എമ്പുരാന്‍ അപ്‌ഡേറ്റ്‌സ്; അങ്ങനെയൊരു പ്ലാന്‍ ആ സിനിമക്ക് ഉള്ളതാണ്: ടൊവിനോ തോമസ്
Film News
എമ്പുരാന്‍ അപ്‌ഡേറ്റ്‌സ്; അങ്ങനെയൊരു പ്ലാന്‍ ആ സിനിമക്ക് ഉള്ളതാണ്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th November 2023, 10:17 am

എമ്പുരാന്‍ സിനിമയുടെ അപ്‌ഡേറ്റ്‌സുകള്‍ സമയാസമയങ്ങളില്‍ തങ്ങളുടെ എല്ലാവരുടെയും ഇന്‍സ്റ്റഗ്രാമിലൂടെയോ മറ്റു സമൂഹ മാധ്യമങ്ങളിലൂടെയോ പുറത്ത് വിടുമെന്ന് ടൊവിനോ തോമസ്. ആ സിനിമ കാണും മുമ്പ് പ്രേക്ഷകര്‍ അറിയേണ്ടതെല്ലാം ഉറപ്പായിട്ടും അറിഞ്ഞിരിക്കുമെന്നും താരം പറയുന്നു.

സിനിമ വരും മുമ്പ് സിനിമയില്‍ വരാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ അറിയുന്നത് പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാലാണ് ചില കാര്യങ്ങള്‍ മറച്ചുവെക്കുന്നതെന്നും ടൊവിനോ പറയുന്നുണ്ട്.

പുതിയ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിനിടയില്‍ എമ്പുരാനില്‍ ജതിന്‍ രാംദാസിന്റെ തുടര്‍ച്ച കാണാന്‍ കഴിയുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടൊവിനോ തോമസ്.

‘തീര്‍ച്ചയായിട്ടും എമ്പുരാനില്‍ ജതിന്‍ രാംദാസിന്റെ തുടര്‍ച്ച കാണാന്‍ കഴിയുമായിരിക്കും. അങ്ങനെയാണ് ഇതുവരെ കിട്ടിയിട്ടുള്ള റിപ്പോര്‍ട്ട്‌സ്. അയ്യടാ, എന്നോട് ഓരോന്ന് ചോദിച്ചിട്ട് പറയിപ്പിക്കാനല്ലേ. (ചിരി)

ആ സിനിമയുടെ കറക്ട് അപ്‌ഡേറ്റ്‌സ് സമയാസമയങ്ങളില്‍ ഞങ്ങളുടെ എല്ലാവരുടെയും ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അകൗണ്ടിലൂടെ വരും. അങ്ങനെയൊരു പ്ലാന്‍ ആ സിനിമക്ക് ഉള്ളതാണ്. അതങ്ങനെ തന്നെ പോകട്ടെ.

കറക്ടായിട്ട് ആ സിനിമ കാണും മുമ്പ് നിങ്ങള്‍ അറിയേണ്ടതെല്ലാം ഉറപ്പായിട്ടും നിങ്ങള്‍ അറിഞ്ഞിരിക്കും. പിന്നെ അതിന് മുമ്പ് അറിഞ്ഞിട്ട് എന്തിനാണ്. അത് നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കും. അതിന്റെ ആവശ്യമില്ലല്ലോ.

ആ സിനിമ കാണുമ്പോള്‍ എന്താണ് ആ സിനിമയില്‍ സംഭവിക്കുന്നതെന്ന് അറിയാതെ കണ്ടുകഴിഞ്ഞാല്‍ കുറച്ചുകൂടെ നന്നാവും. നിങ്ങളുടെ ആസ്വാദനത്തിന് വേണ്ടിയാണ് ഞങ്ങള്‍ ഇതിങ്ങനെ മറച്ചുവെക്കുന്നത്. പിന്നെ സിനിമയെ പറ്റി കുത്തികുത്തി ചോദിക്കുന്നത് എന്തിനാണ്,’ ടൊവിനോ തോമസ് പറയുന്നു.

അതേസമയം ടൊവിനോ തോമസ് നായകനാവുന്ന പുതിയ സിനിമയാണ് അദൃശ്യ ജാലകങ്ങള്‍. സിനിമയുടെ ട്രെയ്ലര്‍ ഈയടുത്തായിരുന്നു പുറത്തു വന്നത്. ചിത്രം എസ്റ്റോണിയയിലെ 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (ജഛഎഎ) മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നു.

ഇതിന്റെ ഭാഗമായി ഫെസ്റ്റിവലിന്റെ ഔദ്യോഗിക ചാനലിലൂടെയായിരുന്നു ട്രെയ്ലര്‍ പുറത്ത് വിട്ടിരുന്നത്. ടാലിന്‍ ബ്ലാക്ക് നൈറ്റ്സ് ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും ഈ ടൊവിനോ തോമസ് ചിത്രത്തിനുണ്ട്.

ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങള്‍. ഇന്ദ്രന്‍സും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Tovino Thomas Talks About Empuraan movie Updates