ഇത് സ്ത്രീകള്‍ക്ക് ദൈവത്തിന് മുന്നില്‍ സമത്വം ലഭിക്കേണ്ട സമയം: രാമചന്ദ്ര ഗുഹ
national news
ഇത് സ്ത്രീകള്‍ക്ക് ദൈവത്തിന് മുന്നില്‍ സമത്വം ലഭിക്കേണ്ട സമയം: രാമചന്ദ്ര ഗുഹ
ന്യൂസ് ഡെസ്‌ക്
Sunday, 28th October 2018, 10:10 pm

ബെംഗളൂരു: സ്ത്രീകള്‍ക്ക് ദൈവത്തിന് മുന്നില്‍ സമത്വം ലഭിക്കേണ്ട സമയമാണിതെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ബെംഗളൂരു ലിറ്ററേച്ചല്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“90 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ദളിത് വിഭാഗക്കാരായ ആളുകള്‍ക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. 1920കളുടെ പകുതിയില്‍ ശ്രീനാരായണ ഗുരുവിനെ പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളാണ് ഇതിന് മാറ്റം വരുത്തിയത്. ”

“വൈക്കത്ത് ക്ഷേത്ര പ്രവേശന സത്യാഗ്രഹം ആരംഭിച്ചു. പുരോഹിത വിഭാഗത്തില്‍ നിന്നും ഒ.ബി.സി, പട്ടിക വിഭാഗത്തില്‍ നിന്നുമുള്ള മൂന്ന് പേര്‍ കൈകോര്‍ത്ത് പിടിച്ച് ക്ഷേത്ര പ്രവേശനം നടത്തി. അവര്‍ അടികൊണ്ട് വീണപ്പോള്‍ മറ്റ് മൂന്ന് പേര്‍ അതേറ്റെടുത്തു. രാജ്യത്താകമാനമുള്ള ക്ഷേത്ര പ്രവേശന മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്”.

Also Read:  ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാനുള്ള തടി അമിത് ഷായ്ക്കില്ല; മറുപടിയുമായി മുഖ്യമന്ത്രി

ഇന്ത്യന്‍ സമൂഹത്തില്‍ മൂന്ന് തരത്തിലുള്ള സമത്വമാണ് ഉള്ളത്. നിയമത്തിന് മുന്നിലുള്ള സമത്വം, നിത്യ ജീവിതത്തിലുള്ള സമത്വം, ദൈവങ്ങള്‍ക്ക് മുന്നിലുള്ള സമത്വം. ദൈവത്തിന് മുന്നില്‍ സ്ത്രീകള്‍ക്ക് സമത്വം ലഭിക്കേണ്ട സമയമാണിത്.

പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ദൈവങ്ങള്‍ക്ക് മുന്നിലുള്ള സമത്വത്തിന് ഇന്ത്യയില്‍ പ്രാധാന്യമുണ്ട്. മതപരതയ്ക്കും വിശ്വാസങ്ങള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും ഇന്ത്യയില്‍ വലിയ പ്രാധാന്യമാണുള്ളത്. ഈ സാഹചര്യത്തില്‍ മാത്രം ദളിതര്‍ സ്ത്രീകളേക്കാള്‍ പുരോഗതി നേടിയിട്ടുണ്ടെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ ഒരു ദൈനംദിന യാഥാര്‍ത്ഥ്യമായി ഇന്ത്യയില്‍ മാറുകയാണെന്നാണ് മീ ടു പ്രചാരണത്തിന്റെ ഭാഗമായി പുറത്തു വന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. ചൂഷണത്തിനെതിരായി ഉറക്കെ പറയാനുള്ള സ്ത്രീകളുടെ ധൈര്യത്തെ താന്‍ അഭിനന്ദിക്കുകയാണെന്നും രാമചന്ദ്ര ഗുഹ കൂട്ടിച്ചേര്‍ത്തു.