മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമല്ല മിന്നല്‍ മുരളി; മുന്‍ സൂപ്പര്‍ഹീറോ ചിത്രങ്ങളെ കുറിച്ച് പറഞ്ഞ് ടൊവിനോ തോമസ്
Entertainment
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമല്ല മിന്നല്‍ മുരളി; മുന്‍ സൂപ്പര്‍ഹീറോ ചിത്രങ്ങളെ കുറിച്ച് പറഞ്ഞ് ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th July 2021, 12:03 pm

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍ മുരളിയെന്നാണ് ചിത്രത്തെ കുറിച്ച് പറയപ്പെടുന്നത്. എന്നാല്‍ ഈ വാദം ശരിയല്ലെന്ന് പറയുകയാണ് ടൊവിനോ തോമസ്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിലെ മുന്‍ സൂപ്പര്‍ഹീറോ ചിത്രങ്ങളെ കുറിച്ച് ടൊവിനോ തോമസ് സംസാരിക്കുന്നത്.

‘മലയാളത്തില്‍ സൂപ്പര്‍ഹീറോ സിനിമകള്‍ മുന്‍പും വന്നിട്ടുണ്ട്. സൂപ്പര്‍ നാച്ചുറല്‍ ശക്തികളുള്ള കഥാപാത്രങ്ങള്‍ വരുന്ന ചിത്രങ്ങളുണ്ട്. സൂപ്പര്‍ നാച്ചുറല്‍ മാത്രമല്ല, സൂപ്പര്‍ ഹീറോയായ കഥാപാത്രങ്ങള്‍ വരുന്ന ചിത്രങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്. ലിറ്റില്‍ സൂപ്പര്‍മാന്‍ പോലുള്ള ചിത്രങ്ങള്‍ ഇവിടെ നേരത്തെ വന്നിട്ടുണ്ട്.

അതുകൊണ്ട് തന്നെ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍ മുരളിയെന്ന അവകാശവാദമൊന്നും ഞങ്ങള്‍ക്കില്ല. ഇതൊരു നല്ല സിനിമയായിരിക്കും. നല്ല സൂപ്പര്‍ഹീറോ ചിത്രമായിരിക്കും,’ ടൊവിനോ തോമസ് പറഞ്ഞു.

ടീസറില്‍ കണ്ടതുപോലെ വേഗത്തില്‍ ഓടുക എന്നത് മാത്രമല്ല മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന്റെ സൂപ്പര്‍ പവറെന്നും മറ്റു പല കഴിവുകളുമുണ്ടെന്നും ടൊവിനോ പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ട സൂപ്പര്‍ഹീറോയെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സൂപ്പര്‍മാനെയാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് ടൊവിനോ പറയുന്നു.

‘ഹെന്റി കാവില്‍ അല്ല ആര് ചെയ്താലും സൂപ്പര്‍മാന്‍ എന്നു പറയുന്നത് ഭയങ്കര കഥാപാത്രമാണ്. ഞാന്‍ ആദ്യം കാണുന്നതും അറിയുന്നതുമൊക്കെ സൂപ്പര്‍മാന്‍ എന്ന സൂപ്പര്‍ഹീറോയെയാണ്. പിന്നെ എല്ലാ സൂപ്പര്‍ഹീറോസിനോടും ഇഷ്ടമുണ്ട്. സൂപ്പര്‍മാന്‍ കഴിഞ്ഞാല്‍ പിന്നെ അയേണ്‍ മാനോടാണ് ഇഷ്ടം തോന്നിയിട്ടുള്ളത്,’ ടൊവിനോ പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചിരുന്നു. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിംഗ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് പൊലീസ് ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചത്.

കുമാരമംഗലം പഞ്ചായത്തിലായിരുന്നു ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. അനുസരിച്ച് പഞ്ചായത്ത് ഡി കാറ്റഗറിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Tovino Thomas about Minnal Murali and other super hero movies in Malayalam