എഡിറ്റര്‍
എഡിറ്റര്‍
ദേശീയ ടി.വി ചാനല്‍ അടച്ചുപൂട്ടിയതില്‍ ഗ്രീസില്‍ വ്യാപക പ്രതിഷേധം
എഡിറ്റര്‍
Friday 14th June 2013 12:45am

greece

ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധി മൂലം ദേശീയ ടി.വി ചാനല്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച് ഗ്രീസില്‍ വ്യാപക പ്രതിഷേധം. 10,000 ല്‍ അധികം പ്രതിഷേധക്കാരാണ് രംഗത്തെത്തിയത്.

സാമ്പത്തിക പ്രതിസന്ധി മൂലം ഗ്രീസിലെ പൊതു പ്രക്ഷേപണ കേന്ദ്രങ്ങളായ ടി.വി ചാനലും റേഡിയോയും സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. ഇതുമൂലം നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്തു. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പ്രതിഷേധ പ്രകടനം നടന്നത്.

Ads By Google

ദേശീയ ചാനലായ ഹെല്ലനിക് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ എന്ന ഇ.ആര്‍.ടിയും റേഡിയോയും അനാവശ്യ ചിലവാണെന്നും ഇത് നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. ഇതുമൂലം 2600 പേര്‍ക്ക് ജോലി നഷ്ടമായിരുന്നു.

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്  ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ നടത്തിയ പൊതു പണിമുടക്കില്‍ പൊതു ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചു. ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വാകാര്യ ടി.വി, റേഡിയോ ജീവനക്കാരും അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ ട്രെയിന്‍, വ്യോമ ഗതാഗതവും നിര്‍ത്തിവെച്ചു. രാജ്യത്തെമ്പാടുമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിട്ടു. പൊതു ആശുപത്രികളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച ജീവനക്കാര്‍ കെട്ടിടം പിടിച്ചെടുത്ത് ജോലി തുടരുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നാണ് ജീവനക്കാരുടെ നിലപാട്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന മേഖലകള്‍ കുറച്ചുകൊണ്ടുവരണമെന്ന അന്താരാഷ്ട്ര ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കം. 2014 അവസാനത്തോടെ 15,000 ജീവനക്കാരെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

1938 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോര്‍പ്പറേഷന് നിലവില്‍ മൂന്ന് ടി.വി ചാനലുകളും നാല് ദേശീയ റേഡിയോ നിലയങ്ങളും നിരവധി പ്രാദേശിക റേഡിയോ നിലയങ്ങളും വോയിസ് ഓഫ് ഗ്രീസ് എന്ന പേരിലുള്ള അന്താരാഷ്ട്ര റേഡിയോ സംപ്രേക്ഷണവുമുണ്ട്.

Advertisement