കിടിലന്‍ ആക്ഷനുമായി ടൊവിനോ തോമസിന്റെ കുപ്രസിദ്ധ പയ്യന്‍ തിയേറ്ററുകളിലേക്ക്
Malayalam Cinema
കിടിലന്‍ ആക്ഷനുമായി ടൊവിനോ തോമസിന്റെ കുപ്രസിദ്ധ പയ്യന്‍ തിയേറ്ററുകളിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th November 2018, 5:45 pm

കോഴിക്കോട്: തീവണ്ടിക്ക് ശേഷം ടൊവിനോ തോമസ് നായകനാവുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. ടോവിനോ തോമസിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരിക്കും “ഒരു കുപ്രസിദ്ധ പയ്യന്‍” എന്നാണ് വിലയിരുത്തുന്നത്.

തലപ്പാവ്, ഒഴിമുറി എന്ന ആദ്യ രണ്ടു ചിത്രങ്ങള്‍ക്ക് ശേഷം മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുമ്പ് ഇറങ്ങിയ രണ്ട് സിനിമകളില്‍ നിന്നും വ്യത്യസ്തമായി ആക്ഷനും റോമാന്‍സിനും പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒരു നാട്ടിന്‍പുറവും അവിടെ യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളുമായി പുരോഗമിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്മയത്വത്തോടെ ചെയ്യാനുള്ള ടോവിനോയുടെ കഴിവിനേയും പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യയുടെ പീറ്റര്‍ ഹെയ്ന്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖരനും മലയാളത്തിന്റെ സ്വന്തം മാഫിയ ശശിയുമാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ഒരു പോത്തുമായി ടോവിനോയുടെ ഫൈറ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് പൂര്‍ത്തിയാക്കിയ ആ രംഗം അണിയറപ്രവര്‍ത്തകരുടെ മുക്തകണ്ഠമായ പ്രശംസ ടോവിനോയ്ക്ക് നേടിക്കൊടുത്തിരുന്നു. മറ്റൊരു സംഘട്ടന രംഗം ചിത്രീകരിക്കാന്‍ മുപ്പത് മിനിറ്റുകളോളമാണ് ടോവിനോ തലകീഴായി തൂങ്ങി കിടന്നത്. ചിത്രത്തിന് വേണ്ടി ടോവിനോ എടുത്ത ശ്രമങ്ങളെ സംവിധായകന്‍ മധുപാലും വളരെയധികം പ്രശംസിക്കുകയുണ്ടായി. ആ രംഗങ്ങളുടെ തീവ്രത തിയേറ്റര്‍ സ്‌ക്രീനില്‍ തന്നെ കാണുമ്പോഴാണ് അതിന്റെ പൂര്‍ണ്ണതയില്‍ ഉള്ള കാഴ്ച സാധ്യമാകുക എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

അനു സിതാരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തില്‍ നെടുമുടി വേണു, സിദ്ദിഖ്, അലന്‍സിയര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. നാവാഗതനായ ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ.