എഡിറ്റര്‍
എഡിറ്റര്‍
ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ക്ക് എന്‍.സി.പിയുടെ അടുത്ത മന്ത്രിസ്ഥാനമെന്ന് ടി.പി പീതാംബരന്‍
എഡിറ്റര്‍
Wednesday 15th November 2017 5:04pm


തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയും രാജിവെച്ചതോടെ എന്‍.സി.പിയുടെ അടുത്ത മന്ത്രി ആരായിരിക്കും എന്നതില്‍ തീരുമാനവുമായി എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍. പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരും അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ആദ്യം കുറ്റവിമുക്തനാവുന്നയാള്‍ അടുത്ത മന്ത്രിയാകുമെന്ന് തിരുവനന്തപുരത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.


Also Read: തനിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ തെറ്റുകളേറെ;മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും തോമസ് ചാണ്ടി


ആദ്യം ആരു കുറ്റവിമുക്തനായി വരുന്നുവോ അയാളായിരിക്കും അടുത്ത മന്ത്രിയെന്നും രണ്ടുപേരെയും ഒരുമിച്ചു കോടതി കുറ്റവിമുക്തനാക്കിയാല്‍ എ.കെ. ശശീന്ദ്രനാകും എന്‍.സി.പിയുടെ അടുത്ത മന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകും. അത് ശശീന്ദ്രനായാലും താനായാലും എന്നായിരുന്നു തോമസ് ചാണ്ടിയുടെയും പ്രതികരണം.

തോമസ് ചാണ്ടി കുറ്റം ചെയ്തോ ഇല്ലയോ എന്ന വിധിയല്ല കോടതി പ്രഖ്യാപിച്ചത്. മന്ത്രിസഭയില്‍ അംഗമായിരിക്കെ സര്‍ക്കാരിന്റെ ഒരു റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നതിലുള്ള അനൗചിത്യമാണു കോടതി ചൂണ്ടിക്കാട്ടിയത്. റിപ്പോര്‍ട്ടില്‍ നിന്നും തന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 15 ദിവസത്തിനകം കലക്ടറെ കണ്ട് അപേക്ഷ നല്‍കാമെന്ന് കോടതി വ്യക്തമാക്കിയതായിയതായും ടി.പി. പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.ഐയുടെ സമ്മര്‍ദ്ദം മൂലമല്ല മറിച്ച് മുഖ്യമന്ത്രിയുടെ തീരുമാനത്തിലാണ് രാജി. ആരോപണം നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിയെ പിന്‍വലിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണെന്നും രാജിക്കത്തില്‍ ഉപാധികളൊന്നും വച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Dont Miss: രാമക്ഷേത്രം ഇന്ത്യയ്ക്ക് അനിവാര്യം; ശ്രീരാമനില്ലാതെ ഇന്ത്യ പൂര്‍ത്തിയാവില്ലെന്ന് യോഗി ആദിത്യനാഥ്


അതേസമയം തോമസ് ചാണ്ടിയുടെ നിരപരാധിത്വത്തില്‍ മുഖ്യമന്ത്രിക്കു സംശയമില്ലെന്നും എല്‍.ഡി.എഫിന്റെ പ്രതിച്ഛായയെ ബാധിക്കാതിരിക്കാനാണു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി പരാമര്‍ശം മുന്നണിക്കും സര്‍ക്കാരിനും പ്രശ്നമുണ്ടാക്കിയ സാഹചര്യത്തില്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിലപാട് അനുസരിക്കാന്‍ കേന്ദ്ര നേതൃത്വവും ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പിയുടെ മന്ത്രിയെത്തുന്നതുവരെ ഗതാഗത വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യും.

Advertisement