എഡിറ്റര്‍
എഡിറ്റര്‍
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്: സെന്‍കുമാറിനെ മാറ്റിയതില്‍ സര്‍ക്കാറിന് സൂപ്രിംകോടതിയുടെ വിമര്‍ശനം
എഡിറ്റര്‍
Monday 6th March 2017 3:14pm

ന്യൂദല്‍ഹി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി.സെന്‍കുമാറിനെ നീക്കിയതിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തി താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് മദന്‍ ബി. ലൊക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്. ഇങ്ങനെ നടപടിയെടുത്താല്‍ പൊലീസില്‍ ആരും കാണില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഈ മാസം 27നകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയതെന്നാരോപിച്ചായിരുന്നു സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. സി.പി.ഐ.എമ്മിനെതിരെ ആരോപണമുയര്‍ന്നിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നിവയുടെ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചതാണ് തനിക്കെതിരായ പകപോക്കലിന് കാരണമെന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ഉയര്‍ത്തിയ ആരോപണം.

എന്നാല്‍ ഇതൊരു സാധാരണ നടപടി ക്രമം മാത്രമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ട്, ജിഷ വധക്കേസ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ സെന്‍കുമാറിന് വീഴ്ചപറ്റിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടെന്നും ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കി.

ഈ വേളയിലാണ് മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതെന്ന് കോടതി ചോദിച്ചത്.

Advertisement