്ത് കോട്ടയത്തെ ആശുപത്രികളില്‍ കൂടി നടത്തിയ യാത്രയെക്കുറിച്ച് താഹിറ വിവരിക്കുന്നു. ‘ ആദ്യം ഞങ്ങള്‍ മൂവാറ്റുപുഴയിലെ നിര്‍മ്മല മെഡിക്കല്‍ സെന്ററിലേക്കാണ് പോയത്. അവിടെ നിന്ന് മുറിവ് ഡ്രസ്സ് ചെയ്തു. അവര്‍ അവിടെ നിന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സില്‍ പറഞ്ഞുവിട്ടു.’ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച വജീറിനെ അഡ്മിറ്റ് ചെയ്യാനോ ചികിത്സിക്കാനോ അധികൃതര്‍ തയ്യാറായില്ല. മൂന്ന് ലക്ഷം രൂപയുടെ ചെലവ് വരുമെന്നും അമ്പതിനായിരം രൂപ മുന്‍കൂറായി കെട്ടിവെച്ചാല്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയൂ എന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് താഹിറ പറയുന്നു.

കോലഞ്ചരി മെഡിക്കല്‍ കോളേജില്‍ നിന്നുണ്ടായ അനുഭവത്തെ താഹിറ വിശദീകരിക്കുന്നത് ഇങ്ങനെ: ‘ജ്യൂസ് ഉണ്ടാക്കി വില്‍ക്കുന്നതാണ് ആകെയുള്ള വരുമാനം. ഇത് ഞങ്ങള്‍ അവരോട് ആവര്‍ത്തിച്ച് പറഞ്ഞതാണ്. എന്നിട്ടും അവര്‍ ചികിത്സിക്കാന്‍ തയ്യാറായില്ല. കാശില്ലാതെ അഡ്മിറ്റ് ചെയ്യില്ലെന്ന് തന്നെ പറഞ്ഞു’.

‘ അപ്പോഴേക്കും എനിക്ക് വേദന സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. കൈ തകര്‍ന്നുപോകുന്നതുപോലെ വേദന. ചോരയും. ആകെ പേടിച്ചു’. വജീര്‍ പറയുന്നു.

തുടര്‍ന്നാണ് ഇവര്‍ രാത്രി എട്ടുമണിയോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിനെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞിരുന്നതെന്നും നല്ല ചികിത്സ കിട്ടുമെന്ന് വിശ്വസിച്ചിരുന്നെന്നും വജീര്‍ പറഞ്ഞു. എന്നാല്‍ അവിടെ നിന്നും വജീര്‍ നേരിട്ടത് തീര്‍ത്തും വിപരീതമായ അനുഭവമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വജീറിനെ രാത്രി അഡ്മിറ്റ് ചെയ്തു.

മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടും ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ അലംഭാവം കാണിക്കുകയായിരുന്നെന്ന് താഹിറ പറയുന്നു. ‘ഗ്ലൂക്കോസ് അടങ്ങുന്ന മരുന്ന് ഡ്രിപ്പായി കുത്തിവച്ചു. ഓപ്പറേഷന്‍ ചെയ്യാമെന്ന് പറഞ്ഞു. പിന്നെ ആരും വന്ന് നോക്കീട്ടില്ല.’ വജീറിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായി വരികയായിരുന്നു. സംഭവമറിഞ്ഞ് വജീറിന്റെ അനിയന്‍ മുഹമ്മദ് ഷക്കീല്‍ മുംബൈയില്‍ നിന്നും കോട്ടയത്ത് എത്തി. ഷക്കീലിന് മലയാളം തീരെ അറിയില്ല. ഷക്കീലിനോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതും ആശുപത്രിയിലെ ആവശ്യങ്ങള്‍ ചെയ്യുന്നതുമെല്ലാം താഹിറയാണ്. അപ്പോഴേക്കും സംഭവം അറിഞ്ഞ് മലയാളികളില്‍ ചിലര്‍ എത്തിയെന്ന് താഹിറ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത് ആദ്യ ദിവസം കഴിഞ്ഞിട്ടും വജീറിന്റെ ഓപ്പറേഷന്റെ കാര്യത്തില്‍ തീരുമാനമായില്ല. പിറ്റേന്നായപ്പോഴേക്കും മൂത്രം പുറത്തേക്ക് പോകുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി. രക്തം ഒലിച്ചിറങ്ങുന്നുമുണ്ടായിരുന്നു. തുടര്‍ന്ന് മൂത്രം പോകാന്‍ ട്യൂബിട്ടു. അഞ്ചാം തിയ്യതിയും ഓപ്പറേഷന്‍ നടന്നില്ല. നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ നിന്നും ആദ്യ ദിവസം ഡ്രസ്സ് ചെയ്തതല്ലാതെ പിന്നീട് മുറിവ് വൃത്തിയാക്കുകയോ ഡ്രസ്സ് ചെയ്തിരുന്ന തുണി മാറ്റാനോ തയ്യാറായില്ലെന്ന് താഹിറ ആരോപിക്കുന്നു.

‘രണ്ടാമത്തെ ദിവസമായപ്പോഴേക്കും മുറിവില്‍ നിന്നും ദുസ്സഹമായ മണം വരാന്‍ തുടങ്ങി. ചോരയും മുറിവില്‍ത്തന്നെ കട്ടപിടിച്ചു. മുറിവില്‍ നിന്നും വെള്ളമൊലിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പേടിയായിത്തുടങ്ങി. ഇടയ്ക്ക് വന്നുനോക്കുന്ന ഡോക്ടര്‍മാര്‍ കൈ ഇനി പഴയ അവസ്ഥയിലാകാന്‍ സാധ്യതയില്ലെന്നായിരുന്നു പറയുന്നത്. ഇത് കൂടി കേട്ടപ്പോള്‍ പേടി കൂടി.’ താഹിറ പറയുമ്പോഴും കണ്ണില്‍ പേടിയുണ്ടായിരുന്നു.

‘ഡോക്ടര്‍മാരോട് ചെന്ന് ചോദിച്ചപ്പോള്‍ ചേട്ടനേക്കാള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഉണ്ടെന്നും ആദ്യം അവരുടെ ഓപ്പറേഷനാണ് നടത്തുക എന്നുമാണ് പറഞ്ഞത്. ചേട്ടന് ഒട്ടും വയ്യ, ഇപ്പോള്‍ത്തന്നെ ഇത്രയും വൈകിയെന്നൊക്കെ ഞങ്ങള്‍ പറഞ്ഞുനോക്കി. പക്ഷേ ആരും കേട്ടില്ല.’ അനിയന്‍ മുഹമ്മദ് ഷക്കീല്‍ പറയുന്നു. തുടര്‍ന്ന് ആശുപത്രിയിലെ മലയാളികളില്‍ ചിലര്‍ വജീറിന്റെ ദയനീയമായ അവസ്ഥ കണ്ട് മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാമിനെ വിവരം അറിയിക്കാന്‍ ബന്ധുക്കളോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇവര്‍ എം.എല്‍.എ യെ ഫോണില്‍ ബന്ധപ്പെടുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എം.എല്‍.എ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൂന്ന് തവണയോളം വിളിച്ച് ചികിത്സ ആവശ്യപ്പെട്ടിരുന്നെന്നാണ് താഹിറ പറയുന്നത്. എന്നിട്ടും അധികൃതര്‍ക്ക് ഇവരോടുള്ള സമീപനത്തില്‍ മാറ്റമൊന്നുമുണ്ടായില്ലെന്ന് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എം.എല്‍.എ. ഓഫീസ് ആശുപത്രിയിലേക്ക് വേണ്ടത്ര ഇടപെടല്‍ നടത്തിയിരുന്നെന്നും ഓപ്പറേഷന്‍ നടത്തുന്നതില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെന്നും എം.എല്‍.എ. എല്‍ദോ എബ്രഹാം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘ഗുരുതര പരിക്കുണ്ടെന്നാണ് ഓഫീസില്‍ നിന്ന് വിളിച്ച് അന്വേഷിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ജനുവരി ആറിന് രണ്ടാമതും ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. അപ്പോഴും ഓപ്പറേഷന് പ്രായോഗിക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്’. എം.എല്‍.എ. പറയുന്നു.

എന്നാല്‍, ആശുപത്രിയിലെത്തി മൂന്നാം ദിവസവും വജീറിന്റെ അവസ്ഥ പുരോഗതിയില്ലാതെ തുടര്‍ന്നു. കൂടാതെ ഓരോ ദിവസും ഓപ്പറേഷന്‍ ഉണ്ടാകും എന്ന് പറയുന്നതിനാല്‍ വജീറിന് ഭക്ഷണമോ വെള്ളമോ കൊടുക്കാന്‍ അനുവദിച്ചതുമില്ല. ഇതേ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി വഷളാകും എന്ന് മനസിലാക്കി. ഇവര്‍ ഏഴാം തിയ്യതി വജീറിനെ എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ നിന്നും അടിയന്തിരമായി ഓപ്പറേഷന്‍ നടത്തുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

Image result for എല്‍ദോ എബ്രഹാം എം.എല്‍.എ

എല്‍ദോ എബ്രഹാം എം.എല്‍.എ

വജീറിന് മുപ്പത്തിരണ്ട് വയസ്സാണ്. ലക്നൗവില്‍ ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ കാരണം രണ്ട് വര്‍ഷം മുമ്പ് കേരളത്തിലേക്ക് വണ്ടി കയറിയതാണ് വജീര്‍. കരിമ്പിന്‍ ജ്യൂസ് വില്‍പന തന്നെയാണ് ജോലി. ജ്യൂസ് വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിലൂടെ ചികിത്സയ്ക്ക് വേണ്ട പണം എങ്ങനെ കണ്ടെത്തുമെന്ന് വജീറിനോ ബന്ധുക്കള്‍ക്കോ അറിയില്ല. അടിയന്തിര ചികിത്സ കിട്ടാത്തതിനാല്‍ മുറിവ് വേണ്ട രീതിയില്‍ സുഖപ്പെടുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

ഇതര സംസ്ഥാനത്തൊഴിലാളികളെ അന്യരായി കാണുന്ന മലയാളിയുടെ മനോഭാവം കൊണ്ടാണ് വജീറിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍വരെ ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് ഇതര സംസ്ഥാനത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ നിയമപരമായ ഇടപെടല്‍ നടത്തുന്ന അഭിഭാഷകന്‍ ബോബി തോമസ് പറയുന്നു. ‘യഥാര്‍ത്ഥത്തില്‍ ഇത് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പല പദ്ധതികളും കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും ഏറ്റവും അടിസ്ഥാനപരമായി നല്‍കേണ്ട ചികിത്സ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. ഇത് ആദ്യമായിട്ടല്ല ഇതര സംസ്ഥാനതൊഴിലാളികളോട് ഇത്തരം സമീപനങ്ങള്‍ ഉണ്ടാകുന്നത്.’

അഡ്വ.ബോബി തോമസ്‌

പണമില്ലാത്തതിന്റെയും ഭാഷ വശമില്ലാത്തതിന്റെയും പേരില്‍ ഇതര സംസ്ഥാനത്തൊഴിലാളിക്ക് ചികിത്സ നിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് തികച്ചും നീതികേടാണെന്ന് എം.എല്‍.എ യും ആവര്‍ത്തിക്കുന്നു. ഗുരുതരമായി പരിക്കേല്‍ക്കുമ്പോള്‍ അടിയന്തിര ചികിത്സ ലഭിച്ചില്ലെങ്കില്‍ മുറിവ് ഗുരുതരമാകാനുള്ള ആശങ്കയും അദ്ദേഹം ഡൂള്‍ന്യൂസിനോട് പങ്കുവച്ചു.

എന്നാല്‍ ആശുപത്രിയില്‍ നിന്നും ചികിത്സ നിഷേധിച്ചു എന്ന ആരോപണത്തെ കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഉണ്ടായിരുന്നതിനാല്‍ ഓപ്പറേഷന്‍ മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് അധികൃതര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഏഴാം തിയ്യതി വൈകുന്നേരം വജീറിന്റെ ഓപ്പറേഷന്‍ നടത്താനിരുന്നതാണെന്നും എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം മാത്രമാണ് ഡിസ്ചാര്‍ജ്ജ് ചെയ്തതെന്നുമാണ് അധികൃതരുടെ വാദം.

‘പണമില്ലാത്തത് കൊണ്ട് മാത്രമാണ് ഇത്തരത്തില്‍ ദാരുണമായ ഒരു അവസ്ഥയില്‍ കഴിയുന്ന ഒരാള്‍ക്ക് ചികിത്സ നിഷേധിക്കുന്നത്. മനുഷ്യത്വമുണ്ടെങ്കില്‍ ഇത്രത്തോളം വലിയ അപകടം സംഭവിച്ച ഒരാളെ അവഗണിക്കാന്‍ കഴിയില്ല. ജോലി ആവശ്യത്തിനായി എത്തിയ തൊഴിലാളിയാണ് എന്ന പരിഗണന ഇവര്‍ക്ക് കിട്ടിയേ പറ്റൂ.’ അപകടവിവരം അറിഞ്ഞ് എത്തിയ എറണാകുളം ചക്കരപ്പരമ്പ് പള്ളിയിലെ ഉസ്താദ് ബിലാല്‍ പറയുന്നു.

നിമിഷ ടോം
Advertisement