15 ശതമാനം മുന്നാക്കസംവരണം, ജനസംഖ്യാനുപാത സംവരണത്തിന്റെ തുടക്കം; ബി.എസ്.പി സ്ഥാനാര്‍ഥി നിഖില്‍ ചന്ദ്രശേഖരന്‍ സംസാരിക്കുന്നു
ജംഷീന മുല്ലപ്പാട്ട്

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 നാണ് നടക്കുന്നത്. മെയ് 23നാണ് ഫലം പ്രഖ്യാപിക്കുക. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ കേരളത്തിലെ ഇരുപതു സീറ്റിലും മത്സരിക്കുമ്പോള്‍ ശ്രദ്ധേയമാകുന്നത് അധികമൊന്നും കേരളത്തില്‍ വെരോടിയിട്ടില്ലാത്ത ബി.എസ്.പിയുടെ സാനിധ്യമാണ്.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നു എന്ന് ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ജെ. സുധാകരനാണ് അറിയിച്ചത്. യുവാക്കളെ കൂടുതാലും ഉള്‍പ്പെടുത്തിയാണ് ദളിത് പിന്നോക്ക ബഹുജന്‍ രാഷ്ട്രീയം പറയുന്ന ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശ്ശൂരില്‍ നിഖില്‍ ചന്ദ്ര ശേഖരന്‍, ആലത്തൂരില്‍ ഡോ.ജയന്‍ സി, പത്തനംതിട്ടയില്‍ ഷിബു പാറക്കടവ്, ഇടുക്കിയില്‍ ലീതേഷ് പി.റ്റി, തിരുവനന്തപുരാത്ത് കിരണ്‍ കുമാര്‍ എസ്.കെ, പാലക്കാട് ഹരി അരുമ്പില്‍, കോട്ടയത്ത് ജിജോ ജോസഫ്, കൊല്ലത്ത് സുധീര്‍ കൈതക്കോടി, മാവേലിക്കരയില്‍ തൊള്ളൂര്‍ രാജഗോപാല്‍, ചാലക്കുടിയില്‍ എന്‍ ജോണ്‍സണ്‍, ആലപ്പുഴയില്‍ അഡ്വ. പ്രശാന്ത് ഭീം, മലപ്പുറത്ത് അഡ്വ. പ്രവീണ്‍ കുമാര്‍, ആറ്റിങ്ങലില്‍ വിപിന്‍ ലാല്‍ എന്നിങ്ങനെയാണ് ബി.എസ്.പിയുടെ സ്ഥാനാര്‍ഥി നിര. എന്നാല്‍ ഏറ്റവും കൂടുതല്‍ ഫെമിനിസവും ജെന്‍ഡര്‍ രാഷ്ട്രീയവും പറയുന്ന ഈ കാലഘട്ടത്തില്‍ ഒരു സ്ത്രീ സ്ഥാനാര്‍ഥിയെ ലോകസഭയിലേയ്ക്ക് മത്സരിപ്പിക്കാന്‍ അതും മായാവതി നയിക്കുന്ന ബി.എസ്.പിക്ക് സാധിച്ചട്ടില്ല.

അതേസമയം, കേരളത്തില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നയിച്ച ഒരു പഞ്ചായത്തുണ്ട്. കോട്ടയം ജില്ലയിലെ കോരുത്തോട്. ചരിത്രത്തിലാദ്യമായി ബി.എസ്.പിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോരളത്തില്‍ ലഭിക്കുന്നത് ഇവിടെയാണ്. ബിന്ദുവാണ് കോരളത്തിലെ അദ്യത്തെ ബി.എസ്.പിയുടെ പഞ്ചായത്ത് പ്രസിഡന്റ്.

2013ല്‍ നടന്ന കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ പഞ്ചായത്ത് അംഗമായ ബിന്ദുവിനെ യു.ഡി.എഫ് പിന്തുണയോടെ തെരഞ്ഞെടുക്കുകയായിരുന്നു. 2015ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി 122 സിറ്റില്‍ മല്‍സരിച്ചെങ്കിലും സിറ്റ് ഒന്നും ലഭിച്ചില്ല. മുഴുവന്‍ സിറ്റില്‍ നിന്നും ആകെ ലഭിച്ച വോട്ട് 104977ആണ്.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‌സഭാ സ്ഥാനാര്‍ഥിയുള്ളതും ബി.എസ്.പിയിലാണ്. തൃശൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന 25 വയസ്സുകാരനായ നിഖില്‍ ചന്ദ്രശേഖരന്‍. എം.ബി.എ ബിരദദാരിയായ നിഖില്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും ഡൂള്‍ ടോക്കില്‍ സംസാരിക്കുന്നു.

എല്‍.ഡി.എഫി സ്ഥാനാര്‍ഥി രാജാജി മാത്യു, യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ്‌ഗോപി എന്നിവരോടാണ് തൃശ്ശൂരില്‍ നിഖില്‍ മത്സരിക്കുന്നത്. ജയിക്കാന്‍ സാധിച്ചില്ലെങ്കിലും രണ്ടു ലക്ഷത്തിന്റെ അടുത്ത് വോട്ടു നേടി മൂന്നാം സ്ഥാനക്കാരനാവുമെന്ന് നിഖില്‍ പറയുന്നു.

ലോക്‌സഭാ സ്ഥാനാര്‍ഥിയായി മത്സര രംഗത്തേയ്ക്ക് വരാനുണ്ടായ രാഷ്ട്രീയ സാഹചര്യം എന്തൊക്കെയാണ്?

കേരളത്തിലെ രാഷ്ട്ട്രീയത്തില്‍ ഇടത്, വലത്, ബി.ജെ.പി മുന്നണികള്‍ക്കു അപ്പുറത്ത് മറ്റൊരു രാഷ്ട്രീയവും പാര്‍ട്ടിയേയും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അത്തരം ഒരു സാഹചര്യത്തിലാണ് അംബേദ്ക്കറൈറ്റ് രാഷ്ട്രീയം സംസാരിക്കുന്ന ബി.എസ്.പി മത്സര രംഗത്തേയ്ക്ക് വരുന്നത്. ഈ സാഹചര്യത്തിലാണ് യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ പേര് മുന്നോട്ടു വെക്കുന്നതും ഞാന്‍ സ്ഥാനാര്‍ഥിയാവുന്നതും.

ഈ മൂന്നു മുന്നണികളും മുന്നോട്ടു വെക്കുന്നത് ആക്രമത്തിന്റേയോ വര്‍ഗീയതയുടേയോ രാഷ്ട്രീയമാണ്. അത്തരം ഒരു സാഹചര്യത്തില്‍ ബി.എസ്.പിക്ക് സാധ്യതകളുണ്ട്. ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഞങ്ങള്‍ക്കത് മനസ്സിലാകുന്നുണ്ട്. എല്ലാവരും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ജനങ്ങള്‍ ഞങ്ങളെ ഏറ്റെടുക്കുന്നു. ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബി.എസ്.പിയുടെ ശക്തി എന്താണെന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ മനസ്സിലാക്കുകയും തെരഞ്ഞെടുപ്പു ഫലത്തില്‍ നിര്‍ണായക ശക്തിയായി ബി.എസ്.പി മാറും എന്നുള്ള ഉറച്ച പ്രതീക്ഷയും ഞങ്ങള്‍ക്കുണ്ട്.

കേരളത്തില്‍ ഇക്കാലമത്രയും അധികാരത്തിലിരിന്നിട്ടുള്ളത് പ്രധാനപ്പെട്ട രണ്ടു മുന്നണികളായിട്ടുള്ള എല്‍.ഡി.എഫും യു.ഡി.എഫുമാണ്. ഇതിനൊരു ബദല്‍ രാഷ്ട്രീയം മുന്നോട്ടു വെക്കാന്‍ ബി.എസ്.പിക്ക് സാധ്യമാകുമോ? അങ്ങനെയെങ്കില്‍ ഏതൊക്കെ തരത്തിലുള്ള രാഷ്ട്രീയ സമവാക്യങ്ങളാണ് ബി.എസ്.പി മുന്നോട്ടു വെക്കുക?

ഇടതു വലതു മുന്നണികള്‍ മുന്നോട്ടു വെക്കുന്നത് അക്രമത്തിന്റെ അല്ലെങ്കില്‍ അഴിമതിയുടെ രാഷ്ട്രീയമാണ്. ഇതിനു ബദലായി അംബേദ്ക്കറൈറ്റ് അല്ലെങ്കില്‍ ബഹുജന്‍ രാഷ്ട്രീയത്തിന് സാധ്യതയുണ്ട്. ഇന്നേവരെ അടിച്ചമര്‍ത്തപ്പെട്ടവന്റേയും ആക്രമിക്കപ്പെടുന്നവന്റയേും കൂടെ നില്‍ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരം സാഹചര്യത്തില്‍ കേരളത്തില്‍ ബഹുജന്‍ രാഷ്ട്രീയം പറയുന്ന പാര്‍ട്ടിക്ക് സാധ്യതയുണ്ട്.

മധുവിനെ പോലെയുള്ള ആദിവാസി യുവാക്കളെ പൊതുജനം ആക്രമിക്കുന്നു, ഉത്തരേന്ത്യന്‍ തൊഴിലാളികളെ ആക്രമിക്കുന്നു തുടങ്ങി ഉത്തരേന്ത്യയോട് സമാനമായ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഇവിടുത്തെ മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും പുകമറ സൃഷ്ടിച്ചുകൊണ്ട് കേരളം നമ്പര്‍ വണ്‍ ആണെന്ന് പ്രചരിപ്പിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ തന്നെ 96 ശതമാനം വളര്‍ച്ചയാണെന്നു പറയുമ്പോഴും, ഇപ്പോഴും പലരും തഴയപ്പെടുന്നുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ ബി.എസ്.പി കേരളത്തിലും പ്രസക്തമാണ്.

ബി.എസ്.പിക്ക് ജനങ്ങളുടെ മുന്നില്‍ മുന്നോട്ടു വെക്കാനുള്ള മാനിഫെസ്റ്റോ എന്തായിരിക്കും?

ബി.എസ്.പിക്ക് പ്രകടനപത്രികയില്ല. ബി.എസ്.പി മുന്നോട്ടു വെക്കുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടന നടപ്പിലാക്കും എന്നാണ് ജനങ്ങളോട് പറയുന്നത്. ഭരണഘടന നടപ്പിലാക്കിയാല്‍ ഇവിടുത്തെ സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതെയാവും. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഭരണഘടന മുറുകെ പിടിച്ചാണ് മുന്നോട്ടു പോകുന്നത്.

ബി.എസ്.പി മുന്നോട്ടു വെക്കുന്നത് ബഹുജന്‍ രാഷ്ട്രീയമാണല്ലോ. സമകാലീക ഇന്ത്യന്‍ അല്ലെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ ബഹുജന്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി എത്രത്തോളമാണ്?

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ദളിത്, ആദിവാസി, മറ്റു ന്യൂനപക്ഷങ്ങള്‍ ഇവരെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള ബഹുജന്‍ രാഷ്ട്രീയം അംബേദ്കര്‍ മുന്നോട്ട് വെച്ചതാണ്. ഈ രാഷ്ട്രീയം കേരളത്തിലും ഇന്ത്യയിലും ഇപ്പോള്‍ പ്രസക്തമാണ്. കേരളത്തിലെ മൂന്നു പാര്‍ട്ടികളും പൂര്‍ണമായു സവര്‍ണ കാഴ്ചപ്പാടാണ് വെച്ചുപുലര്‍ത്തുന്നത്. അവര്‍ ഒരിക്കലും ഈ വിഭാഗത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. അത്തരം ഒരു സാഹചര്യത്തില്‍ ഈ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി വരുമ്പോള്‍ അതിനെ ജനങ്ങള്‍ സ്വീകരിക്കും.

വളരെയധികം ഫെമിനിസവും ജെന്‍ഡര്‍ രാഷ്ട്രീയവും പറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. ബി.എസ്.പിയുടെ വളര്‍ച്ച തന്നെ ഒരുപക്ഷേ മായാവതിയിലൂടെയാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ബി.എസ്.പി മത്സരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഒരു വനിതാ സ്ഥാനാര്‍ഥി ഇല്ലതായിപ്പോയത്?

കേരളത്തിന്റെ സാഹചര്യത്തില്‍ അത് ഒരു ന്യൂനത തന്നെയാണ്. ദേശീയ തലത്തില്‍ സ്ത്രീ സ്ഥാനാര്‍ഥികളുണ്ട്. 70 വര്‍ഷം കഴിഞ്ഞിട്ടും കേരളത്തിലെ മറ്റു പാര്‍ട്ടികള്‍, സ്ത്രീകള്‍ അവരുടെ കൂടെയുണ്ടെന്ന് കാണിക്കാന്‍ മാത്രം ചില സീറ്റുകള്‍ നല്‍കുകയും അവരെ മത്സരിപ്പിക്കുകയുമാണ് ചെയ്യുന്നത്. മുഖ്യധാര രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് വളരെ ചുരുക്കം സ്ത്രീകള്‍ മാത്രമാണ്.

സ്ത്രീകളെ ബാനര്‍ പിടിക്കാനും ആങ്കര്‍ ചെയ്യാനുമായിട്ടാണ് ഈ പറയുന്ന പുരോഗമ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം കാണുന്നത്. ബി.എസ്.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ സ്ത്രീകളെ മുന്നോട് കൊണ്ടുവാരാന്‍ സാധിച്ചില്ല എന്നത് വാസ്തവമാണ്. അടുത്ത തെരഞ്ഞെടുപ്പുകളിയും അല്ലാതെയും കൂടുതല്‍ സ്ത്രീകളെ പ്രായോഗിക രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാന്‍ ബി.എസ്.പി ശ്രമിക്കും.

ആര്‍.എസ്.എസിന്റേയും മറ്റു സംഘപരിവാര്‍ സംഘടനകളുടയേും കാലങ്ങളായുള്ള അജണ്ടയായിരുന്നു ഇന്ത്യയില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കണം എന്നുള്ളത്. സാമ്പത്തിക സംവരണ ബില്ല് വന്നപ്പോള്‍ ബി.എസ്.പി അതിനെ അനുകൂലിച്ചു. എങ്ങനെയാണ് ബഹുജന്‍ രാഷ്ട്രീയം പറയുന്ന ഒരു പാര്‍ട്ടിക്ക് സാമ്പത്തിക സംവരണത്തെ പിന്തുണക്കാന്‍ സാധിക്കുക?

ഈ ബില്ലിനെ പിന്തുണക്കുന്നത് വ്യക്തമായിട്ടുള്ള രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ്. ജനസംഖ്യാനുപാതികമായിട്ടുള്ള സംവരണമാണ് ബി.എസ്.പി അനുകൂലിക്കുന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ 15 ശതമാനം വരുന്ന സവര്‍ണ വിഭാഗങ്ങള്‍ക്ക് 15 ശതമാനം സംവരണം നല്‍കുക എന്നുള്ളതാണ് ബി.എസ്.പിയുടെ കാഴ്ചപ്പാട്. കേന്ദ്ര സര്‍ക്കാറിലിപ്പോള്‍ 22.5 ശതമാനം ദളിത് സംവരണമാണുള്ളത്.

സംവരണം കൊണ്ടുവന്ന സമയത്ത് നല്‍കിയിരുന്ന പ്രാതിനിധ്യമാണ് ആദിവാസി വിഭാഗങ്ങള്‍ക്ക് ഇപ്പോഴും നല്‍കുന്നത്. ബി.എസ്.പിയുടെ കാഴ്ചപ്പാടില്‍ ഈ വിഭാഗങ്ങള്‍ക്ക് 30 ശതമാനവും മുസ്‌ലീംങ്ങള്‍ അടക്കമുള്ള മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് 55 ശതമാനവും സംവരണം നല്‍കണം എന്നാണ്. ഈ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി നേതൃത്വം നല്‍കുന്ന ഒരു മുന്നണി കേന്ദ്രത്തില്‍ വന്നാല്‍ ബി.എസ്.പി നടപ്പാക്കാന്‍ പോകുന്ന ആദ്യ കാര്യങ്ങളില്‍ ഒന്നാകും ജനസംഖ്യാനുപാതികമായിട്ടുള്ള സംവരണം.

ആര്‍.എസ്.എസ്, സംഘപരിവാര്‍, ഹിന്ദുത്വ ദേശ രാഷ്ട്ര സങ്കല്‍പ്പത്തില്‍ അപരവല്‍ക്കരിക്കപ്പെടുന്നത് മുസ്‌ലീംങ്ങളാണ്. ബീഫിന്റെ പേരിലും പ്രണയത്തിന്റെ പേരിലും മുസ്‌ലീംങ്ങള്‍ കൊല്ലപ്പെടുന്നു. തദ്ദേശീയരായ മുസ്‌ലീംങ്ങളോട് ഇന്ത്യവിട്ട് പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്ന് പറയുന്നു. ഇത്തരത്തില്‍ ഇന്ത്യ നേരിടുന്ന ജനാധിപത്യ പ്രതിസന്ധിക്ക് എന്ത് രാഷ്ട്രീയമാണ് ബി.എസ്.പിക്ക് മുന്നോട്ടു വെക്കാനുള്ളത്?

മുസ്‌ലീം ജനവിഭാഗത്തെ പ്രായോഗിക രാഷ്ട്രീയത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തും എന്നാണ് ബി.എസ്.പിക്ക് മുന്നോട്ടു വെക്കാനുള്ളത്. കൂടാതെ അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും അവരുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുകയും ചെയ്യും. കേരളത്തിന്റെ സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ സ്വത്വ രാഷ്ട്രീയം അല്ലെങ്കില്‍ മുസ്‌ലീം രാഷ്ട്രീയം പറയുക, കെട്ടിപ്പടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഒരുപക്ഷേ അത്തരത്തില്‍ വളര്‍ന്നു വന്നിട്ടുള്ള മൂവ്‌മെന്റുകള്‍ ഒക്കെതന്നെ ഭീകരവാദ അല്ലെങ്കില്‍ തീവ്രവാദ ചരടില്‍ കെട്ടിയിടുകയാണ് ചെയ്യുന്നത്. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ അവര്‍ക്ക് നേരെ പ്രയോഗിക്കുന്നു. അത്തരം സാഹചര്യത്തില്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ ബി.എസ്.പിയിലേയ്ക്ക് കൂടുതല്‍ മുസ്‌ലീംങ്ങള്‍ കടന്നു വരികയാണെങ്കില്‍ അവരുടെ രാഷ്ട്രീയം കൂടുതയായ് മുന്നോട്ടു വെക്കാന്‍ സാധിക്കും.

ഇത്തരത്തിലുള്ള ഭരണകൂടത്തിന്റെ അല്ലെങ്കില്‍ മറ്റു് ആളുകളില്‍ നിന്നും നേരിടേണ്ടി വരുന്ന അക്രമണങ്ങളെ ഇല്ലാതെയാക്കാന്‍ ബി.എസ്.പിക്ക് സാധിക്കും. അത്തരത്തില്‍ എല്ലായിപ്പോഴും ബി.എസ്.പി മുസ്‌ലിംങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. അധികാര കേന്ദ്രത്തില്‍ പോലും മുസ്‌ലിംങ്ങളെ ഉള്‍പ്പെടുത്തിയാണ് ബി.എസ്.പി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

 

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം