ഡി.വൈ.എഫ്.ഐയുടെ 'പൊറോട്ട ബാനര്‍' തകര്‍ത്ത് കോണ്‍ഗ്രസ്; ഇനി രാഹുല്‍ പോകും വഴിയെല്ലാം ബാനറെന്ന് ഡി.വൈ.എഫ്.ഐ
Kerala News
ഡി.വൈ.എഫ്.ഐയുടെ 'പൊറോട്ട ബാനര്‍' തകര്‍ത്ത് കോണ്‍ഗ്രസ്; ഇനി രാഹുല്‍ പോകും വഴിയെല്ലാം ബാനറെന്ന് ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th September 2022, 8:05 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ‘പരിഹസിച്ചുകൊണ്ട്’ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ‘പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല’ എന്നെഴുതിയ ബാനര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

കഴിഞ്ഞദിവസം തൃശൂര്‍ പുതുക്കാട് സെന്ററില്‍ സ്ഥാപിച്ച ബാനറാണ് ഭാരത് ജോഡോ യാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയത്.

രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ബാനറാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയത്.

എന്നാല്‍ ഇനി രാഹുലിന്റെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിലെല്ലാം ഇത്തരത്തില്‍ ബാനര്‍ സ്ഥാപിക്കുമെന്നാണ്  ഡി.വൈ.എഫ്.ഐയുടെ പ്രതികരണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് യാത്രയുടെ വഴികളിലെല്ലാം ബാനര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി വൈശാഖന്‍ റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി പുതിയ ബാനറുകള്‍ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുമുണ്ട്.

”ഇന്നലെ ഡി.വൈ.എഫ്.ഐ പുതുക്കാട് സെന്ററില്‍ ഒരു ബാനര്‍ സ്ഥാപിച്ചു. ഇന്ന് ലുഡോ യാത്ര കടന്നുപോയപ്പോള്‍, ജാഥാംഗങ്ങള്‍ സമാധാനപരമായി അത് പൊളിച്ചുനീക്കി.

ആ ബാനറില്‍ ജാഥയെ കുറിച്ചോ വയനാട് എം.പി.യെ കുറിച്ചോ ഒരു വാക്ക് പോലും എഴുതിയിട്ടില്ല. എന്നിട്ടും ജാഥക്കാരെ അത് പ്രകോപിപ്പിച്ചു. പൊറോട്ട എന്ന വാക്ക് ഇത്രമേല്‍ പ്രകോപിപ്പിക്കാന്‍ എന്തായിരിക്കും കാരണം.

ജനങ്ങള്‍ ഇനിയും ഇതിങ്ങനെ എഴുതികൊണ്ടേയിരിക്കും. ഒന്നുകില്‍ അയാള്‍ (രാഹുല്‍ ഗാന്ധി) രാഷ്ട്രീയം പറയണം. അല്ലെങ്കില്‍ ഈ പട്ടി ഷോ നിര്‍ത്തണം. അതുവരെ പറയും,” എന്നാണ് കോണ്‍ഗ്രസുകാര്‍ ബാനര്‍ തകര്‍ത്ത സംഭവത്തില്‍ എന്‍.വി വൈശാഖന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

ഡി.വൈ.എഫ്.ഐയുടെ ‘പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല’ ബാനര്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Content Highlight: Thrissur DYFI says banners mocking Rahul Gandhi’s Bharat Jodo Yatra will be placed everywhere