കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ സ്ഥലം മാറ്റിയേക്കും
Daily News
കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ സ്ഥലം മാറ്റിയേക്കും
ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2014, 8:18 pm

 

 

[] ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ സ്ഥലം മാറ്റുമെന്ന് സൂചന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്കായിരിക്കും ഷീല ദീക്ഷിത്തിനെ സ്ഥലം മാറ്റുന്നത്. പ്രമുഖ നിയമ പണ്ഡിതനും മുന്‍ സോളിസിറ്റര്‍ ജനറലുമായ സോളി സൊറാബ്ജി കേരളത്തിന്റെ പുതിയ ഗവര്‍ണറായേക്കും.

യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നങ്കിലും ഷീല ഉള്‍പ്പെടെ ചിലര്‍ ഇതിനു തയ്യാറായിരുന്നില്ല. രാജി വയ്ക്കാതിരുന്ന ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍, ഗോവ ഗവര്‍ണര്‍ വാഞ്ചു എന്നിവരെ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തതോടെ എം.കെ. നാരായണന്‍ രാജി വെച്ചിരുന്നു.

കോമണ്‍വെല്‍ത്ത് അഴിമതിക്കേസ്, ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസ് എന്നിവയില്‍ സി.ബി.ഐ അന്വേഷണം നേരിടാനിരിക്കെയാണ് ഷീലാ ദീക്ഷിത്തിനെ സ്ഥലം മാറ്റുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. മിസോറാം ഗവര്‍ണറായ വക്കം പുരുഷോത്തമനെയും സ്ഥലം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സോളി സൊറാബ്ജിയോടൊപ്പം പ്രമുഖ ബി.ജെ.പി നേതാക്കളായ രാം നായിക്, ലാല്‍ജി ഠണ്ഡന്‍, കേസരി നാഥ് ത്രിപാഠി, കൈലാസ് ജോഷി, വി.കെ. മല്‍ഹോത്ര, ബാല്‍റാം ജി ദാസ് ഠണ്ഡന്‍ എന്നിവരെയും കേരള ഗവര്‍ണറായി പരിഗണിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ കര്‍ണാടക ഗവര്‍ണറായേക്കും.