എഡിറ്റര്‍
എഡിറ്റര്‍
വിവാദ അഭിമുഖം: സെന്‍കുമാറിനെ പ്രതിയാക്കിയതില്‍ അത്ഭുതം പ്രകടിപ്പിച്ച് കോടതി
എഡിറ്റര്‍
Saturday 23rd September 2017 1:57pm

കൊച്ചി: വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തതില്‍ അത്ഭുതം പ്രകടിപ്പിച്ച് കോടതി. വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കുന്നതിനെതിരെ ചുമത്തുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ) സെന്‍കുമാറിനെതിരെ നിലനില്‍ക്കുമോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.

സെന്‍കുമാര്‍ ചില അഭിപ്രായ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത് നിലനില്‍ക്കുമോയെന്നുമാണ് കോടതി സംശയം പ്രകടിപ്പിച്ചത്.

ടി.പി സെന്‍കുമാര്‍ വിരമിച്ചതിനു പിന്നാലെ ജൂലൈ എട്ടിന് സമകാലിക മലയാളം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ടി.പി സെന്‍കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദമായത്.


Also Read: ‘ഞങ്ങള്‍ വോട്ടിനുവേണ്ടിയല്ല ഭരിക്കുന്നത്’ മോഹന വാഗ്ദാനങ്ങളുമായി മോദി വീണ്ടും


കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്ലിം കുട്ടികളാണെന്നായിരുന്നു അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്. സംസ്ഥാനത്ത് മുസ്‌ലീങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്‌ലീമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലീമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നതെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്.

സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്നതാണെന്ന് ആരോപിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഉള്‍പ്പെടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസെടുത്തത്.

അതിനിടെ, സെന്‍കുമാറിന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട കേസില്‍ മലയാളം വാരിക പത്രാധിപരെയും ലേഖകനെയും പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതിയാക്കാനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ പത്രാധിപര്‍ സജി ജെയിംസും സീനിയര്‍ കറസ്പോണ്ടന്റ് പി എസ് റംഷാദും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതോടെ ഹൈക്കോടതി തീര്‍പ്പാക്കി. അതേസമയം, അഭിമുഖവുമായി ബന്ധപ്പെട്ട് പൊലീസ് നിര്‍ദേശപ്രകാരം റംഷാദ് അന്വേഷണ ഉദ്യോഗസ്ഥനു കൈമാറിയ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവയുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

Advertisement