കുറച്ച് നാളത്തേക്ക് ചെയ്യാനുള്ള പടങ്ങള്‍ കയ്യിലുണ്ട്; അതിനൊപ്പം ഇരട്ടി സന്തോഷം നല്‍കുന്ന കാര്യമാണിത്: ടൊവിനോ തോമസ്
Entertainment
കുറച്ച് നാളത്തേക്ക് ചെയ്യാനുള്ള പടങ്ങള്‍ കയ്യിലുണ്ട്; അതിനൊപ്പം ഇരട്ടി സന്തോഷം നല്‍കുന്ന കാര്യമാണിത്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 2:35 pm

2022ലെ സൈമ അവാര്‍ഡ്‌സില്‍ മലയാള സിനിമയിലെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. കള, മിന്നല്‍ മുരളി എന്നീ സിനിമകളിലെ പ്രകടനമാണ് ടൊവിനോയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

അവാര്‍ഡ് സ്വീകരിച്ച ശേഷം സിനിമയിലെ തന്റെ സ്വപ്‌നങ്ങളെ കുറിച്ച് താരം സംസാരിച്ചിരുന്നു. വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ സിനിമയില്‍ എന്തൊക്കെയാണ് പ്ലാന്‍ ചെയ്യുന്നതെന്ന അവതാരകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടൊവിനോ.

‘അങ്ങനെയൊന്നുമില്ല. വരുന്ന പോലെ വരട്ടെ. 2021ല്‍ കാണെക്കാണെ, കള, മിന്നല്‍ മുരളി എന്നീ സിനിമകളിലായി മൂന്ന് വ്യത്യസ്തമായ വേഷങ്ങള്‍ എനിക്ക് ചെയ്യാനായി. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. അങ്ങനെ കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.

കുറച്ച് നാളത്തേക്ക് കമ്മിറ്റ് ചെയ്ത് വെച്ച സിനിമകളൊക്കെയുണ്ട്. അങ്ങനെ പറയാന്‍ പറ്റുന്നത് നടനെന്ന നിലയില്‍ ഒരുപാട് സന്തോഷം നല്‍കുന്ന കാര്യമാണ്. അതിന്റെ കൂടെ ഇരട്ടി സന്തോഷമാണ് ഇതുപോലെയുള്ള അംഗീകാരങ്ങള്‍ ലഭിക്കുന്നത്. കാരണം ഇത് ജനങ്ങള്‍ നല്‍കുന്ന അവാര്‍ഡാണ്. ആളുകള്‍ നമുക്ക് വേണ്ടി വോട്ട് ചെയ്യുന്നുണ്ട്.

സൈമയാണ് നല്‍കുന്നതെങ്കിലും, സൈമയിലൂടെ ജനങ്ങള്‍ നല്‍കുന്ന അവാര്‍ഡായാണ് ഞാന്‍ ഇതിനെ കാണുന്നത്. അതുകൊണ്ട് ഇത് വളരെ മൂല്യമേറിയതാണ്. ഈ അവാര്‍ഡ് നല്‍കുന്ന പ്രോത്സാഹനവും വലുതാണ്.

ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാനും, നല്ല പെര്‍ഫോമന്‍സിലൂടെ വീണ്ടും ഈ വേദിയിലേക്ക് വരാന്‍ സാധിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ ടൊവിനോ പറഞ്ഞു.

2021 മാത്രമല്ല, 2022ഉം ടൊവിനോക്ക് മികച്ച വേഷങ്ങളും വിജയങ്ങളുമാണ് സമ്മാനിച്ചത്. തല്ലുമാലയിലൂടെ തിയേറ്ററില്‍ തകര്‍പ്പന്‍ വിജയമാണ് ടൊവിനോ നേടിയത്. ഡിയര്‍ ഫ്രണ്ട് കളക്ഷന്‍ റെക്കോഡില്‍ പിന്നോട്ട് പോയെങ്കിലും ഒ.ടി.ടി റിലീസിന് പിന്നാലെ ടൊവിനോയുടെ പെര്‍ഫോമന്‍സും സിനിമയുടെ പ്രമേയവും ഏറെ ചര്‍ച്ചയായിരുന്നു.

ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന നീലവെളിച്ചം, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളുടെ വര്‍ക്കുകളാണ് ഇപ്പോള്‍ നടക്കുന്നത്.

Content Highlight: Tovino Thomas shares his plan for the coming years in SIIMA Awards 2022