കാര്‍ത്തി ആ പറഞ്ഞതൊന്ന് സി.ഡിയിലാക്കി തരുമോ: ടൊവിനോ തോമസ്
Entertainment news
കാര്‍ത്തി ആ പറഞ്ഞതൊന്ന് സി.ഡിയിലാക്കി തരുമോ: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th August 2022, 12:19 pm

ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തല്ലുമാല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്.

തല്ലുമാലക്കൊപ്പം തന്നെ കേരളത്തില്‍ റിലീസ് ചെയ്ത കാര്‍ത്തി നായകനായ സിനിമയാണ് വിരുമാന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാര്‍ത്തി കേരളത്തില്‍ എത്തിയിരുന്നു.

മാതൃഭൂമിക്ക് പ്രൊമോഷന്‍ അഭിമുഖങ്ങള്‍ കൊടുത്തപ്പോള്‍ കാര്‍ത്തി തല്ലുമാലക്കും ടൊവിനോക്കും ആശംസകള്‍ അറിയിച്ചിരുന്നു.

മിന്നല്‍ മുരളിയുടെ ഹാങ്ങോവര്‍ ഇതുവരെ മാറിയിട്ടില്ല, തല്ലുമാലക്കും ടൊവിനോക്കും ആശംസകള്‍ എന്നായിരുന്നു കാര്‍ത്തി പറഞ്ഞത്.

കാര്‍ത്തി പറഞ്ഞ ഇക്കാര്യം അവതാരകന്‍ തല്ലുമാല പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ ടൊവിനോയോട് പറഞ്ഞപ്പോള്‍ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് ടൊവിനോ.

കാര്‍ത്തി പറഞ്ഞ കാര്യം സി.ഡിയില്‍ ആക്കി തരുമോ എന്നാണ് ടൊവിനോ മറുപടിയായി പറയുന്നത്. കൂടാതെ കാര്‍ത്തിയുടെ വിരുമാനും ടൊവിനോ ആശംസകള്‍ അറിയിച്ചു. കാര്‍ത്തി പ്രിയപ്പെട്ട സുഹൃത്താണെന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

‘കാര്‍ത്തി അങ്ങനെ പറഞ്ഞതില്‍ ഒരുപാട് സന്തോഷം. പരുത്തിവീരന്‍ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഒരുപാട് ഇഷ്ടപെട്ട നടനാണ് അദ്ദേഹം. ആ ചിത്രം മാത്രം മതിയല്ലോ കാര്‍ത്തി എന്ന നടനെ എന്നും ഓര്‍ത്തിരിക്കാന്‍, വിരുമാനും എല്ലാവിധ ആശംസകളും നേരുന്നു,’ ടൊവിനോ പറയുന്നു.

അതേസമയം തല്ലുമാല മികച്ച പ്രതികരണവുമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രം ഇതിനോടകം തന്നെ റെക്കോഡ് കളക്ഷന്‍ നേടി കഴിഞ്ഞു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിചിരിക്കുന്നത്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, അദ്രി ജോയ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Tovino Thomas about Actor Karthi