എഡിറ്റര്‍
എഡിറ്റര്‍
പത്ത് കഥകളുമായി ഒറ്റ ഷോട്ടില്‍ ഒരു ചിത്രം; ടൂറിസ്റ്റ് ഹോം
എഡിറ്റര്‍
Tuesday 30th October 2012 3:17pm

മലയാള സിനിമയിലെ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല. പുതിയ പരീക്ഷണവുമായി എത്തുന്നത് യുവ സംവിധായകന്‍ ഷെബിയാണ്. തന്റെ പുതിയ ചിത്രമായ ടൂറിസ്റ്റ് ഹോമില്‍ പത്ത് എഴുത്തുകാരുടെ പത്ത് കഥകള്‍ ഒറ്റ ഷോട്ടിലാണ് എടുത്തിരിക്കുന്നത്.

പത്ത് പേരാണ് ടൂറിസ്റ്റ് ഹോമിന് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Ads By Google

ഒരു ടൂറിസ്റ്റ് ഹോമിലെ പത്ത് മുറികളില്‍ നടക്കുന്ന പത്ത് കഥകളാണ് ടൂറിസ്റ്റ് ഹോമില്‍ പറയുന്നത്. രോഗിയായ അപ്പൂപ്പനും കൊച്ചുമകനും, കാമുകിയെ കാത്തിരിക്കുന്ന യുവാവ്, ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ഇന്റര്‍വ്യൂ ഭയക്കുന്ന യുവാവും സുഹൃത്തും, മനശാന്തി നേടാന്‍ വിദ്യ ഉപദേശിക്കുന്ന ജ്യോത്സ്യന്‍, അച്ഛന്റെ പെരുമാറ്റ വൈകല്യത്തെ ഓര്‍ക്കുന്ന മകള്‍, ഭര്‍ത്താവിന്റെ സുഹൃത്തില്‍ നിന്നും ഗര്‍ഭിണിയാവുന്ന യുവതി, ചീട്ടുകളി സംഘം, നിയമപാലകനും വേശ്യയും എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഇവരെല്ലാം ഒരു നഗരത്തിലെ ലോഡ്ജില്‍ പത്ത് മുറികളിലായി താമസിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ടൂറിസ്റ്റ് ഹോം പൊതുസമൂഹത്തിന്റെ മുന്നിലെത്തുകയും രണ്ട് മണിക്കൂറിനുള്ളില്‍ ഇവരുടെ ജീവിതം എങ്ങനെയെല്ലാം മാറുന്നുവെന്നും അപ്പോഴുണ്ടാകുന്ന സംഭവങ്ങളുമാണ് ടൂറിസ്റ്റ് ഹോം പറയുന്നത്.

മുപ്പത്തിയാറ് താരങ്ങള്‍ അഭിനിയിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, മധു പാല്‍, കലാഭവന്‍ മണി, മീരാനന്ദന്‍, ലെന, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, ഹേമന്ത് മേനോന്‍, ശ്രീജിത്ത് വിജയ്, രജത് മേനോന്‍, ഇടവേള ബാബു, കൊച്ചു പ്രേമന്‍, കുഞ്ചന്‍, നാരായണന്‍ കുട്ടി, കോട്ടയം നസീര്‍, മണിയന്‍ പിള്ള രാജു, സുനില്‍ സുഖദ, , സരയു, തെസ്‌നി ഖാന്‍, , ശ്രീലത, നമ്പൂതിരി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

മെഗാ മീഡിയയുടെ ബാനറില്‍ ജോണ്‍ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫിറോസ് ഖാനാണ് ക്യാമറാമാന്‍. ഷെബിയുടെ രണ്ടാമത്തെ ചിത്രമാണ് ടൂറിസ്റ്റ് ഹോം. പുതുമുഖങ്ങളെ വെച്ച് ചെയ്ത പ്ലസ്ടുവാണ് ഷെബിയുടെ ആദ്യ ചിത്രം.

റഫീഖ് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ജസ്‌നിഫറിന്റേതാണ് സംഗീതം.

Advertisement