'മിന്നല്‍ മുരളിയില്‍ സല്‍മാന്‍ ഖാന്‍ കാമിയോ റോളില്‍?'; ടൊവിനോയുടെ പുതിയ ഫോട്ടോയ്ക്ക് പിന്നാലെ ആകാംക്ഷയോടെ ആരാധകര്‍
Entertainment news
'മിന്നല്‍ മുരളിയില്‍ സല്‍മാന്‍ ഖാന്‍ കാമിയോ റോളില്‍?'; ടൊവിനോയുടെ പുതിയ ഫോട്ടോയ്ക്ക് പിന്നാലെ ആകാംക്ഷയോടെ ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th November 2021, 12:59 pm

സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളി. ചിത്രത്തിന്റെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളും എല്ലാം തന്നെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

ഇപ്പോള്‍ ടൊവിനോ പങ്കുവെച്ച പുതിയ ഫോട്ടോ കണ്ട് ത്രില്ലിലാണ് ആരാധകര്‍. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനോടൊപ്പമുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചരിക്കുന്നത്.

‘ഞാനെന്റെ സിനിമാ കരിയര്‍ തുടങ്ങും മുന്‍പേ നിങ്ങളായിരുന്നു ബോഡിബില്‍ഡിംഗില്‍ എനിക്ക് പ്രചോദനമായത്. ഇന്ത്യയിലെ തിരക്കേറിയ താരമായിട്ടും നിങ്ങളെങ്ങനെയാണ് ഈ ഫിസീക്ക് നിലനിര്‍ത്തുന്നത് എന്ന കാര്യത്തില്‍ എനിക്കിപ്പോഴും അത്ഭുതമാണ്. താങ്കളുടെ വിനയവും എന്നും എനിക്കൊരു പ്രചോദനമാണ്. താങ്കള്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷിക്കുന്നു,’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിട്ടുള്ളത്.

ചിത്രത്തിന് പിന്നാലെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്. എല്ലാവര്‍ക്കുമറിയേണ്ടത് മിന്നല്‍ മുരളിയില്‍ സല്ലുഭായിയുടെ ഗസ്റ്റ് റോള്‍ ഉണ്ടോ എന്നു തന്നെയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പേ ടൊവിനോയും മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫും ക്രിക്കറ്റ് ഐക്കണ്‍ യുവരാജിനൊപ്പമുള്ള ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പ്രൊമോ ഷൂട്ട് ചെയ്യുന്നതിനായി മുംബൈയിലെത്തിയപ്പോഴാണ് ഇരുവരും യുവിക്കൊപ്പം ചിത്രമെടുത്തത്.

മലയാളത്തിലെ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

ഡിസംബര്‍ 24നാണ് ചിത്രം നെറ്റ്ഫ്ളിക്സിലൂടെ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയ്ലറിനും മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Tovino Thomas shares new photo with Salman Khan