ചരിത്രവും കഥകളും നിറഞ്ഞ റാണി പത്മാവതിയുടെ ചിത്തോര്‍ കോട്ട
Travel Diary
ചരിത്രവും കഥകളും നിറഞ്ഞ റാണി പത്മാവതിയുടെ ചിത്തോര്‍ കോട്ട
ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 11:16 pm

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ് ചിത്തോറിലെ റാണി പത്മാവതിയുടെ കൊട്ടാരം ഉള്‍പ്പെടുന്ന കോട്ട. 691 ഏക്കര്‍ സ്ഥലത്താണ് ഈ കോട്ട നില്‍ക്കുന്നത്. ഏഴാം നൂറ്റാണ്ടിന്റെ രാജകീയ പ്രൗഢിയില്‍ നിലനില്‍ക്കുന്ന കോട്ട സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമാണ്. ചരിത്ര ശേഷിപ്പുകള്‍ പേറിയാണ് ഇപ്പോഴും കോട്ടയും കോട്ടാരവും നിലനില്‍ക്കുന്നത്.

കോട്ടക്കുള്ളിലെ ക്ഷേത്രങ്ങളും കൊത്തുപണികളും ഇടനാഴികളും ആരെയും ആവേശം കൊള്ളിക്കും. അക്കാലത്ത് രാജാവും പടയാളികളും ഉപയോഗിച്ചിരുന്ന ആയുധങ്ങളും സഞ്ചാരികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അറുനൂറടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കോട്ട പടുത്തുയര്‍ത്തിയത് മൗര്യ സാമ്രാജ്യ ശില്‍പ്പികളാണ്. ബെരാച്ച് നദിക്കരയിലെ മലമുകളിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. രാജസ്ഥാന്റെ തെക്കു വശത്ത് ഉദയപൂരില്‍ നിന്നും രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോട്ടയിലെത്താം.


കോട്ടയ്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന പത്മാവതി റാണിയുടെ കൊട്ടാരവും അതിനോടു ചേര്‍ന്ന താമരക്കുളവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇതുകൂടാതെ ജൈന ക്ഷേത്രങ്ങള്‍, കൃഷ്ണ ക്ഷേത്രം, പത്മാവതി ആത്മാഹുതി നടത്തിയ സ്ഥലം എന്നിവ ഈ കൊട്ടാരത്തിനു ചുറ്റുമായി കോട്ടയ്ക്കകത്തുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ അലാവുദ്ദീന്‍ ഖില്ജിയാണ് കോട്ട ആദ്യമായി ആക്രമിച്ചത്. പിന്നീട് നിരവധി യുദ്ധങ്ങള്‍ക്ക് കോട്ട സാക്ഷ്യം വഹിച്ചു.

എ.ഡി 1540ല്‍ മാലിക് മുഹമ്മദ് ജയാസി എന്ന കവി എഴുതിയ കവിതയിലൂടെയാണ് റാണി പത്മാവതിയെ ലോകമറിയുന്നത്. ചിത്തോറിലെ രാജാവായിരുന്ന രത്തന്‍ സിംഗ് വായിച്ച കഥയില്‍ നിന്നാണ് സിംഹള രാജകുമാരിയായ പത്മാവതിയെ കുറിച്ചറിയുന്നത്. അസാമാന്യ സുന്ദരിയായിരുന്നു പത്മാവതി.


പിന്നീട് രത്തന്‍ സിംഗ് പത്മാവതിയെ സ്വന്തമാക്കി. പത്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ചറിഞ്ഞ അലാവുദ്ദീന്‍ ഖില്‍ജി ചിത്തോറിനെ ആക്രമിച്ചു. യുദ്ധത്തില്‍ രത്തന്‍ സിംഗ് കൊല്ലപ്പെട്ടു. ഖില്‍ജിക്ക് വഴങ്ങേണ്ടിവരുമെന്ന അവസ്ഥയില്‍ പത്മാവതി കോട്ടയ്ക്കുള്ളില്‍ അഗ്‌നിയൊരുക്കി ആത്മാഹുതി ചെയ്തു.

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. അടുത്തുള്ള വിമാനത്താവളം ദാബോക്ക് ചിത്തോറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ്. പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ ഗതാഗതമാണ് ഇവിടുത്തേത്. എപ്പോഴും ബസ് സര്‍വീസുമുണ്ട്.