സിറിയന്‍ പ്രതിപക്ഷ പ്രവര്‍ത്തകരുടെ നിര്‍ണ്ണായക യോഗം ഇന്ന് ദോഹയില്‍
World
സിറിയന്‍ പ്രതിപക്ഷ പ്രവര്‍ത്തകരുടെ നിര്‍ണ്ണായക യോഗം ഇന്ന് ദോഹയില്‍
ന്യൂസ് ഡെസ്‌ക്
Sunday, 4th November 2012, 6:13 am

ദോഹ: സിറിയന്‍ പ്രതിപക്ഷ പ്രവര്‍ത്തകരുടെ നിര്‍ണായക യോഗം ഇന്ന് ദോഹയില്‍ ചേരും. തടവിലാക്കിയ സിറിയന്‍ സൈനികരെ  കഴിഞ്ഞദിവസം ക്രൂരമായി കൊലപ്പെടുത്തിയ വിമതരുടെ നടപടിയെ രാജ്യാന്തര സമൂഹം അപലപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പ്രവര്‍ത്തകര്‍ ദോഹയില്‍ നിര്‍ണായക യോഗം വിളിച്ചത്.[]

രാജ്യത്തിനകത്തും പുറത്തും വിഘടിച്ച് നില്‍ക്കുന്ന പ്രതിപക്ഷ സംഘടനകളെ ഏകീകരിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. പ്രധാന പ്രതിപക്ഷ സംഘടനയായ സിറിയന്‍ നാഷണല്‍ കൗണ്‍സില്‍(എസ്.എന്‍.സി) ആയിരിക്കും യോഗത്തിന് നേതൃത്വം നല്‍കുക. ആശയപരമായി വിഘടിച്ച് നില്‍ക്കുന്ന സിറിയന്‍ പ്രതിപക്ഷ സംഘടനകളെ ഒന്നിപ്പിക്കുന്നതിന് ശ്രമിക്കാതിരുന്ന എസ്.എന്‍.സി മുമ്പ്തന്നെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

ഇതിനിടെ വിമത സംഘടനകളില്‍ ചിലര്‍ സിറിയയിലെ തഫ്താനസ് വ്യോമത്താവളം ആക്രമിച്ച സംഭവം പ്രതിപക്ഷ സംഘടനകള്‍ക്കിടയില്‍ ഉത്കണ്ഠകള്‍ക്ക് കാരണമായിട്ടുണ്ട്. സിറിയയിലെ തന്ത്രപ്രധാന നഗരങ്ങളായ ആലപ്പോയ്ക്കും ഡമാസ്‌കസിനും ഇടയിലുള്ള പ്രധാന വ്യോമത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

റോക്കറ്റ് ലോഞ്ചറുകളും മോര്‍ട്ടാറുകളുമായുള്ള ആക്രമണം സിറിയന്‍ സൈന്യം പ്രതിരോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയിലേയ്ക്കുള്ള സര്‍ക്കാരിന്റെ പ്രധാന ചരക്കുവ്യോമപാതയാണ് തഫ്താനസ്. ദോഹയില്‍ നടക്കുന്ന യോഗത്തില്‍ പ്രമുഖ വിമത നേതാവ് റിയാദ് സെയ്ഫ് അടക്കമുള്ള മതനേതാക്കളും ഖുര്‍ദിഷ് പ്രധാനികളും പങ്കെടുക്കും.

യോഗത്തില്‍ സിറിയയില്‍ ചില വിമതര്‍ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ചര്‍ച്ചാ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ട്.