മറ്റുള്ള താരങ്ങളെ പോലെ ബാലൺ ഡി ഓർ അവാർഡ് വേണ്ട, ടീമിന്റെ നേട്ടങ്ങൾക്കാണ് പ്രാധാന്യം: ടോണി ക്രൂസ്
Football
മറ്റുള്ള താരങ്ങളെ പോലെ ബാലൺ ഡി ഓർ അവാർഡ് വേണ്ട, ടീമിന്റെ നേട്ടങ്ങൾക്കാണ് പ്രാധാന്യം: ടോണി ക്രൂസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th October 2023, 12:24 pm

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്ക് നൽകുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ അവാർഡിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ്.ബാലൺ ഡി ഓർ തനിക്ക് നേടാൻ താല്പര്യമില്ലെന്നും ഫുട്ബോളിൽ വ്യക്തിഗത നേട്ടങ്ങൾക്ക് പ്രാധാന്യമില്ലെന്നുമാണ് ക്രൂസ് പറഞ്ഞത്.

‘ഫുട്ബോളിൽ ഒരു ടീമെന്ന നിലയിൽ കളിക്കുമ്പോൾ വ്യക്തിഗത അവാർഡുകൾ ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. ഞാൻ ഇപ്പോഴും ഇതിൽ ഉറച്ചുനിൽക്കുന്നു. ബാലൻഡി ഓർ അവാർഡ് നേടുന്നത് അഭിമാനകരമാണ്. എന്നാൽ ഇതിന് വലിയ പ്രാധാന്യമില്ല. എന്റെ അഭിപ്രായം വ്യത്യസ്തമാണ്‌. എനിക്ക് മറ്റ് കളിക്കാരെപ്പോലെ ഈ ബാലൺ ഡി ഓർ അവാർഡ് പ്രധാനമല്ല. ഒരു ടീം ഇല്ലായിരുന്നെങ്കിൽ ഒരു കളിക്കാരനും സ്വന്തമായി ഒന്നും നേടുമായിരുന്നില്ല,’ ടോണി ക്രൂസ് പോഡ്‌കാസ്റ്റിലൂടെ പറഞ്ഞു.

റയൽ മാഡ്രിഡിൽ ടോണി ക്രൂസിനൊപ്പം കളിച്ചിരുന്ന സഹതാരങ്ങളെല്ലാം ബാലൺ ഡി ഓർ അവാർഡ് സ്വന്തമാക്കിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, കരീം ബെൻസിമ എന്നിവർ ആണ് റയലിൽ നിന്നും ബാലൺ ഡി ഓർ നേടിയത്.

ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ആണ് ബാലൺ ഡി ഓർ അവാർഡ് നൽകുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്ക് ഫുട്ബോൾ ജേർണലിസ്റ്റുകളുടെയും മുൻ താരങ്ങളുടേയും വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ആണ് ഈ അവാർഡ് നൽകുക.

അർജന്റീന സൂപ്പർ താരം ലയണൽ മെസിയും നോർവേയുടെ യുവതാരം എർലിങ് ഹാലണ്ടുമാണ്‌ ഈ വർഷത്തെ ബാലൺ ഡി ഓർ അവാർഡ് നേടാൻ മുൻപന്തിയിൽ നിൽക്കുന്നത്. ഫ്രഞ്ച് താരം കരിം ബെൻസിമയാണ് നിലവിലെ ജേതാവ്.

ഒക്ടോബർ 30നാണ് ഈ വർഷത്തെ ബാലൻണ്ടി ഓർ അവകാശിയെ തെരഞ്ഞെടുക്കുക.

Content Highlight: Toni kroos talks the opinion about Ballon d’Or award.