മെസിയെ പോലെ ഒരു താരത്തെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല; അര്‍ജന്റൈന്‍ ലെജന്‍ഡിനെ പുകഴ്ത്തി ടോട്ടന്‍ഹാം സ്റ്റാര്‍
Football
മെസിയെ പോലെ ഒരു താരത്തെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല; അര്‍ജന്റൈന്‍ ലെജന്‍ഡിനെ പുകഴ്ത്തി ടോട്ടന്‍ഹാം സ്റ്റാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th September 2022, 9:33 pm

പി.എസ്.ജിയുടെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയെ പ്രശംസകൊണ്ട് മൂടി ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ അര്‍ജന്റീന താരം ക്രിസ്റ്റ്യന്‍ റൊമേറോ. തന്റെ ക്യാപ്റ്റനെ പോലെ ഒരു താരത്തെ താനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്നായിരുന്നു റൊമേറോ പറഞ്ഞത്.

സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ക്രിസ്റ്റ്യന്‍ റോമേറോ ഇക്കാര്യം പറഞ്ഞത്.

മെസിയുടേത് വേറെ തന്നെ ക്ലാസ് ആണെന്നും മെസിക്കൊപ്പം കളിക്കുന്നത് തന്നെ മികച്ച അനുഭവമാണ് എന്നുമായിരുന്നു റൊമേറോ പറഞ്ഞത്.

‘മെസി, എന്നെ സംബന്ധിച്ച് ഏറെ വ്യത്യസ്തനായ താരമാണ്. അദ്ദേഹത്തെ പോലെ ഒരു കളിക്കാരനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.

അദ്ദേഹം അത്ഭുതാവഹമായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അദ്ദേഹവുമായി ആരെയെങ്കിലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. അദ്ദേഹത്തിനൊപ്പം കളിക്കുന്നത് തന്നെ ഏറെ മികച്ച അനുഭവമാണ്,’ ക്രിസ്റ്റ്യന്‍ റൊമേറോ പറയുന്നു.

 

ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ അര്‍ജന്റീനയുടെ ഈ വണ്ടര്‍ ബോയ് കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച ഫോമിലാണ്. കോപ്പ അമേരിക്കയുടെ ഫൈനലിലെ സൂപ്പര്‍ ക്ലാസികോ മത്സരത്തില്‍ ബ്രസീലിനെ തോല്‍പിച്ച് അര്‍ജന്റീനയെ കിരീടം ചൂടിച്ച മെസി, ഫൈനലിസീമയിലും ആ നേട്ടം ആവര്‍ത്തിച്ചു.

ഫൈനലിസീമയില്‍ ഇറ്റലിയെ കടപുഴക്കിയെറിഞ്ഞ മെസിയും സംഘവും അര്‍ജന്റീനക്ക് ഒന്നിന് പിന്നാലെ ഒന്ന് എന്ന രീതിയില്‍ മറ്റൊരു കിരീടവും നേടിക്കൊടുത്തിരുന്നു.

വരാനിരിക്കുന്ന ഫിഫ ലോകകപ്പിലും കിരീടം നേടി ബൂട്ടഴിക്കാനാവും മെസി ശ്രമിക്കുന്നത്.

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പ് സിയില്‍ ലാറ്റിനമേരിക്കക്കാര്‍ക്കൊപ്പമുള്ളത്.

 

Content Highlight: Tottenham Hotspur star Cristian Romero praises Messi