10 ടണ്ണിലധികം സ്വര്‍ണം, രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ സ്വത്ത്; തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു
national news
10 ടണ്ണിലധികം സ്വര്‍ണം, രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ സ്വത്ത്; തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th November 2022, 3:06 pm

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് ക്ഷേത്രം ട്രസ്റ്റ്. തിരുമല തിരുപ്പതി ദേവസ്ഥാനമാണ് (Tirumala Tirupati Devasthanams- ടി.ടി.ഡി) ക്ഷേത്രത്തിലെ സ്വര്‍ണനിക്ഷേപത്തിന്റെയും പണത്തിന്റെയും വിവരങ്ങളടങ്ങിയ ലിസ്റ്റ് ശനിയാഴ്ച പുറത്തുവിട്ടത്.

നാഷണലൈസ്ഡ് ബാങ്കുകളില്‍ ക്ഷേത്രത്തിന്റേതായി 5300 കോടിയിലധികം രൂപ വിലമതിക്കുന്ന 10.3 ടണ്ണിന്റെ സ്വര്‍ണവും 15,938 കോടി രൂപയുടെ നിക്ഷേപവുമുണ്ടെന്നാണ് ക്ഷേത്രം ട്രസ്റ്റ് വെളിപ്പെടുത്തിയത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 7123 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന 960 പ്രോപര്‍ട്ടികളും ക്ഷേത്രത്തിന്റെ ആസ്തികളില്‍ ഉള്‍പ്പെടുന്നുണ്ട്.

ആകെ 2.26 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളാണ് ക്ഷേത്രത്തിന്റെ പേരിലുള്ളതെന്നും ട്രസ്റ്റ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

”2019ല്‍ വിവിധ ബാങ്കുകളില്‍ ടി.ടി.ഡിയുടെ ഫിസ്സഡ് ഡെപ്പോസിറ്റ് നിക്ഷേപങ്ങള്‍ 13,025 കോടി രൂപയായിരുന്നു. ഇതിപ്പോള്‍ 15,938 കോടിയായി വര്‍ധിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ നിക്ഷേപം 2,900 കോടി വര്‍ധിച്ചിട്ടുണ്ട്,” തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വി. ധര്‍മ റെഡ്ഡി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മിച്ച ഫണ്ടുകള്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ ടി.ടി.ഡി ചെയര്‍മാനും ബോര്‍ഡും ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ട്രസ്റ്റ് നിഷേധിക്കുകയും ചെയ്തു. ഫണ്ടുകള്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളിലായിരിക്കും നിക്ഷേപിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

ക്ഷേത്രത്തിന്റെ വരുമാനം വിശ്വാസികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ബിസിനസുകാരില്‍ നിന്നുമൊക്കെ ലഭിക്കുന്ന സംഭാവനകളാണ്.

ട്രസ്റ്റ് ഷെയര്‍ ചെയ്ത ബാങ്ക് വൈസ് ഇന്‍വെസ്റ്റ്‌മെന്റ് ഡാറ്റ പ്രകാരം 2019ല്‍ ക്ഷേത്രത്തിന് 7339.74 ടണ്ണിന്റെ സ്വര്‍ണ നിക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഇതില്‍ 2.9 ടണ്ണിന്റെ വര്‍ധനവുമുണ്ടായി.

Content Highlight: Tirupati Temple Trust Declares Assets, Says Has Over 10 Tonnes Of Gold and 15,900 Crore rupees In Cash