എഡിറ്റര്‍
എഡിറ്റര്‍
ഹൈക്കോടതി ജഡ്ജി ഹാരൂണ്‍ അല്‍ റഷീദിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ടി.എന്‍ പ്രതാപന്റെ പരാതി
എഡിറ്റര്‍
Wednesday 2nd April 2014 12:50pm

tn-pratapan

കൊച്ചി: ഹൈക്കോടതി ജഡ്ജി ഹാരൂണ്‍ അല്‍ റഷീദിനെതിരെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ പരാതി. ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്നാരോപിച്ചാണ് ടി.എന്‍ പ്രതാപന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന് പരാതി നല്‍കിയിരിയ്ക്കുന്നത്.

സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ ഓഫീസിന് നേരെയും ഹാരൂണ്‍ അല്‍ റഷീദ് നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി. അതിനൊപ്പം തന്നെ തലശേരിയില്‍ ബാര്‍ അസോസിയേഷനില്‍ വെച്ച് നടത്തിയ വിവാദ പ്രസംഗം, ഷുക്കൂര്‍ വധക്കേസ് സി.ബി.ഐയ്ക്ക് വിട്ടതിന് എതിരെ നടത്തിയ പരാമര്‍ശം, സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ക്കെതിരായി നടത്തിയ പരാമര്‍ശം എന്നിങ്ങനെ ഹാരൂണ്‍ അല്‍ റഷീദ് വിവാദ പരാമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ടി.എന്‍ പ്രതാപന്റെ പരാതി.

എല്ലാ പരിധികളും വിട്ടാണ് ജഡ്ജി പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഒരു സിവില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ജഡ്ജി നിരന്തര വിമര്‍ശനം നടത്തി. കഴിഞ്ഞ ആറുമാസമായി ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് നടത്തിയ വിധിന്യായങ്ങളില്‍ പലതിലും അനാവശ്യമായ പരാമര്‍ശം നടത്തി. അതില്‍ പലതും സി.പി.ഐ.എമ്മിനെ സഹായിക്കുന്നതാണ്- കത്തില്‍ പറയുന്നു.

ജഡ്ജിയില്‍ നിന്നും പക്ഷപാതപരമായ നിലപടുകളുകളാണ് ഉണ്ടാവുന്നതെന്ന് കത്തില്‍ ആരോപിയ്ക്കുന്നു. സി.പി.ഐ.എം അനുകൂല നടപടികളോ എന്നതും സംശയിയ്‌ക്കേണ്ടിയിരിക്കുന്നെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നുമാണ് മൂന്ന് പേജ് വരുന്ന പരാതിയില്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സി.പി.ഐ.എമ്മിന് ഗുണം ചെയ്യുന്ന രീതിയിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായി സലീംരാജ് ഉള്‍പ്പെട്ട കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളും വീഡിയോയും മാധ്യമങ്ങളില്‍ വന്നകാര്യവും കത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ അദ്ദേഹം അതിന് മറുപടി പറയണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും ഒന്നും ചെയ്യാന്‍ മടിക്കാത്തവരും ഉണ്ടെന്നും  ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് ഈ രണ്ട് പരാമര്‍ശങ്ങള്‍ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം സ്‌റ്റേ നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്ന പരാമര്‍ശത്തിന് കോടതിയുടെ പരിഗണനയിലെ ഹര്‍ജിയുമായി ബന്ധമില്ലെന്ന് കാണിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിലെ 70ാം ഖണ്ഡിക നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നത്.

Advertisement