എഡിറ്റര്‍
എഡിറ്റര്‍
‘അവന്റെ ലക്ഷ്യം പണമായിരുന്നു’;പ്രണയത്തിലായിരുന്നെന്ന് അയാളോടും വീട്ടുകാരോടും പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയുടെ കാമുകന്‍
എഡിറ്റര്‍
Wednesday 2nd August 2017 10:22pm


തൃശ്ശൂര്‍: തങ്ങള്‍ പ്രണയത്തിലായിരുന്നു എന്ന വിവരം വരനടക്കം എല്ലാവരെയും അറിയിച്ചിരുന്നുവെന്ന് ഗുരുവായൂരില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയുടെ കാമുകന്‍ . എല്ലാം തുറന്ന് പറഞ്ഞിട്ടും അവളെ കെട്ടാന്‍ വന്ന ചെറുപ്പക്കാരന്റെ ലക്ഷ്യം പണമാണെന്നാണ് തോന്നിയതെന്നും, വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ മാക്സിമം അപകീര്‍ത്തിപ്പെടുത്തുകയാണ് അയാളുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും അഭിജിത്ത് പറയുന്നു.

പെണ്‍കുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നതിനിടെയാണ് അഭിജിത്തിന്റെ വെളിപ്പെടുത്തല്‍. നാരദാ ന്യൂസിനോടാണ് അഭിജിത്തിന്റെ വെളിപ്പെടുത്തല്‍

ഞങ്ങള്‍ മൂന്നുവര്‍ഷമായി പ്രണയത്തിലാണ്. ഇക്കാര്യം പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അറിയാവുന്നതാണ്. വീട്ടില്‍ കല്യാണം ആലോചിക്കുന്ന വിവരം അവളെന്നോട് പറഞ്ഞിരുന്നു. ഞങ്ങളത് മുടക്കാന്‍ ശ്രമിച്ചിരുന്നു. എനിക്കവളെ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ മൈനറാണ്. എനിക്ക് ഇരുപത് വയസെയുള്ളു. ഈറോഡില്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഞാന്‍ എന്തു ധൈര്യത്തിലാണ് ഒരു പെണ്‍കുട്ടിയുടെ കല്യാണം മുടക്കി അവളെ വിളിച്ചിറക്കിക്കൊണ്ട് വരുന്നത്. പക്ഷെ അവള്‍ മുടക്കാനുള്ള വഴികളെല്ലാം നോക്കി അഭിജിത്ത് പറയുന്നു.


Also read സോഷ്യല്‍ മീഡിയയിലെ ഖാപ് പഞ്ചായത്തുകാരെ അവര്‍ അത്മഹത്യചെയ്താല്‍ നിങ്ങള്‍ക്ക് സന്തോഷമാകുമോ; കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തക


ഒരു മാസം കൊണ്ടാണ് ഇരു വീട്ടുകാരും കല്യാണം റെഡിയാക്കിയത്. വിവാഹ നിശ്ചയം പോലും നടത്തിയിട്ടില്ല. തനിക്കീ വിവാഹം വേണ്ടെന്ന് അവള്‍ അച്ഛനോടും അമ്മയോടും പലവട്ടം പറഞ്ഞു. കല്യാണം കഴിക്കാന്‍ വന്ന ഷിജില്‍നോടും ഇക്കാര്യം പറഞ്ഞു. ഷിജിലിന്റെ കോളുകള്‍ക്കും മെസേജുകള്‍ക്കും അവള്‍ മറുപടി കൊടുത്തിരുന്നില്ല. ഞാനുമായി പ്രണയത്തിലാണെന്നും അതുകൊണ്ടാണ് മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടി നല്‍കാത്തതെന്നും അവള്‍ പറഞ്ഞു. എന്നാല്‍ പഴയ കാര്യങ്ങള്‍ നീ മറന്നാല്‍ മതിയെന്നായിരുന്നു അയാളുടെ പ്രതികരണം.
കല്യാണ ദിവസം വന്നു. എനിക്കവളുടെ കല്യാണത്തിന് പോകണമെന്ന് തോന്നി. പന്തലില്‍ വെച്ചു ഒരു നോക്കു കണ്ടു. കെട്ടുകഴിഞ്ഞപ്പോ എനിക്കവിടെ നിക്കാന്‍ തോന്നിയില്ല. ഞാന്‍ വീട്ടിലേക്ക് പോന്നു. പിന്നീടാണ് അത് സംഭവിച്ചത്. എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കാനാവില്ലെന്ന് പറഞ്ഞ് അവള്‍ താലി ഊരി ഷിജിലിന് നല്‍കി. അയാളുടെ മാമന്‍ അവളെ പരസ്യമായി ചെരുപ്പൂരി അടിച്ചു. വീട്ടുകാര് തമ്മില്‍ സംഘര്‍ഷമായി. പ്രശ്നം പൊലീസ് സ്റ്റേഷനിലെത്തി. ഒത്തു തീര്‍പ്പില്‍ എട്ടുലക്ഷം കൊടുക്കണമെന്ന് തീരുമാനമായി. കല്യാണം മുടങ്ങിയന്ന് വൈകുന്നേരം പെണ്‍കുട്ടിയുടെ അച്ഛന്‍ എന്റെ മാതാപിതാക്കളോട് സംസാരിച്ചു. പഠനം കഴിഞ്ഞ് ഉടനെ വിവാഹം നടത്താമെന്ന തീരുമാനത്തിലാണ് ഞങ്ങളുടെ വീട്ടുകാര്‍. ഈ വിഷയത്തില്‍ അര്‍ദ്ധ സത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ല എന്നും അഭിജിത്ത് പറയുന്നു.

ഗുരുവായൂരില്‍വെച്ച് ഞായറാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ താലി ഊരികൊടുത്തു കൊണ്ട് പെണ്‍കുട്ടി പോകുകയായിരുന്നു.

വാര്‍ത്ത സോഷ്യല്‍ മീഡിയകളിലടക്കം വലിയ ചര്‍ച്ചകള്‍ക്കു ഇത് വഴിവെച്ചിരുന്നു. പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും അവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും ‘തേപ്പുകാരി’യെന്നു വിളിച്ച് അധിക്ഷേപിച്ചും മറ്റും നിരവധി പേര്‍ രംഗത്തുവന്നിരുന്നു.
വീട്ടുകാരോടും വരനോടും പ്രണയബന്ധത്തിന്റെ കാര്യം മറച്ചുവെച്ച് പെണ്‍കുട്ടി ചതിച്ചെന്നും ‘കല്ല്യാണ വേളയില്‍ ലഭിക്കുന്ന സ്വര്‍ണവുമായി മുങ്ങാനാണ്’ ഇത്തരത്തില്‍ ചെയ്തതെന്നുമൊക്കെ പറഞ്ഞായിരുന്നു അധിക്ഷേപം.

വിവാഹം മുടങ്ങിയതിനു പിന്നാലെ വരന്റെ വീട്ടില്‍ നടത്തിയ ആഘോഷവും സോഷ്യല്‍ മീഡിയ പെണ്‍കുട്ടിയെ ആക്രമിക്കുന്നതായി ഉപയോഗിച്ചിരുന്നു. ‘ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന്’ എന്ന തലക്കെട്ടില്‍ വരന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത റിസപ്ഷന്റെ ഫോട്ടോകളും പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വലിയ തോതില്‍ ഉപയോഗിച്ചിരുന്നു.

Advertisement