എഡിറ്റര്‍
എഡിറ്റര്‍
അഴിമതി കണ്ടുകെട്ടാന്‍ ബീഹാര്‍ മോഡല്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ
എഡിറ്റര്‍
Thursday 4th October 2012 4:15pm

തിരുവനന്തപുരം:  അഴിമതിയിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനായി ബീഹാര്‍ മോഡലില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് അഴിമതി നിവാരണ കമ്മിറ്റി ശുപാര്‍ശ ചെയ്തു.

നിലവിലുള്ള അഴിമതി നിവാരണ നിയമങ്ങള്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഒരാളുടെ പോലും സ്വത്ത് കണ്ട് കെട്ടിയിട്ടില്ലെന്നും പ്രത്യേക കോടതികള്‍ സ്ഥാപിച്ചാല്‍  അഴിമതിക്കേസുകളുടെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു കമ്മിറ്റി പറയുന്നു.

Ads By Google

മുന്‍ ചീഫ് സെക്രട്ടറി എം. മോഹന്‍കുമാര്‍, മുന്‍ ഐ.ഐ.എം ഡയറക്ടര്‍ ഡോ. സാമുവല്‍ പോള്‍, മുന്‍ റോ തലവന്‍ പി.കെ ഹൊര്‍മിസ് തരകന്‍, ടി. ആര്‍. രഘുനന്ദന്‍ ഐ.എ.എസ് (റിട്ടയേര്‍ഡ്) എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവരിപ്പണം നിര്‍ത്തലാക്കാന്‍ കര്‍ണാടക മോഡലില്‍ നിയമനിര്‍മാണം നടത്തുക,
ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളുടെ മാതൃകയില്‍    മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം രൂപീകരിക്കുക, 1960ല്‍ രൂപീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ കാലോചിതമായ മാറ്റം കൊണ്ടുവരിക, വിജിലന്‍സ് വകുപ്പിന് ഫുള്‍ടൈം സെക്രട്ടറി, എന്നിവയാണ് കമ്മിറ്റിയുടെ മറ്റ് നിര്‍ദേശങ്ങള്‍.

നിലവിലുള്ള അഴിമതി നിവാരണ നിയമങ്ങള്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഒരാളുടെ പോലും സ്വത്ത് കണ്ട് കെട്ടിയിട്ടില്ലെന്നും പ്രത്യേക കോടതികള്‍ സ്ഥാപിച്ചാല്‍  അഴിമതിക്കേസുകളുടെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു കമ്മിറ്റി പറയുന്നു

നിലവില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കാണ് വിജിലന്‍സിന്റെയും ചുമതല. ആഭ്യന്തര സെക്രട്ടറിക്ക് ജോലിഭാരം ഏറെയുള്ളതിനാല്‍ വിജിലന്‍സിനു മാത്രം സെക്രട്ടറിയെ നിയോഗിക്കണം. വിജിലന്‍സ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശിപാര്‍ശ ചെയ്യുന്ന ഗുരുതരമായ കേസുകള്‍ വിജിലന്‍സ് മന്ത്രിയുടെ തീരുമാനത്തിനു വിടണം. പ്രാഥമിക അനേ്വഷണം നടത്തി കഴമ്പുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമേ കേസ് ഏറ്റെടുക്കാവൂ. കെട്ടിക്കിടക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ ഒരു വര്‍ഷത്തെ അതിവേഗ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കണം. മൂന്നു മാസത്തിനുള്ളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്കണം. കേസുകള്‍ തീര്‍പ്പാക്കാന്‍ രണ്ട് അഡീഷണല്‍ സ്‌പെഷ്യല്‍ ജഡ്ജിമാരെക്കൂടി നിയമിക്കണം.

അഴിമതിക്കാരെക്കുറിച്ച് അറിയിക്കുന്നതിനുള്ള വിസില്‍ ബ്ലോവര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും വിവരങ്ങള്‍ നല്‍കുന്നവരെ സംരക്ഷിക്കുകയും രഹസ്യസ്വഭാവം നിലനിര്‍ത്തുകയും വേണംമെന്നും ശുപാര്‍ശയില്‍ പറയുന്നു.

മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഗവ. സെക്രട്ടറിമാര്‍, പ്രധാനപ്പെട്ട വകുപ്പുകളുടെ തലവന്മാര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാരിന് ലഭിച്ചിട്ടുള്ള പരാതികളില്‍ അനേ്വഷണത്തിനും നടപടി എടുക്കാനും ലോകായുക്തയ്ക്കു നല്‍കണം. മന്ത്രിമാരൊഴികെയുള്ളവര്‍ക്കെതിരെ  സ്വമേധയാ കേസെടുക്കാനുള്ള അധികാരവും നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.

കമ്മിറ്റിയുടെ മറ്റ് നിര്‍ദേശങ്ങള്‍:

മൊബൈല്‍ ഗവേര്‍ണന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. കുറ്റകൃത്യങ്ങള്‍ക്ക് ദൃക്‌സാക്ഷികളാകുന്നവര്‍ എസ്.എം.എസ് സംവിധാനത്തിലൂടെ വിവരം കൈമാറുന്ന ഡല്‍ഹി പോലീസ് സംവിധാനം കേരളവും പ്രയോജനപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളിലെ അഴിമതി അനേ്വഷിക്കുന്ന ഓംബുഡ്മാന്റെ മുന്നില്‍ പ്രതിവര്‍ഷം രണ്ടായിരം പരാതികള്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഓംബുഡ്മാനെക്കൂടി നിയമിക്കണം.   ഓംബുഡ്മാനെ സഹായിക്കാന്‍ ഒരു പ്ലീഡറെ നിയമിക്കണം.

സേവനാവകാശ നിയമം അടിയന്തരമായി നടപ്പാക്കണം. നികുതി ഉള്‍പ്പെടെയുള്ള ബിസിനസ് സര്‍വീസുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ സേവനങ്ങള്‍ എന്നിവയും സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തണം. പാവപ്പെട്ടവരുമായി ബന്ധപ്പെട്ടതും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നതുമായ സേവനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണം. പൗരാവകാശ നിയമത്തില്‍ സേവനം പ്രദാനം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്ന സമയ പരിധി ക്രമേണ കുറച്ചുകൊണ്ടുവരണം. അപേക്ഷകര്‍ക്ക് ഇലക്‌ടോണിക് രസീത് നല്‍കാന്‍ കഴിയണം.

പാലക്കട്, കണ്ണൂര്‍ ജില്ലകളില്‍ നടപ്പാക്കിയ ഇ-ഡിസ്ട്രിക്ട് പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ഇരുനൂറിലധികം സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കണം. റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയവ എത്രയും വേഗം കംപ്യൂട്ടര്‍ അധിഷ്ഠിതമാക്കാന്‍ കഴിയും. വെബ് അധിഷ്ഠിത ഫയല്‍ ട്രാക്കിംഗ് സംവിധാനം സെക്രട്ടേറിയറ്റിലും മറ്റ് ഓഫീസുകളിലും നടപ്പാക്കണം.

സര്‍ക്കാരിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് പൊതുസംഭരണ നിയമം കൊണ്ടുവരണം. ഇത്തരം വാങ്ങലുകളില്‍ നിന്ന് അഴിമതി നീക്കം ചെയ്യാന്‍ പെരുമാറ്റച്ചട്ടം ഉണ്ടാകണം.

പരാതികള്‍ പരിഹരിക്കുവാന്‍ ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല അദാലത്തുകള്‍ ആറുമാസത്തിലൊരിക്കല്‍ നടത്തണം.
അഴിമതി, പൗരാവകാശം, വിവര വിനിമയ സങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുകയും ചെയ്യണം.

Advertisement