എഡിറ്റര്‍
എഡിറ്റര്‍
EXCLUSIVE: ഇസിസിന്റെ ആറ് മുന്‍നിര നേതാക്കളുടെ വിവരങ്ങള്‍ പുറത്ത്; അഞ്ചുപേര്‍ അമേരിക്കന്‍ സൈന്യത്താവളത്തില്‍ തടവില്‍ കഴിഞ്ഞവര്‍
എഡിറ്റര്‍
Thursday 13th February 2014 9:45pm

isis

ഇറാഖിലെ സുന്നി തീവ്രവാദ സംഘടനയായ ഇസിസിന്റെ ആറ് മുന്‍നിരനേതാക്കളുടെ  വിവരങ്ങള്‍ വെളിപ്പെടുത്തി അല്‍ അറേബ്യ ന്യൂസ് ചാനല്‍. ഇസിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഇവരില്‍ അഞ്ചുപേര്‍ അമേരിക്കന്‍ സൈന്യത്താവളത്തില്‍ തടവില്‍ കഴിഞ്ഞവരാണെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാഖ് ആഭ്യന്തര സഹമന്ത്രി അദ്‌നാന്‍ അല്‍ ആസാദിയുമായുള്ള അഭിമുഖത്തിലൂടെയാണ് ഇസിസ് തീവ്രവാദ സംഘടനയുടെ നേതൃനിരയിലുള്ള ആറ് പേരുടെ വിവരങ്ങള്‍ ചാനല്‍ പുറത്ത് വിട്ടത്.

അബു ബക്കര്‍ അല്‍ ബാഗ്ദാദി

ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം ഇബ്രാഹീം അല്‍ ബാദിരി. അബു ദവ്വ എന്നും ബാഗ്ദാദി അറിയപ്പെടുന്നു. ബാഗ്ദാദിലും ഫലൂജയിലും ഇസ്‌ലാമിക് സ്റ്റഡീസ് ലക്ചറായിരുന്നു ഇദ്ദേഹം. ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004 ജൂണില്‍ ബാഗ്ദാദിയെ അമേരിക്കന്‍ സൈന്യം അറസ്റ്റുചെയ്തു. അമേരിക്ക വിട്ടയച്ചശേഷം ബാഗ്ദാദി അല്‍ ഖ്വയ്ദയുമായി ചേര്‍ന്നുകൊണ്ട് ‘സുന്നി സൈന്യ’ത്തിന് രൂപം നല്‍കി. ഇസിസിന്റെ മൂന്നാം സ്ഥാനീയനാണ് അബൂ ബക്കര്‍ അല്‍-ബാഗ്ദാദി.

അബു അയ്മാന്‍ അല്‍ ഇറാഖി

ഇറാഖി ഇസിസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് അല്‍ ഇറാഖി. സംഘടനയുടെ സൈനിക കൗണ്‍സില്‍ അംഗമാണ് ഇദ്ദേഹം. 2007ല്‍ ഇദ്ദേഹം മൂന്ന് വര്‍ഷം തടവിലാക്കപ്പെട്ടു. പുറത്തുവന്നശേഷം ഇറാഖി സിറിയയിലേയ്ക്ക് മാറി. ഇപ്പോള്‍ ഇദ്ദേഹം എദിബ്, അലെപ്പോ നഗരങ്ങളിലും ലഡാക്കിയ പര്‍വ്വത നിരകളിലും ഇസിസിനെ നിയന്ത്രിക്കുന്നു.

അബു അഹ്മദ് അല്‍-അല്‍വാനി

സദ്ദാമിന്റെ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍. ഇസിസിന്റെ സൈനിക കൗണ്‍സില്‍ അംഗമാണ് അല്‍വാനി. വലീദ് ജാസ്സിം അല്‍-അല്‍വാനി എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.

അബു അബ്ദുല്‍ റഹ്മാാന്‍ അല്‍ ബിലാവി

ഇസിസിന്റെ സൈനിക കൗണ്‍സിലിലെ നാലംഗങ്ങളില്‍ ഒരാളാണ് ബിലാവി. സംഘടനയുടെ ഷൂറാ കൗണ്‍സില്‍ മുന്‍ മേധാവി കൂടിയായിരുന്നു ബിലാവി. അമേരിക്കന്‍ സൈനിക തടവു കേന്ദ്രമായ ബുക്ക ക്യാമ്പില്‍ 2005 ജനുവരി 27ന് തടവിലായി. ഇറാഖിലെ അന്‍ബര്‍ പ്രൊവിഷ്യയില്‍ നിന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് അല്‍-കാലിദിയയില്‍ വെച്ച് ബിലാവി കൊല്ലപ്പെട്ടു. അദ്‌നാന്‍ ഇസ്മാഈല്‍ നാജ്ം എന്നാണ് ബിലാവിയുടെ യഥാര്‍ത്ഥ പേര്.

ഹാജി ബക്കര്‍

സദ്ദാമിന്റെ മുന്‍ ആയുധവിഭാഗം ഉദ്യോഗസ്ഥനായിരുന്നു ഹാജി ബക്കര്‍. പിന്നീട് ബുക്കാ ക്യാമ്പില്‍ ഇദ്ദേഹം തടവിലാക്കപ്പെട്ടു. മോചനത്തിനു ശേഷം അല്‍ കൊയിദയില്‍ ചയേര്‍ന്നു. അടുത്തകാലത്ത് കൊല്ലപ്പവെടും വരെ ബക്കര്‍ ഇസിസിന്റെ ശക്തനായ നേതാവായിരുന്നു. സമിര്‍ അബ്ദ് മുഹമ്മദ് അല്‍-ഖലീഫാവി എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം.

അബു ഫാത്തിമ അല്‍-ജാഹീഷി

കിര്‍ദുക്കിന്റെ വടക്കന്‍ ഭാഗത്തേയ്ക്ക് പോകും മുമ്പ് തെക്കന്‍ ഇറാഖില്‍ ഓപ്പറേഷനുവേണ്ടി നിയോഗിക്കപ്പെട്ട വ്യക്തിയാണ് അല്‍ ജാഹീഷി. നിഅ്മ അബ്ദ് നായെഫ് അല്‍ ജാബൗരി എന്നാണ് അല്‍ ജാഹീഷിയുടെ യഥാര്‍ത്ഥ പേര്.

Advertisement