മിന്നല്‍ മുരളി സെറ്റിലെ ഫോട്ടോയെന്ന് കരുതിയെങ്കില്‍ തെറ്റി; മിന്നല്‍ മുരളി ടീം വീണ്ടും ഒന്നിക്കുന്നു
Movie Day
മിന്നല്‍ മുരളി സെറ്റിലെ ഫോട്ടോയെന്ന് കരുതിയെങ്കില്‍ തെറ്റി; മിന്നല്‍ മുരളി ടീം വീണ്ടും ഒന്നിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th January 2022, 11:18 pm

മിന്നല്‍ മുരളിയിലെ താരങ്ങളോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്. ബേസില്‍ ജോസഫിനും ഗുരു സോമസുന്ദരത്തിനും സമീര്‍ താഹിറിനുമൊപ്പമുള്ള ചിത്രമാണ് ടൊവിനോ പങ്കു വെച്ചിരിക്കുന്നത്.

മിന്നല്‍ മുരളി സെറ്റിലെ ഫോട്ടോയാണെന്ന് കരുതിയെങ്കില്‍ തെറ്റിയെന്നും മിന്നല്‍ മുരളിക്ക് ശേഷം ചെയ്ത ചിത്രത്തിന്റെ ബംഗ്‌ളൂരുവിലെ സെറ്റില്‍ വെച്ചെടുത്ത ഫോട്ടോയാണെന്നും ടൊവിനോ പറയുന്നു.

പുതിയ ചിത്രത്തില്‍ മിന്നല്‍ മുരളിയുടെ സിനിമാറ്റോഗ്രാഫറായിരുന്ന സമീര്‍ താഹിര്‍ പ്രൊഡ്യൂസര്‍ ആണെന്നും ബേസില്‍ സഹതാരമാണെന്നും ടൊവിനോ പറയുന്നു. ഗുരു സോമസുന്ദരം തങ്ങളെ സന്ദര്‍ശിക്കാനെത്തിയതാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ബോസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി കേരളത്തിന് പുറത്തേക്കും വലിയ വിജയമായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മിന്നല്‍ മുരളി റിലീസ് ചെയ്തിരുന്നു.

നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയായത്.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

മിന്നല്‍ മുരളി സെറ്റിലെ മറ്റൊരു ഫോട്ടോയെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് മിന്നല്‍ മുരളിക്ക് ശേഷം ഞാന്‍ ചെയ്ത ചിത്രത്തിന്റെ ബംഗ്‌ളൂരുവിലെ സെറ്റില്‍ വെച്ചെടുത്ത ചിത്രമാണ്.

ഈ ചിത്രത്തില്‍ മിന്നല്‍ മുരളിയിലെ സിനിമാറ്റോഗ്രാഫര്‍ പ്രൊഡ്യൂസറായി, മിന്നല്‍ മുരളിയുെട സംവിധായകന്റെ എന്റെ സഹതാരമായി, മിന്നല്‍ മുരളിയിലെ സഹതാരം ഞങ്ങളോടൊപ്പം ചില നിമിഷങ്ങള്‍ ചെലവിക്കാനെത്തിയതാണ്.

ആളുകള്‍ സിനിമ ചെയ്യുന്നത് ആസ്വദിക്കുമ്പോള്‍, ഇത് സംഭവിക്കുമെന്ന് ഞാന്‍ ഊഹിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tovino shares new photo with minnal murali team