നെയ്മറിനെ ആ പൊസിഷനില്‍ കളിപ്പിക്കുന്ന കോച്ചുകള്‍ കഴുതകളാണ്!
Football
നെയ്മറിനെ ആ പൊസിഷനില്‍ കളിപ്പിക്കുന്ന കോച്ചുകള്‍ കഴുതകളാണ്!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th June 2022, 1:28 pm

ലോക ഫുട്‌ബോളിലെ മികച്ച കളിക്കാരില്‍ ഒരാളാണ് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍. മുന്‍ കാലങ്ങളില്‍ വിങ്ങുകളില്‍ കളിച്ചുകൊണ്ടിരുന്ന താരം ഇപ്പോള്‍ സെന്റര്‍ മിഡ് ഫീല്‍ഡ്, അറ്റാക്കിങ് മിഡഫീല്‍ഡ് എന്നീ പൊസിഷനിലാണ് കൂടുതലായും കളിച്ചുകൊണ്ടിരിക്കുന്നത്.

വിങ്ങില്‍ നിന്നും മാറി കളിക്കാന്‍ തുടങ്ങിയതില്‍ പിന്നെ താരത്തിന്റെ കളിശൈലിയെ ഒരുപാട് പേര്‍ ക്രിട്ടിസൈസ് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ വിങ്ങില്‍ കളിപ്പിക്കുന്നത് മണ്ടത്തരമാണെന്നും അങ്ങനെ ചെയ്യുന്നവര്‍ കഴുതകളാണെന്നുമാണ് ബ്രസീല്‍ കോച്ച് ടിറ്റെയുടെ അഭിപ്രായം.

ബാഴ്സലോണയില്‍ ഇടതു വിങ്ങില്‍ കളിച്ചിരുന്ന നെയ്മര്‍ അവിടെ നിന്നും പി.എസ്.ജിയിലേക്ക് ചേക്കേറിയതിനു ശേഷം പ്രകടനത്തില്‍ ഇടിവ് സംഭവിച്ചുവെന്ന വിമര്‍ശനം നേരത്തെ മുതല്‍ തന്നെ ഉണ്ടായിരുന്നു. ഫ്രഞ്ച് ക്ലബിനൊപ്പവും ബ്രസീല്‍ ടീമിലും മധ്യത്തില്‍ കളിക്കുന്ന നെയ്മര്‍ ദേശീയ ടീമിനു വേണ്ടി 74 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

നെയ്മര്‍ ഒരു ടീമില്‍ പ്രശ്‌നമല്ലെന്നും അദ്ദേഹം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണെന്നുമാണ് ടിറ്റെയുടെ അഭിപ്രായം. താരത്തില്‍ നിന്നും വരുന്ന പിഴവുകള്‍ അയാളുടെ കുഴപ്പല്ല ആ പൊസിഷനിന്റെ കുഴപ്പമാണെന്നും ടിറ്റെ കൂട്ടിച്ചേര്‍ത്തു.

‘നെയ്മറൊരു പ്രശ്നമല്ല, പല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. ആ പൊസിഷനില്‍ കളിച്ചാല്‍ നെയ്മര്‍ കൂടുതല്‍ പിഴവുകള്‍ വരുത്തുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ താരം വരുത്തുന്ന പിഴവുകള്‍ ആ പൊസിഷന്‍ കാരണമാണ്, അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ താരം ചെയ്യുന്ന കാര്യങ്ങളെല്ലാം വളരെ നിര്‍ണായകമാണ്.’ ടിറ്റെ പറഞ്ഞു.

സെക്സ്റ്റ ഈസ്ട്രല്ല പോഡ്കാസ്റ്റിനോടായിരുന്നു ടിറ്റെയുടെ തുറന്നുപറച്ചില്‍.

വളരെ ക്രിയേറ്റീവ് ആയി ഫുട്‌ബോളിനെ സമീപിക്കുന്ന താരമാണ് നെയ്മര്‍. അദ്ദേഹത്തെ മിഡിലില്‍ കളിപ്പിച്ചാല്‍ കുറച്ചുകൂടെ ഫ്രീയായി കളിക്കാന്‍ സാധിക്കും. എന്നാല്‍ വിങ്ങിലാണെങ്കില്‍ അദ്ദേഹം അവിടെ ഒതുങ്ങി പോകാനുള്ള സാധ്യതയുണ്ട്.

‘ഒരു പരിശീലകന്‍ നെയ്മറെ വിങ്ങില്‍ കളിപ്പിച്ചാല്‍ ഞാനവരെ കഴുതയെന്നു വിളിക്കും. മികച്ച കഴിവുകളുള്ള നെയ്മറെപ്പോലെ ഒരാള്‍ക്ക് അവസരങ്ങള്‍ ഒരുക്കാനുള്ള കഴിവിനെ അത് പരിമിതപ്പെടുത്തും. സര്‍ഗാത്മകത സ്ഥിരമായി ഉണ്ടാകുന്നതല്ല, യാദൃശ്ചികമായും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുമാണ് ഉണ്ടാവുക. താരത്തിന്റെ സര്‍ഗപരമായ കഴിവുകള്‍ കൊണ്ടു തന്നെയാണ് കൂടുതല്‍ പിഴവുകളും വരുന്നത്.’ ടിറ്റെ വ്യക്തമാക്കി.

ബ്രസീല്‍ ടീമിനായി 74 ഗോള്‍ ഇതുവരെ നെയ്മര്‍ നേടിയിട്ടുണ്ട്. ഗോള്‍ നേടുന്നതിനൊപ്പം തന്റെ കളിശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. എല്ലാ പൊസിഷനിലും തന്റേതായ രീതിയില്‍ ക്രിയേറ്റീവായി കളിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്.

അതേസമയം ലോകകപ്പ് അടുത്തിരിക്കെ നെയ്മറുടെ ക്ലബിലെ ഭാവി വളരെയധികം സങ്കീര്‍ണതയിലാണ്. പി.എസ്.ജി നേതൃത്വത്തിന് ഒഴിവാക്കാന്‍ താല്‍പര്യമുള്ള താരം ക്ലബ് വിടുന്നത് പരിഗണിക്കുന്നുണ്ട്. നെയ്മറോട് ചെല്‍സിയിലേക്ക് കൂടു മാറാന്‍ കഴിഞ്ഞ ദിവസം ബ്രസീല്‍ പ്രതിരോധ താരം തിയാഗോ സില്‍വ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlights: Tite says  Whoever plays Neymar at wings is Donkey