അപൂര്‍വമായി കിട്ടിയ ആസിഫ് അലിയുടെ പൊലീസ് കഥാപാത്രങ്ങള്‍
Film News
അപൂര്‍വമായി കിട്ടിയ ആസിഫ് അലിയുടെ പൊലീസ് കഥാപാത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th May 2022, 3:58 pm

ആസിഫ് അലി നായകനായ കുറ്റവും ശിക്ഷയും കഴിഞ്ഞ മെയ് 27നാണ് റിലീസ് ചെയ്തത്. രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാനിലേക്ക് പോകുന്ന അഞ്ച് പൊലീസുകാരെ പറ്റിയാണ്.

ആസിഫ് അലി, സണ്ണി വെയ്ന്‍, സെന്തിള്‍ കുമാര്‍, ഷറഫുദ്ദീന്‍, അലന്‍സിയര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ അഞ്ച് പൊലീസുകാരായെത്തിയത്.

സി.ഐ സാജന്‍ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. 2009ല്‍ ശ്യാമ പ്രസാദ് ചിത്രം ഋതുവിലൂടെ തുടങ്ങിയ കരിയറില്‍ അപൂര്‍വമായാണ് ആസിഫ് അലി പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. മൂന്ന് പൊലീസ് കഥാപാത്രങ്ങളാണ് അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

2016ല്‍ പുറത്തിറങ്ങിയ ഇതു താന്‍ഡാ പൊലീസ് എന്ന സിനിമയിലാണ് ആസിഫ് ആദ്യമായി പൊലീസ് കഥാപാത്രമായി എത്തിയത്. മനോജ് പാലോടന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാമകൃഷ്ണന്‍ എന്ന കോണ്‍സ്റ്റബിളായാണ് ആസിഫ് അലി എത്തിയത്.

രാമകൃഷ്ണന്‍, എലത്തൂര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ ഡ്രൈവറായി നിയമിതനാവുന്നതും തന്റെ ജോലി രക്ഷിക്കാനായി സബ് ഇന്‍സ്‌പെക്ടര്‍ അരുന്ധതി വര്‍മയുമായി നേരിടേണ്ടി വരുന്നതുമാണ് ഇതു താന്‍ഡാ പൊലീസ് എന്ന ചിത്രത്തില്‍ പറയുന്നത്.

2019 ലാണ് ആസിഫിന് അടുത്ത പൊലീസ് കഥാപാത്രത്തെ ലഭിക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തിയ ഉണ്ടയില്‍ കാമിയോ റോളിലെത്തുന്ന ആസിഫിന്റെ പൊലീസ് കഥാപാത്രം കഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഛത്തീസ്ഗണ്ഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശത്ത് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിന് തോക്കില്‍ നിറക്കേണ്ട ഉണ്ടകള്‍ എത്തിക്കേണ്ട ചുമതലയായിരുന്നു ആസിഫ് അലിയും വിനയ് ഫോര്‍ട്ടും അവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങള്‍ക്ക്.

എന്നാല്‍ ഇവരുടെ അശ്രദ്ധ കൊണ്ട് ഉണ്ട ട്രെയ്‌നില്‍ വെച്ച് മോഷ്ടിക്കപ്പെടുന്നതും ഛത്തീസ്ഗണ്ഡിലെ പൊലീസുകാര്‍ ഉണ്ടയില്ലാതെ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ഉണ്ടയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

മൂന്നാമതായി ആസിഫ് അലിയെ തേടിയെത്തിയതാണ് കുറ്റവും ശിക്ഷയിലെ സി.ഐ സാജന്‍ ഫിലിപ്പ്. ആസിഫ് അലി ഇതുവരെ ചെയ്തതില്‍ വെച്ച് ശക്തമായ ഒരു കഥാപാത്രമാണ് കുറ്റവും ശിക്ഷയിലേത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയില്‍ ഒരു പൊലീസുകാരന്റെ ആത്മസംഘര്‍ഷങ്ങളും നിസഹായവസ്ഥയുമെല്ലാം ആസിഫ് മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാന്‍ പോകുന്ന അന്വേഷകന് ഓരോ നിമിഷവും എത്രമാത്രം വിലപ്പെട്ടതാണെന്ന് പ്രതീകാത്മകമായി കാണിക്കാനും ആസിഫിനായി. കേരളത്തിലെ ഒരു ശരാശരി പോലീസുകാരന്റെ ജീവിതം എങ്ങനെയൊക്കെയാണ് എന്നതാണ് കുറ്റവും ശിക്ഷയും എന്ന ചിത്രത്തില്‍ പറയുന്നത്.

Content Highlight: three Police characters of Asif Ali