'ഇനിയും അടച്ചിടൽ നടക്കില്ല; ദൽഹി തുറന്ന് പ്രവർത്തിക്കാൻ സമയമായി'; കൊറോണ വൈറസുമായി 
 ജീവിക്കാൻ പഠിക്കണമെന്ന് കെജ്‌രിവാള്‍
national news
'ഇനിയും അടച്ചിടൽ നടക്കില്ല; ദൽഹി തുറന്ന് പ്രവർത്തിക്കാൻ സമയമായി'; കൊറോണ വൈറസുമായി ജീവിക്കാൻ പഠിക്കണമെന്ന് കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 7:53 am

ന്യൂദൽഹി: രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയ ദൽഹി തുറന്ന് പ്രവർത്തിക്കാൻ സമയമായെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്ക് ഡൗൺ നീക്കാൻ ദൽഹി സർക്കാർ എല്ലാ വിധത്തിലും സജ്ജമാണെന്നും നിയന്ത്രണങ്ങൾ പാലിച്ച് കൊറോണ വെെറസുമായി ജീവിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

4122 കൊവിഡ് കേസുകളാണ് ദൽഹിയിൽ റിപ്പോർട്ട് ചെയ്തത്. അതിൽ 1256 പേർ രോ​ഗ വിമുക്തരായി ആശുപത്രി വിട്ടു. 64 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഘട്ടങ്ങളായാണ് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തുക എന്ന സൂചനയാണ് കെജ്‌രിവാള്‍ നൽകിയത്.

”കേന്ദ്ര സർക്കാർ ഹോട്ട് സ്പോട്ടുകളും രോ​ഗവ്യാപന സാധ്യതയുമുള്ള എല്ലാ പ്രദേശങ്ങളും സീൽ ചെയ്യണം. ബാക്കിയുള്ളവയെ ​ഗ്രീൻ സോണായി പ്രഖ്യാപിക്കാം. കടകൾ ഒറ്റ ഇരട്ട അക്ക ക്രമപ്രകാരം തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ലോക്ക് ഡൗൺ നീക്കിയാൽ കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടായാലും അത് നേരിടാൻ സർക്കാർ തയ്യാറാണ്”. കെജ്‌രിവാള്‍ പ്രതികരിച്ചു.

പൊതു​ഗതാ​ഗത സംവിധാനങ്ങൾ അടഞ്ഞു തന്നെ കിടക്കുമെങ്കിലും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം അദ്ദേഹം കൂട്ടിച്ചേർത്തു. 50 പേരെ വെച്ചുള്ള വിവാഹങ്ങൾക്ക് അനുമതി നൽകും. ദൽഹിയെ മൊത്തമായി റെഡ് സോണിലാക്കുന്നത് സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും തൊഴിലില്ലായ്മ വലിയ തോതിൽ വർദ്ധിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ കാരണം സർക്കാരിന് വരുമാനമൊന്നുമില്ലെന്നും ഇത്തരത്തിൽ മുന്നോട്ട് പോയാൽ സർക്കാരിന്റെ പ്രവർത്തനം സ്തംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.