എഡിറ്റര്‍
എഡിറ്റര്‍
ടൈറ്റാനിയം അഴിമതി: അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ്
എഡിറ്റര്‍
Tuesday 5th March 2013 9:58am

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ്  തിരുവനന്തപുരം കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയില്ല.

Ads By Google

അന്വേഷണ റിപോര്‍ട്ട് എസ്.പിയുടെ പരിശോധനക്കായി അയച്ചിരിക്കുകയാണെന്നും രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം തിരുവനന്തപുരം കോടതിയെ അറിയിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി രണ്ടാഴ്ചത്തെ സമയം കൂടി അനുവദിച്ചു.

ടൈറ്റാനിയത്തില്‍ മലിനീകരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 256 കോടി രൂപയുടെ അഴിമതി നടന്നെന്ന കേസിലാണ് അന്വേഷണം നടന്നത്. അന്വേഷണം വൈകുന്നതില്‍ കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കേസില്‍ 2006 ലാണ് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് വിജിലന്‍സ് ഈ അന്വേഷണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

കഴിഞ്ഞ മാസം അഞ്ചിന് കേസ് പരിഗണിച്ച കോടതി അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന് വിജിലന്‍സിന് അന്ത്യശാസനം നല്‍കുകയായിരുന്നു. ഇതനുസരിച്ചാണ് അന്വേഷണം പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ അറിയിച്ചത്.

ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.

Advertisement