എഡിറ്റര്‍
എഡിറ്റര്‍
ജനാധിപത്യത്തെ ജന്മിത്വം അപഹരിച്ചു; ഇന്ത്യയില്‍ വിപ്ലവം അനിവാര്യമായെന്ന് മാര്‍ക്കണ്ഡേയ കട്ജു
എഡിറ്റര്‍
Sunday 30th April 2017 7:42am

ന്യൂദല്‍ഹി: ഇന്ത്യയില്‍ വിപ്ലവം അനിവാര്യമായെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ജനാധിപത്യത്തെ ജന്മിത്വം അപഹരിച്ചു. രാജ്യതാല്‍പര്യങ്ങള്‍ക്ക് നേര്‍വിപരീതമാണ് രാഷ്ട്രീയക്കാരുടെ താല്‍പര്യങ്ങള്‍. ജന്മിത്വ ആയുധങ്ങളായ ജാതീയതയും വര്‍ഗീയതയും ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് രാഷ്ട്രീയക്കാരുടെ ലക്ഷ്യം. ഇത്തരം നേതാക്കളുടെ കീഴില്‍ രാജ്യത്തിന് ഒരിക്കലും പുരോഗതി ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു കട്ജുവിന്റെ പ്രതികരണം.

വോട്ട് നേടാനായി ജാതീയതയും വര്‍ഗീതയും വിദ്വേഷവും പടര്‍ത്തി സമൂഹത്തെ ധ്രുവീകരിക്കുന്ന സ്വാര്‍ത്ഥരായ തെമ്മാടികളും കൊള്ളക്കാരും ചതിയന്‍മാരും ഗുണ്ടകളുമാണ് മിക്ക രാഷ്ട്രീയക്കാരുമെന്നും കട്ജു പറഞ്ഞു. അതേസമയം, വിപ്ലവത്തിന്റെ അനിവാര്യതയ്ക്ക് എട്ടു കാരണങ്ങളും കട്ജു ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇംഗ്ലണ്ടിലെ പാര്‍ലിമെന്ററി സംവിധാനമാണ് നാം മാതൃകയാക്കിയത്. നിര്‍ഭാഗ്യവശാല്‍ സ്ഥാനാര്‍ത്ഥി നല്ലതാണോ ചീത്തയാണോ എന്നതിന് പകരം മിക്കപ്പോഴും അയാളുടെ ജാതിയും മതവുമാണ് വോട്ടര്‍മാര്‍ നോക്കുന്നത്. ഇത് പുരോഗതയിലേക്കല്ല കൊണ്ടുപോവുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഭരണഘടനയായിരുന്നു പാര്‍ലിമെന്ററി ജനാധിപത്യം വിഭാവനം ചെയ്തത്. എന്നാല്‍ അത് നിര്‍മ്മിച്ച ഭരണകൂട സംവിധാനങ്ങളെല്ലാം പൊള്ളയായി മാറി. ജന്മിത്വം നമ്മുടെ ജനാധിപത്യത്തെ അപഹരിച്ച് അതിനെ വെറും പ്രഹസനമാക്കി മാറ്റി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് നമ്മുടെ നിയമനിര്‍മ്മാതാക്കള്‍. കട്ജു പറയുന്നു.

നമ്മുടെ സമ്പദ്‌വ്യവസ്ഥ നിശ്ചലമാണ്. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും നിലനില്‍ക്കുന്നു. പൊതുജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസമോ ആരോഗ്യപരിരക്ഷയോ നല്‍കുന്നില്ല. 50% കുട്ടികള്‍ക്ക് മാത്രമേ പോഷകാഹാരം ലഭിക്കുന്നുള്ളു. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടി വരുന്നു. ഇന്ത്യയുടെ 70% സമ്പത്തും നിയന്ത്രിക്കുന്നത് 57 വ്യക്തികള്‍ ചേര്‍ന്നാണ്.

ഭൂരിഭാഗം പേരും മതവിശ്വാസികളായതിനാല്‍ വിപ്ലവം സാധ്യമല്ലെന്നാണ് ചിലര്‍ പറയുന്നത്. പക്ഷെ, റക്ഷ്യയിലെ ജനങ്ങള്‍, ‘മുഷിക്’ ഗ്രാമവാസികള്‍ റഷ്യന്‍ വിപ്ലവകാലത്ത് കടുത്ത മതവിശ്വാസികളായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ വൈവിധ്യമാണ് മറ്റുചിലര്‍ വിപ്ലവത്തിന് തടസ്സമായി പറയുന്നത്. പക്ഷെ ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതുപോലെ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാന്‍ നാം അനുവദിക്കരുതെന്നും മണ്ണിന്റെ മക്കള്‍ വാദത്തിന് പിറകിലെ വിദ്വേഷത്തിന്റെ മുഖംമൂടി നാം കീറിയെറിയണം. വടക്കുകിഴക്കന്‍ പ്രദേശത്തെ നമ്മുടെ സ്വന്തം നാട്ടുകാരെ ചിങ്കി എന്ന് വിളിക്കുന്നവരെ ശിക്ഷിക്കണമെന്നും കട്ജു പറയുന്നു.

ഇന്ത്യയില്‍ വിപ്ലവം വരുമെന്ന കാര്യത്തില്‍ യാതോരു സംശയവും വേണ്ട. ചിലപ്പോള്‍ വിപ്ലവത്തിനായി വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം. ദേശസ്‌നേഹികളായ ആധുനികചിന്താഗതിയുള്ള വ്യക്ത നേട്ടങ്ങള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ പ്രാധാന്യം കൊടുക്കാത്ത പുരുഷന്‍മാരും സ്ത്രീകളുമായിരിക്കും അതിന് നേതൃത്വം കൊടുക്കുക. അങ്ങനെയൊരു വിപ്ലവത്തിന് ശേഷം മാത്രമേ നമുക്ക് നീതിപൂര്‍വ്വമായ എല്ലാവര്‍ക്കും നല്ല രീതിയല്‍ ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയൊരു സാമൂഹികവ്യവസ്ഥ കെട്ടിപ്പടുക്കാനാവൂ എന്നാണ് അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിക്കുന്നത്.


Also Read: ഐ.എസില്‍ ചേര്‍ന്നെന്ന് കരുതുന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം; കൊല്ലപ്പെട്ടത് കാസര്‍ഗോഡ് സ്വദേശി


വിപ്ലവത്തിന് തയ്യാറെടുക്കുന്നതിനായി ഒരു സാംസ്‌ക്കാരിക പ്രത്യയശാസ്ത്ര വിപ്ലവം നടപ്പിലാക്കണം. നമ്മുടെ ദേശസ്‌നേഹികളായ ബുദ്ധിജീവികള്‍ ശാസ്ത്രചിന്തയും യുക്തിയും പ്രചരിപ്പിക്കുകയും ജാതീയതയെയും വര്‍ഗീയതയെയും അന്ധവിശ്വാസങ്ങളെയും മറ്റ് പിന്തിരിപ്പന്‍ ഫ്യൂഡല്‍ ചിന്താഗതികളെയും ശക്തമായിട്ട് എതിര്‍ക്കണമെന്നും ഗാന്ധി, ജിന്ന, ടാഗോര്‍, സയീദ് അഹമ്മദ് ഖാന്‍, ഇഖ്ബാല്‍, വീര്‍സവര്‍ക്കര്‍, തിലക്, ജാപ്പനീസ് ഏജന്റായ സുഭാഷ് ചന്ദ്ര ബോസ് എന്നീ വഞ്ചകന്‍മാരേക്കുറിച്ചുള്ള യാഥാര്‍ത്ഥ വസ്തുതകളും ജനങ്ങളെ അറിയിക്കണമെന്നും കട്ജു പറയുന്നു.

സാംസ്‌ക്കാരിക വിപ്ലവം നടപ്പിലാക്കാതെ വിപ്ലവം അസാധ്യമാണെന്ന് പറഞ്ഞാണ് കട്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement