ലിംഗവിവേചനം അവസാനിപ്പിക്കാന്‍ മുത്വലാഖ് റദ്ദാക്കണമെന്ന് വെങ്കയ്യ നായിഡു
Daily News
ലിംഗവിവേചനം അവസാനിപ്പിക്കാന്‍ മുത്വലാഖ് റദ്ദാക്കണമെന്ന് വെങ്കയ്യ നായിഡു
ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2016, 6:34 pm

മുത്വലാഖ് വഴിയുള്ള വിവാഹമോചനം ലിംഗവിവേചനമാണ്. നീതിയുടെയും ന്യായത്തിന്റേയും വെളിച്ചം എല്ലാവര്‍ക്കും അന്തസ്സും സമത്വവും നല്‍കുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു.


ഹൈദരാബാദ്: ഭരണഘടനാ വിരുദ്ധവും സാംസ്‌കാരിക വിരുദ്ധവുമായ മുത്വലാഖ് രാജ്യത്ത് നിര്‍ത്തലാക്കാന്‍ സമയമായെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

മുത്വലാഖ് വഴിയുള്ള വിവാഹമോചനം ലിംഗവിവേചനമാണ്. നീതിയുടെയും ന്യായത്തിന്റേയും വെളിച്ചം എല്ലാവര്‍ക്കും അന്തസ്സും സമത്വവും നല്‍കുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യവിരുദ്ധമായ ഇതിനെതിരെ സമൂഹത്തില്‍ അഭിപ്രായം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. വിഷയം നിരവധി തവണ ഉയര്‍ന്നുവന്നതാണ്. ഇപ്പോള്‍ അത് റദ്ദാക്കുന്നതിനുള്ള സമയം അതിക്രമിച്ചു. ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും നീതി നടപ്പാക്കുന്നതിനും മുത്വലാഖ് രാജ്യത്ത് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ലിം സ്ത്രീകള്‍ ഇതിനെതിരാണ്. അവര്‍ക്ക് ലിംഗനീതി ഉറപ്പാക്കണം. ഭരണഘടനയ്ക്ക് മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. മുത്വലാഖ് വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആര്‍ക്കെങ്കിലും വിഷയത്തില്‍ വല്ല ആശങ്കകളും ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഏകസിവില്‍ കോഡ് വിഷയത്തില്‍ സര്‍ക്കാര്‍ സുതാര്യമായി തന്നെ എല്ലാ കാര്യങ്ങളും ചെയ്യും. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന് ചിലരുടെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.