ചന്ദ്രഗിരിപ്പുഴയിലെ ജലജീവികളുടെ സങ്കടങ്ങള്‍ അറിയിക്കാന്‍ ഒരു കുറിപ്പ്
Environment
ചന്ദ്രഗിരിപ്പുഴയിലെ ജലജീവികളുടെ സങ്കടങ്ങള്‍ അറിയിക്കാന്‍ ഒരു കുറിപ്പ്
ഡോ. ഇ ഉണ്ണിക്കൃഷ്ണന്‍
Wednesday, 22nd May 2019, 4:19 pm

മെയ് 22 ലെ ഈ അന്താരാഷ്ട്ര ജൈവ വൈവിധ്യദിനത്തില്‍ പൂര്‍ണമായി വറ്റിത്തീര്‍ന്ന ചന്ദ്രഗിരിപ്പുഴയിലെ ജലജീവികളുടെ മഹാസങ്കടങ്ങള്‍ക്കു മുമ്പില്‍ നിന്നു കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. മീനുകളുടെ പിറവിയും മരണവും മനുഷ്യന് ആഘോഷമാണ്. ഇടവപ്പാതിയില്‍ ഊത്ത മീന്‍ കയറുമ്പോള്‍ വാക്കത്തിയും കുത്തൂടുമായി മീന്‍ വേട്ടക്കിറങ്ങുന്നവര്‍ പാടവും പുഴയും കുളവും വറ്റിയൊടുങ്ങുന്ന വേനല്‍ മാസങ്ങളിലും മറ്റൊരു മീന്‍ നായാട്ടിന്റെ ലഹരിയിലാകും.

ഈ രണ്ടുത്സാഹങ്ങളുടെയും ഭാഗമായിരുന്നു നമ്മളില്‍ മിക്കവരുടെയും ബാല്യം. വയലുകള്‍ക്കും നാട്ടു തോടുകള്‍ക്കും ഒപ്പം ശുദ്ധജലമത്സ്യങ്ങള്‍ മിക്കവയും പേരുപോലും അവശേഷിപ്പിക്കാതെ കുറ്റിയറ്റു പോയിരിക്കുന്നതിന്റെ ഭീകരതയറിയുന്ന ഒരു പ്രകൃതി വിദ്യാര്‍ത്ഥിക്ക് ചന്ദ്രഗിരിപ്പുഴയിലെ ഏറ്റവും ആഴമുള്ള കയമായ നെയ്യം കയത്തിലെ ജീവനായി പിടഞ്ഞ് തിളക്കുന്ന ഈ മീനുകള്‍ മനുഷ്യന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ തന്നെ ഇല്ലാതാക്കുന്നു. ശുഭ പ്രതീക്ഷാ മുനമ്പുകളില്‍ നിന്നും അന്ധകാരനഴിയിലേക്ക്, ഭവിഷ്യ ലോകത്തിന്റ അനിശ്ചയത്തിലേക്ക് നമ്മെ നയിക്കുകയാണ് ഈ മരണപ്പിടച്ചിലുകള്‍

കാസര്‍ഗോട്ടെ ഏറ്റവും വലിയ നദിയാണ് ചന്ദ്രഗിരിപ്പുഴ. 105 കിലോമീറ്റര്‍ നീളം. കുടക് നിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന രണ്ടു പെരും കൈവഴികള്‍ പയസ്വിനിയും കരിച്ചേരിപ്പുഴയും പൊയിനാച്ചിക്കു കിഴക്ക് മാച്ചിപ്പുറത്ത് വെച്ച് ഒന്നു ചേര്‍ന്നാണ് ചന്ദ്രഗിരിപ്പുഴയാകുന്നത്. ഹൈവേയിലും റെയില്‍പ്പാലത്തിലും നിന്ന് കാണുമ്പോള്‍ ജലസമൃദ്ധമാണ് പുഴ. കായല്‍ കയറി വന്ന ഈ ജലസമൃദ്ധിയല്ല യഥാര്‍ത്ഥം. പുഴ പൂര്‍ണമായും വറ്റിക്കഴിഞ്ഞിരിക്കുകയാണ്.

ചിത്രം: ജയേഷ് പാടിച്ചാല്‍

 

പുഴയുടെ ഏറ്റവും വലിയ കയത്തില്‍ ജീവന്റെ അവസാന പിടച്ചില്‍. മെരുവല്‍, കൂര്‍മീന്‍,തേമീന്‍, കരിമീന്‍,കുരുടന്‍,കലുവ,കൊളോന്‍,മലഞ്ഞില്‍, കൊത്യന്‍,ആരകന്‍ ,നൊളി,വാള,മുശു,ബ്രാല്‍,ഏരി,നരിമീന്‍ ,കൊയല, ബ്രാല്‍, പാലത്താന്‍ എന്നിങ്ങനെ കാസര്‍ഗോഡന്‍ മലയാളം പേരു ചൊല്ലി വിളിക്കുന്ന നിരവധി മീനുകളുണ്ട് മുങ്ങിക്കൊണ്ടിരിക്കുന്ന ഈ നൂഹിന്റെ പേടകത്തില്‍.

20 ഓളം ജാതി മത്സ്യങ്ങളെ ചത്തടിഞ്ഞനിലയില്‍ കാണാനായി. 52 ഇനം പുഴ മത്സ്യങ്ങളാണ് ചന്ദ്രഗിരിയില്‍ ഇതുവരെ കണ്ടെത്തിയത്. ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് അടുത്തിടെ നടത്തിയ തെരച്ചല്‍പഠനത്തില്‍ (സാംപ്ലിങ്ങ്) 16 ഇനത്തെ മാത്രമാണ് കണ്ട് കിട്ടിയത്. പുഴയില്‍ വെള്ളത്തിന്റെ അവസാനശേഷിപ്പ് ആയ നെയ്യംകയമെന്ന ഒരേക്കര്‍ വിസ്തൃതിയും അമ്പതു മീറ്ററിലേറെ ആഴവുമുണ്ടായിരുന്ന ഇവിടെ പുഴയിലെ എല്ലാ ജീവനും അടിഞ്ഞു കൂടി നിലവിളിച്ചു കൊണ്ടിരിക്കുന്നു.

മത്സ്യങ്ങള്‍ മാത്രമല്ല,പാലപ്പൂവന്‍ എന്ന 35 കിലോ ഗ്രാമോളം തൂക്കം വെച്ച ആമയും ശുദ്ധജല ബൈ വാള്‍വ് കക്കയും നീര്‍നായകളും അടക്കം പലതും. ശുദ്ധജലം കിനിഞ്ഞിറങ്ങുന്ന ഒരു സൂചി വണ്ണഉറവയുടെ മുഖത്ത് മുലപ്പാല്‍ നുണയുമ്പോലെ ആരകന്‍ (മാസ്റ്റ് സെമ്പലസ് അര്‍മാറ്റസ് ) കിടന്ന് പുളയുന്നതും മെരുവല്‍ എന്ന ഡെക്കാന്‍ മഹ്‌സീര്‍ (കറ്റിയെന്നും കുയിലെന്നും മറ്റിട പേരുകള്‍ ) ചത്തഴുകിക്കിടക്കുന്നതും സങ്കടക്കാഴ്ചയാണ്.

ചിത്രം: ജയേഷ് പാടിച്ചാല്‍

 

കയം തൂര്‍ന്നു പോകാന്‍, വെള്ളം വറ്റാന്‍ കാരണമെന്താകാം.? കഴിഞ്ഞ പ്രളയകാലത്ത് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടിയ കുടകുമലയില്‍ നിന്നാണ് പുഴ പിറന്നത്. കാട്ടിലൂടെയല്ല ജനവാസ കേന്ദ്രത്തിലൂടെയും തോട്ടങ്ങളിലൂടെയുമാണ് ഒഴുക്ക്. പുഴക്കരയിലെ അല്പ മാത്ര കേരളവനങ്ങള്‍ റീ പ്ലാന്റ് ചെയ്ത തെക്കിന്‍ തോട്ടവും അക്കേഷ്യ -മഹാഗണി തോട്ടവുമാണ്. പരപ്പ പ്രദേശത്ത് സെക്കണ്ടറി ഡിപ്റ്ററോക്കര്‍പ്പ് വനമെന്ന് സാങ്കേതികമായി വിളിക്കാവുന്ന ഉരിപ്പിന്‍കാടുകളാണ്.

ഫോറസ്റ്റ് വര്‍ക്കിങ്ങ് പ്ലാന്‍ അനുസരിച്ച് അമ്പതു വര്‍ഷം കഴിഞ്ഞ വനത്തോട്ടം മുച്ചൂടും മുറിച്ച് വിറ്റ് പുതിയ ചെടികള്‍ വെക്കാന്‍ ഒന്നര പതിറ്റാണ്ടു മുമ്പ് തീരുമാനിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു തുടങ്ങി. ഈ തോട്ടങ്ങളെ ‘പരിപാലിക്കാതെ ‘ കാടാകാന്‍ വിടണമെന്ന് കെ.സുധാകരന്‍ വനം മന്ത്രിയായ അക്കാലത്ത് വനത്തോട്ടങ്ങള്‍ അടക്കെ വെട്ടാന്‍ തീരുമാനിച്ചപ്പോള്‍ ഞങ്ങള്‍ കരഞ്ഞുപറഞ്ഞതാണ്. കഴിഞ്ഞ പ്രളയകാല ഉരുള്‍പൊട്ടലോടെ മണ്ണിനൊപ്പം വെള്ളത്തെ ആഗിരണം ചെയ്ത് പതുക്കെ പതുക്കെ വിട്ടിരുന്ന വന മണ്ണിന്റെ സ്‌പോഞ്ചിക സാന്നിധ്യവുമാണ് ഇല്ലാതായത്; പ്രത്യേകിച്ച് നദി തുടങ്ങുന്ന കൂര്‍ഗ് പശ്ചിമഘട്ട ഭാഗങ്ങളില്‍ .

നദിയുടെ നതോന്നതമായ അജഗരഗമനം വെള്ളത്തെ ഇളക്കി മറിച്ച് ചൂടാകാതെ സൂക്ഷിക്കുന്നു. കയങ്ങള്‍ നദിയുടെ ജരായുവാകുന്നു.ഇപ്പോള്‍ വെള്ളം വെട്ടിത്തിളക്കുകയാണ്. ലേയ ഓക്‌സിജന്‍ കുറയുന്നു. വാഹകശേഷിയിലും കവിഞ്ഞ അഭയാര്‍ത്ഥി മീന്‍ പെരുപ്പം വായുവിനും ഭക്ഷണത്തിനും പൊരുതി ചത്തു പൊങ്ങുന്നു.

ചിത്രം: ജയേഷ് പാടിച്ചാല്‍

 

വേനലിലെ മീന്‍ മരണങ്ങള്‍ക്ക് പ്രധാന കാരണം വെള്ളം വരണ്ടു തുടങ്ങുകയും നിശ്ചലജലത്തിന്റെ ഊഷ്മാവ് കൂടുകയും ചെയ്യുന്നതോടെ ലേയ ഓക്‌സിജന്‍ കുറയുന്നതാണ്. ലേയ ഓക്‌സിജനെ ചെകിളപ്പൂക്കള്‍ കൊണ്ടരിച്ചെടുക്കുന്ന മത്സ്യനിശ്വാസത്തിന്റെ അനായാസത്തെ വെള്ളം കലക്കി മീന്‍ പിടിക്കുന്നവര്‍ തകര്‍ത്തു കളഞ്ഞു. കലങ്ങിയ വെള്ളത്തിലെ ചെളിയും മണലും ചെകിളയില്‍ കുരുങ്ങി മീനുകള്‍ക്ക് ശ്വസനം അസാധ്യമാകുന്നു. ശ്വാസം മുട്ടി മയങ്ങി ബോധംകെട്ട് ചത്തൊടുങ്ങുന്നു അവ.

മത്സ്യത്തിനു മാത്രമല്ല അവയെ നിലനിര്‍ത്തിയ സൂക്ഷ്മ ആവാസവ്യവസ്ഥയ്ക്കും ശ്വാസം മുട്ടുന്ന ഈ അവസ്ഥയെ ഇക്കോളജിക്കല്‍ ഹൈപോക്‌സിയയെ തരണം ചെയ്ത് ബാക്കിയാവുന്ന മീനുകളാണ് ചന്ദ്രഗിരിപ്പുഴയുടെ ജൈവാതിജീവനത്തെ ഇനിയങ്ങോട്ട് നിര്‍ണയിക്കുക. വറ്റിത്തുടങ്ങിയ ജലരാശികളില്‍ നിന്നും മീന്‍പിടിക്കരുതെന്ന നിഷകര്‍ഷ തിരിച്ചറിവായും നിയമമായും മാറേണ്ടിയിരിക്കുന്നു ഇനിയങ്ങോട്ട്. ജീവജലവും പ്രാണവായുവും ഒന്നിച്ചില്ലാതാകുന്നതിലൂടെ സംഭവിക്കുന്ന ദുരന്തത്തിന് മീനുകളെപ്പോലെ മറ്റൊരു ഇരയില്ല.

കൃഷിയിടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള വിഷങ്ങള്‍ മാത്രമല്ല, വളമായി കരുതി നിക്ഷേപിച്ച യൂറിയയും ഫോസ്‌ഫേറ്റുകളുമെല്ലാം അടിഞ്ഞുകൂടുന്നത് ഇത്തരം കയങ്ങളിലാണ്. ഫോസ്ഫറസും നൈട്രജനും വല്ലാതെ അടിഞ്ഞുകൂടുമ്പോള്‍ ആല്‍ഗകള്‍ വളരുന്നു. ഈ ആല്‍ഗാ വസന്തം ജലത്തിലെ ജൈവ ഓക്‌സിജന്റെ ചോദനം കൂട്ടുന്നു. പ്രത്യേകിച്ച് രാത്രി കാലത്ത്. കവുങ്ങിന്‍ തോട്ടത്തില്‍ മാഹാളിക്കു തളിച്ച ബോര്‍ഡോ മിശ്രിതത്തിലെ തുരിശും വലിച്ചെറിഞ്ഞ സി.എഫ്.എല്‍ വിളക്കിലെ മെര്‍ക്കുറിയും ഏറ്റുവാങ്ങേണ്ടി വരുന്നത് ഇത്തരം കയങ്ങള്‍ തന്നെ.

ചിത്രം: ഡോ. ഇ ഉണ്ണിക്കൃഷ്ണന്‍

 

പാലം പണിക്കും മറ്റുമുണ്ടാക്കുന്ന താത്കാലിക തടയണകളുടെ നിര്‍മാണത്തിന് കൊണ്ടുവന്ന ചെമ്മണ്ണ് പണി കഴിഞ്ഞാലും തിരികെയെടുക്കുന്ന പരിപാടി നമ്മുടെ നാട്ടിലില്ല .ഇതു പുഴയെ അമ്ലവത്കരിച്ച് കൊല്ലുന്നു. മലന്തോടുകളില്‍ വെള്ളം കുറയുന്നതനുസരിച്ച് ശുദ്ധജല മീനുകള്‍ താഴേക്കിറങ്ങും. പക്ഷെ മുട്ടിനു മുട്ടിനുള്ള പ്ലാസ്റ്റിക് ചാക്ക് തടയണകള്‍ ഇത് അസാധ്യമാക്കുന്നു. ചന്ദ്രഗിരിപ്പുഴയില്‍ ബാവിക്കരയില്‍ തടയണ കെട്ടിയാണ് കാസര്‍ഗോഡ് നഗരത്തിന്റെ ജലാവശ്യം നിര്‍വഹിച്ചു പോരുന്നത്.

ഒരു മാസമായി നഗരത്തില്‍ ശുദ്ധജല വിതരണമേ ഇല്ല. മേലൊഴുക്ക് നിലച്ചതിനാല്‍ പമ്പുഹൗസ് വരെ ഉപ്പുവെള്ളം കയറിക്കഴിഞ്ഞു. മീനുകള്‍ക്ക് ജീവിക്കാനാവാത്ത ക്കുറിച്ചാണ് പറഞ്ഞു വന്നത്. വെള്ളമേ വറ്റിയ, ഉപ്പു കയറിയ പുഴയിലെ ശുദ്ധജല ആവാസവ്യവസ്ഥയെപ്പറ്റി അധികം വിവരണമെന്തിന്?

ചന്ദ്രഗിരിയിലെ മീനിനെക്കുറിച്ച് സമഗ്രമായ പഠനങ്ങളൊന്നുമില്ല. 1996 ല്‍ നടന്ന ഒരു പി.എച്ച്.ഡി.പ്രബന്ധം Tor tor എന്ന ഹിമാലയന്‍ മഹ്‌സീറായി ഇവിടത്തെ മെരുവല്‍ മീനിനെ തിരിച്ചറിയുകയും ക്രിട്ടിക്കലി എന്‍ഡേഞ്ചേര്‍ഡ് കാറ്റഗറിയില്‍പെടുത്തി വിവരിക്കുകയും ചെയ്തിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് ടോര്‍കുദ്രീയെന്ന ഡെക്കാന്‍ മഹ്‌സീര്‍ (കറ്റി) യാണ്. വംശനാശ ഭീഷണി നേരിടുന്ന പശ്ചിമഘട്ട തനതു സ്പിഷീസാണ് കറ്റിമീന്‍.

ചിത്രം: ഡോ. ഇ ഉണ്ണിക്കൃഷ്ണന്‍

 

IUCN ന്റെ പുതിയ മാനദണ്ഡപ്രകാരം പല ചന്ദ്രഗിരി മീനുകളും വംശനാശ ഭീഷണിയുടെ ചെമ്പട്ടികയിലാണ്. പുണ്ടിയസ് ഡെനിസോണി പോലുള്ള അലങ്കാര പ്രാധാന്യമുള്ള തനതു മീനുകള്‍ ഒക്കെ വറ്റിയ മേല്‍ത്തോടുകളില്‍ കുറ്റിയറ്റു കഴിഞ്ഞു. കല്ലേ മുട്ടികളും ലോച്ചുകളും പലതരം പരലുകളും ( ബാര്‍ബുകള്‍ ) മലഞ്ഞിലുകളും വാളയും കളാഞ്ചി പോലുള്ള കായല്‍വെള്ളത്തിലും വളരുന്ന മീനുകളും തിലോപ്പിയയെന്ന അധിനിവേശയിനവും കയത്തില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പലതും ചത്തുപൊന്തിയിട്ടുമുണ്ട്. ചത്തവയില്‍ അണ്ടിക്കള്ളി ( മലബാര്‍ കട്രോപ) പാലാത്താന്‍ ( മെഗാലോപ്‌സ് സൈപ്രിനോയ്ഡസ് ) വട്ടോന്‍ (ചന്ന ഗച്ചുവാ) , മലബാര്‍ ഓസ്റ്റിയോബ്രാമ തുടങ്ങിയ മീനുകളെ ശാസ്ത്രീയമായി തിരിച്ചറിയാനായി. കാരി, കൂരി തുടങ്ങിയ കലക്കിനെ അതിജീവിക്കുന്നവ ചത്തു തുടങ്ങിയിട്ടില്ല.

കയത്തിന്റെ ദുരന്തം ആദ്യം കണ്ടറിഞ്ഞ് മീന്‍പിടുത്തം നിരോധിച്ചും കയത്തില്‍ നിന്നും നീരുറ്റിക്കൊണ്ടിരുന്ന മോട്ടോറുകള്‍ നീക്കം ചെയ്തും സജീവമായി ഇടപെട്ട ആദുര്‍ എസ്.ഐ നളിനാക്ഷന്റെയും റേഞ്ച് ഓഫീസര്‍ അനില്‍ കുമാറിന്റെയും ജൈവ മനസിനെയും പ്രതിബദ്ധതയെയും അനുമോദിക്കേണ്ടിയിരിക്കുന്നു.

കാസര്‍ഗോഡ്കാരനായ മെമ്പര്‍ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണന്റെയും ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കൃഷ്ണന്റെയും ഉത്സാഹത്തില്‍ ജൈവവൈവിധ്യ ബോര്‍ഡും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടടുത്ത തോട്ടത്തില്‍ പുതുതായി കുഴിച്ച കുളത്തില്‍ നിന്നും കയത്തിലേക്ക് വെള്ളം പമ്പു ചെയ്ത് സ്ഥലവാസിയായ ബാലകൃഷ്ണനും കൂട്ടരും മത്സ്യസത്രം ഒഴിവാക്കാന്‍ പണിപ്പെടുന്നുണ്ട്. ജില്ലാകലക്ടറും ഫിഷറീസ് ഉദ്യോഗസ്ഥരുമൊക്കെ സ്ഥലം സന്ദര്‍ശിച്ചു കഴിഞ്ഞു.

ചിത്രം: ഡോ. ഇ ഉണ്ണിക്കൃഷ്ണന്‍

 

നെയ്യം കയത്ത് പതിനേഴ് കുടുംബങ്ങളാണ് താമസിക്കുന്നത്. തങ്ങളുടെ നാടിന്റെ മത്സ്യ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട് ഈ നാട്ടുകാര്‍. തന്റെ ജീവിതകാലത്ത് ഇതുവരെ കയത്തില്‍ ഇങ്ങനെയൊരു വരള്‍ച്ച അറിഞ്ഞിട്ടേയില്ലെന്ന് 96 വയസുള്ള ആനക്കുഴിയിലെ കുഞ്ഞിരാമന്‍ പറയുന്നു. പുഴയുടെ ഉള്ളു കുളിര്‍ക്കുന്ന ഒരു വേനല്‍ മഴ. ഏത് പ്രാര്‍ത്ഥനയ്ക്കും മനുഷ്യ പ്രവര്‍ത്തനത്തിനുമപ്പുറം അതിനേ ഈ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാനാവൂ എന്നതാണ് യാഥാര്‍ത്ഥ്യം.