മുരുഗ മഠത്തിലെ പീഡനം: പെണ്‍കുട്ടികളെ സംരക്ഷിച്ച എന്‍.ജി.ഒ ജീവനക്കാര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍
national news
മുരുഗ മഠത്തിലെ പീഡനം: പെണ്‍കുട്ടികളെ സംരക്ഷിച്ച എന്‍.ജി.ഒ ജീവനക്കാര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd September 2022, 10:59 pm

ന്യൂദല്‍ഹി: മുരുഗ മഠത്തിലെ പീഡനത്തില്‍ ഇരയായ പെണ്‍കുട്ടിയെ സഹായിച്ച എന്‍.ജി.ഒ ജീവനക്കാര്‍ക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നതായി പരാതി. ലിങ്കായത്ത് സന്യാസിയായ ശിവമൂര്‍ത്തി മുരുഗ ശരണരുവിനെതിരായ പോക്സോ കേസിന് പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കുമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്. ശരണരു അറസ്റ്റിലായത് മുതലാണ് ഭീഷണി സന്ദേശങ്ങള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്‍സ്റ്റിറ്റ്യൂട്ടിനും ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കണമെന്നും ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഓഗസ്റ്റ് 26ന് ശ്രീ മുരുഗ രാജേന്ദ്ര മഠം മോധാവിയായ ശിവമൂര്‍ത്തി ശരണരുവിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ രണ്ടിന് ചിത്രദുര്‍ഗയില്‍ നിന്ന് ശിവമൂര്‍ത്തി ശരണരുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ ,സ്ഥാപനത്തിന്റെ സംവിധായകരായ സ്റ്റാന്‍ലിക്കും പരശുവിനും മഠത്തിലെ അംഗങ്ങളില്‍ നിന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരില്‍ ഭീഷണി കോളുകള്‍ വരുന്നുണ്ട്.

ഞങ്ങളുടെ സ്ഥാപനം പെണ്‍കുട്ടികളുടെ പുനരധിവാസ കേന്ദ്രമായതിനാല്‍ തന്നെ ഓരോ അംഗത്തിനും മതിയായ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണം,’ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍ എന്‍.ജി.ഒ ജീവനക്കാര്‍ പറയുന്നു.

വ്യാഴാഴ്ചയായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് പൊലീസ് ശരണരുവിനെ കോടതിയിലെത്തിച്ചത്.

കര്‍ണാടക പൊലീസായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയപരമായി വലിയ സ്വാധീനമുള്ള ലിങ്കായത് സമുദായത്തില്‍ നിന്നുള്ള നേതാവാണ് ശരണരു.

രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ശ്രീ മുരുഗ മഠത്തിന്റെ തലവന്‍ കൂടിയായിരുന്നു ശരണരു.

പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടികളെ പ്രതി രണ്ട് വര്‍ഷത്തിലധികം പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നുണ്ട്.

Content Highlight: Threat calls to ngo workers for helping the rape victims says reports