'തൃണമൂല്‍ ഗുണ്ടകള്‍ കൊന്നുതള്ളിയത് 130ലധികം ബി.ജെ.പി പ്രവര്‍ത്തകരെ'; മമതയെ ലക്ഷ്യമിട്ട് അമിത് ഷാ
national news
'തൃണമൂല്‍ ഗുണ്ടകള്‍ കൊന്നുതള്ളിയത് 130ലധികം ബി.ജെ.പി പ്രവര്‍ത്തകരെ'; മമതയെ ലക്ഷ്യമിട്ട് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 4:32 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 130ലധികം ബി.ജെ.പി പ്രവര്‍ത്തകരെ തൃണമൂല്‍ നേതാക്കള്‍ കൊന്നുതള്ളിയെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നംഖാനയില്‍ നടന്ന ബി.ജെ.പി പരിവര്‍ത്തന്‍ യാത്രയ്ക്കിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

‘മമത ദീദി, ബംഗാളിലെ തൃണമൂല്‍ ഗുണ്ടകള്‍ ഞങ്ങളുടെ 130ലധികം പ്രവര്‍ത്തകരെ കൊന്നുതള്ളിയിട്ടുണ്ട്. എതിരാളികളെ കൊന്ന് ബി.ജെ.പിയുടെ വേര് ഇല്ലാതാക്കാമെന്നാണ് മമതയുടെ ഉദ്ദേശ്യം. നിങ്ങളോട് ഒന്നേ പറയാനുള്ളു. ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഉടന്‍ നിങ്ങള്‍ ഒളിപ്പിച്ചുവെച്ച ഇത്തരം ഗുണ്ടകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും’, അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ നേതാക്കള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും അത് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ സംസ്ഥാനത്തെ തൊഴില്‍ മന്ത്രി കൂടിയായ സക്കീര്‍ ഹുസൈന് നേരെ ബോംബാക്രമണം നടന്നിരുന്നു.

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് പരോക്ഷമായി മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു. സക്കീര്‍ ഹുസൈനെ ചിലര്‍ അവരുടെ പാര്‍ട്ടിയില്‍ ചേരാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ആക്രണം നടന്നതെന്നുമാണ് മമത പറഞ്ഞത്.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ശക്തമായ പ്രകടനമാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.

എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Amit Sha Slams Trinamool Congress