പുഷ്പയെപ്പോലെ മരംവെട്ടി, താടിതടവി, കണ്ണില്‍ കര്‍പ്പൂര ദീപം പാടി ടോമും ജെറിയും; ചിരിയുണര്‍ത്തി പുതിയ കാര്‍ട്ടൂണ്‍
Entertainment news
പുഷ്പയെപ്പോലെ മരംവെട്ടി, താടിതടവി, കണ്ണില്‍ കര്‍പ്പൂര ദീപം പാടി ടോമും ജെറിയും; ചിരിയുണര്‍ത്തി പുതിയ കാര്‍ട്ടൂണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th February 2022, 12:29 pm

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ അണിയിച്ചൊരുക്കിയ മാസ് എന്റര്‍ടെയ്നര്‍ ചിത്രമായിരുന്നു പുഷ്പ.

ഇന്ത്യയൊന്നാകെ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രം രക്തചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജിന്റെ കഥയാണ് പറയുന്നത്.

പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്ത പുഷ്പ 2021ലെ ഏറ്റവും പണംവാരിയ പടങ്ങളില്‍ ഒന്നുമായിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ തന്നെ നിരവധി ട്രോളുകളും മീമുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ പുഷ്പരാജിന്റെയും നായികാ കഥാപാത്രമായ ശ്രീവല്ലിയുടെയും വിവിധ സീനുകള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോം ആന്‍ ജെറി ടീം അവതരിപ്പിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്.

പുഷ്പയിലെയും ടോം ആന്‍ഡ് ജെറിയിലെയും സമാന സീനുകള്‍ എന്ന് പറഞ്ഞാണ് വീഡിയോ അവതരിപ്പിക്കുന്നത്.

രശ്മിക അഭിനയിച്ച സാമി സാമി എന്ന പാട്ടിലെ നൃത്തച്ചുവടുകള്‍ക്ക് സമാനമായി ടോം ഡാന്‍സ് കളിക്കുന്നത്, ഇതേ പാട്ടിലെ അല്ലു അര്‍ജുന്റെ സ്റ്റെപ്പിന് സമാനമായ ജെറിയുടെ സ്റ്റെപ്പുകള്‍ എന്നിവ വീഡിയോയില്‍ രസകരമായി കൂട്ടിയിണക്കിയിട്ടുണ്ട്.

പുഷ്പ മരം വെട്ടുന്നതിനൊപ്പം ടോം മരം വെട്ടുന്നതും, പുഷ്പയും ടോമും സിഗരറ്റ് വലിക്കുന്നത്, മഴു എടുത്ത് വീശുന്നത്, ഡയലോഗ് പറയുന്നത്, ചിത്രത്തിലെ അല്ലു അര്‍ജുന്‍ മാസ്റ്റര്‍പീസായ, കൈ കൊണ്ട് താടി തടവിക്കൊണ്ടുള്ള സീന്‍ ജെറി ചെയ്യുന്നത്- എല്ലാം വീഡിയോയിലുണ്ട്.

പുഷ്പരാജിന് നേരെ പൊലീസുകാരന്‍ തോക്ക് ചൂണ്ടുന്നതും, അല്ലു അര്‍ജുന്‍ തടിപ്പാലത്തിലൂടെ നടക്കുന്നതും, കണ്ണില്‍ കര്‍പ്പൂരദീപമോ എന്ന പാട്ടിന് അല്ലു അര്‍ജുന്‍ ചുവടുവെക്കുന്നതുമെല്ലാം ടോമും ജെറിയും ചെയ്യുന്നത് ചിരിയുണര്‍ത്തുന്ന രംഗങ്ങളാണ്.


നേരത്തെ പുഷ്പയുടെ വിജയം ആഘോഷിച്ച് അമുല്‍ ഡയറി ഫാം കമ്പനിയും രംഗത്തെത്തിയിരുന്നു. സിനിമയിലെ അല്ലു അര്‍ജുന്റെയും രശ്മികയുടെയും കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി അമുല്‍ പുതിയ കാര്‍ട്ടൂണ്‍ അവതരിപ്പിക്കുകയായിരുന്നു.

പുതിയ ആക്ഷന്‍ഡ്രാമ ചിത്രം വലിയ വിജയമാണ് എന്നായിരുന്നു കാര്‍ട്ടൂണിന് ക്യാപ്ഷന്‍ നല്‍കിയത്. അമുലിന് അല്ലു അര്‍ജുന്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

സിനിമക്കൊപ്പം തന്നെ പുഷ്പയിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഊ ആണ്ടവാ, സാമി സാമി, ശ്രീവല്ലി തുടങ്ങിയ പാട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞവയാണ്.

ഇന്ത്യന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയപുഷ്പ ലോകമെമ്പാടും നിന്നായി 300 കോടിയിലേറെ രൂപയാണ് കളക്ട് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി രൂപയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട്.

പുഷ്പയുടെ രണ്ടാംഭാഗത്തിനായും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഫഹദ് ഫാസില്‍ വില്ലനായി എത്തുന്ന രണ്ടാം ഭാഗത്തിന്റെ വിതരണ അവകാശത്തിനായി 400 കോടിയോളം രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. പുഷ്പ 2ന്റെ ഷൂട്ടിംഗ് ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.


Content Highlight: Tom and Jerry video of Allu Arjun’s Pushpa movie