എഡിറ്റര്‍
എഡിറ്റര്‍
ആരോഗ്യം വീണ്ടെടുത്താല്‍ മലാലയെ വധിക്കുമെന്ന് താലിബാന്‍; നാല്‌ ഭീകരര്‍ അറസ്റ്റില്‍
എഡിറ്റര്‍
Saturday 13th October 2012 11:15am

ഇസ്ലാമാബാദ്: ഭീകരരുടെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക മലാലയെ ആരോഗ്യം വീണ്ടെടുത്ത് പുറത്തിറങ്ങിയാല്‍ വധിക്കുമെന്ന് പാകിസ്ഥാനിലെ തഹ്രിക് ഇ താലിബാന്‍ അറിയിച്ചു.

Ads By Google

മലാലയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ എന്ന് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങുന്നുവോ അന്ന് അവരുടെ മരണം ഉറപ്പാക്കിയിരിക്കുമെന്നും താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

മലാലയുടെ ജീവന്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. അടുത്ത 48 മണിക്കൂര്‍ മലാലയ്ക്ക് നിര്‍ണായകമാണെന്ന് പാക് സൈനിക ആശുപത്രിയിലെ വിദഗ്ധര്‍ അറിയിച്ചു. റാവല്‍പിണ്ടിയിലെ ആംഡ് ഫോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് മലാല ഇപ്പോള്‍.

പരുക്ക് കുട്ടിയുടെ തലച്ചോറിനെ ബാധിച്ചതായും സൂചനയുണ്ട്. യാത്രചെയ്യാനുള്ള ആരോഗ്യമില്ലാത്തതിനാല്‍ മലാലയെ ചികിത്സയ്ക്കായി തല്‍ക്കാലം വിദേശത്തേക്ക് അയയ്‌ക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയിട്ടില്ല. പെഷവാറില്‍നിന്ന് റാവല്‍പിണ്ടിയിലേക്ക് മലാലയെ മാറ്റാനുള്ള തീരുമാനം ഏറെ പ്രയാസകരമായിരുന്നു. വിമാനമാര്‍ഗമാണ് പെണ്‍കുട്ടിയെ റാവല്‍പിണ്ടിയിലെത്തിച്ചത്.

അതേസമയം മലാലയെ ആക്രമിച്ച കേസില്‍ നാല്‌ പേരെ സ്വാത്തില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. അക്രമത്തിന് നേതൃത്വം നല്‍കിയ അതയുള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സ്വാത്ത് പോലീസ് മേധാവി അറിയിച്ചു. മലാലയുടെ സ്‌കൂള്‍ ബസ് ഡ്രൈവറേയും പോലീസ് ചോദ്യംചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌കൂള്‍ ബസില്‍ കയറിയ രണ്ട് ഭീകരര്‍ മലാലയെ വെടിവച്ചത്. പെഷാവര്‍ സൈനിക ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മലാലയുടെ തലയില്‍നിന്ന് വെടിയുണ്ട നീക്കംചെയ്തിരുന്നു. എന്നാല്‍ ആരോഗ്യം മെച്ചപ്പെടാത്തതിനെത്തുടര്‍ന്നാണ് റാവല്‍പിണ്ടിയിലേക്ക് മാറ്റിയത്.

സ്വാത് താഴ്‌വരയുടെ നിയന്ത്രണം പിടിച്ചെടുത്തശേഷം താലിബാന്‍ അവിടത്തെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ മലാലയെഴുതിയ ഡയറി ബി.ബി.സി.യുടെ ഉര്‍ദു വിഭാഗം പ്രസിദ്ധീകരിച്ചു. ഇതോടെ മലാല ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയും താലിബാന്‍ തീവ്രവാദികളുടെ ശത്രുവും ആവുകയായിരുന്നു.

Advertisement