ഇവരുടേത് കൂടിയല്ലേ ഇന്ത്യ? ലോക്ഡൗണില്‍ വിശന്നു വലഞ്ഞ് തൊഴിലാളി കുടുംബങ്ങള്‍
ന്യൂസ് ഡെസ്‌ക്

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് അതിഥി സംസ്ഥാന തൊഴിലാളികള്‍ കടന്നു പോകുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴിലും വരുമാനവും ഭക്ഷണവും താമസ സൗകര്യവും ഇല്ലാതായപ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാട്ടിലേക്ക് മടങ്ങുന്നത്.

വരുമാനം ഇല്ലാതായതോടെ തങ്ങള്‍ക്ക് ഭക്ഷണത്തിന് പോലും വകയില്ല അതുകൊണ്ടാണ് നിര്‍ദേശങ്ങള്‍ മറികടന്നും നൂറ് കണക്കിന് കിലോമീറ്ററുകള്‍ താണ്ടി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നതെന്നാണ് ഈ തൊഴിലാളികള്‍ പറയുന്നത്. കുഞ്ഞുങ്ങളെയും കൈയിലേന്തിയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം നടക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതായതോടെ നടക്കുക അല്ലാതെ മറ്റൊരു വഴിയും തങ്ങള്‍ക്ക് മുന്നിലില്ലെന്നും ഇവര്‍ പറയുന്നു.

ദല്‍ഹി യുപി ബോര്‍ഡറില്‍ ആയിരകണക്കിന് തൊഴിലാളികളാണ് ബസ് കാത്ത് തടിച്ചു കൂടി നില്‍ക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ മാധ്യമപ്രവര്‍ത്തകര്‍ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാര്‍ അതിഥി സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ വലിയ സാമൂഹിക പ്രത്യാഘാതത്തിലേക്ക് ഈ നടപടികള്‍ നയിക്കുമെന്നതില്‍ തര്‍ക്കമില്ല. നോയിഡ, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലിഗഢ് എന്നിവിടങ്ങളിലായി ആയിരകണക്കിന് തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മധ്യപ്രദേശില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി നോക്കുന്ന ബാബ്‌ലു എഹര്‍വാള്‍ പറയുന്നത് കഴിഞ്ഞ 20 ദിവസത്തെ കൂലി പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇനിയും ഇവിടെ തന്നെ നിന്നാല്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്നുമാണ്. തന്നോടൊപ്പം 70ല്‍ അധികം തൊഴിലാളികള്‍ ഇതേ അവസ്ഥയില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. ഉത്തര്‍പ്രദേശില്‍ കാല്‍നടയായി നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളെ പൊലീസ് തവള ചാട്ടം ചാടിപ്പിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.

ലോക്ക് ഡൗണിനെക്കുറിച്ച് നേരത്തെ സൂചനയെങ്കിലും ലഭിച്ചിരുന്നെങ്കില്‍ നാട്ടിലേക്ക് മുമ്പ് തന്നെ മടങ്ങാമായിരുന്നു എന്നാണ് ദല്‍ഹിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശനിയാഴ്ച്ച മുംബൈയില്‍ നിന്നും ഗുജറാത്തിലേക്ക് കാല്‍നടയായി പോയ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി നാല് പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

അതിഥി സംസ്ഥാന തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലായി ജോലി നോക്കുന്ന പതിരനായിരകണക്കിന് തൊഴിലാളികള്‍ ഇനിയുള്ള 21 ദിവസങ്ങളില്‍ എങ്ങനെ ജീവിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ പദ്ധതികള്‍ കേന്ദ്രത്തിനു മുന്നില്‍ ഇതുവരെയില്ല.

തൊഴില്‍ ഉടമകളും സര്‍ക്കാരും കൈയൊഴിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും തങ്ങള്‍ക്ക് മുന്നില്‍ ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. അതിഥി സംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ പരിഗണിച്ച് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ 1.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും പതിനായിരകണക്കിന് തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ കഴിയുന്നത്.

നിലവില്‍ ഒഡീഷയും കേരളവും അതിഥി സംസ്ഥാന തൊഴിലാളികളുടെ വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിരവധി തൊഴിലാളികളെ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറക്കിവിട്ട അവസ്ഥയുണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഒഡീഷയില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ 36 ക്യാമ്പുകള്‍ ആണ് ആരംഭിച്ചത്. ഇവര്‍ക്ക് അടുത്ത 21 ദിവസത്തേക്ക് താമസവും ഭക്ഷണവും ഒരുക്കുമെന്നാണ് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

പക്ഷേ ഈ സൗകര്യങ്ങളൊന്നും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ അതിഥി സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ മതിയാകില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 90 ലക്ഷം തൊഴിലാളികളോളം പ്രതിവര്‍ഷം ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് എത്താറുണ്ട്. ഇത് വ്യക്തമാക്കുന്നത് അതിഥി സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണുക എന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യം ആയിരിക്കും എന്നതാണ്.

ഇതിനോടകം തന്നെ അതിഥി സംസ്ഥാന തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ വിമര്‍ശനവുമായി രാഷ്ട്രീയ സാമൂഹിക മേഖലയില്‍ പ്രവര്‍ത്തികുന്ന നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നാടുകളിലേക്ക് മടങ്ങുന്ന നമ്മുടെ സഹോദരന്മാര്‍ക്ക് താമസവും ഭക്ഷണവും നല്‍കി സഹായിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു.
ഇന്ത്യയില്‍ ഒട്ടാകെ അതിഥി സംസ്ഥാന തൊഴിലാളികള്‍ കഷ്ടപ്പെടുമ്പോള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച മാതൃക ഉയര്‍ത്തികാട്ടിയാണ് കേരളത്തിലെ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയത്. കേരളത്തിലെ ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റി കൊല്‍ക്കത്തയില്‍ നിന്നുള്ള തൊഴിലാളികളെ പ്രത്യേക ബസില്‍ നാട്ടിലേക്ക് അയച്ച മാതൃകയേയും അദ്ദേഹം അഭിനന്ദിച്ചു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ അതിഥി സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ പ്രതികരണവുമായി എഴുത്തുകാരി കെ.ആര്‍ മീര രംഗത്തെത്തിയിരുന്നു. കെ.ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ച വരികളിലേക്ക്…

അവര്‍ പണിതുയര്‍ത്തിയ അംബരചുംബികള്‍ക്കു മുമ്പിലൂടെ,
അവരുടെ വിയര്‍പ്പു വീണുരുകിയ ടാറിട്ട റോഡുകളിലൂടെ,
ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെയും തലയിലേറ്റി അവര്‍ നടന്നു തുടങ്ങിയിരിക്കുന്നു.
അവര്‍ക്കു ഭക്ഷണവും വെള്ളവും കൊടുക്കാന്‍,
വേണ്ട, തിരിച്ചു പോകാന്‍ യാത്രാസൗകര്യമെങ്കിലും ഏര്‍പ്പെടുത്താന്‍,
അവര്‍ പുറപ്പെട്ടിടത്തോ ചെന്നു ചേരേണ്ടിടത്തോ ഗവണ്‍മെന്റുകളില്ലേ?
അവരെ സഹായിക്കാന്‍ സാധിക്കുന്ന ഒരാളും ഐ.എ.എസിലോ ഐ.പി.എസിലോ ഇല്ലേ?
വേണ്ട, അവര്‍ പണിതതും തൂത്തു തുടച്ചതുമായ ബാല്‍ക്കണികളില്‍ ഇറങ്ങി നിന്ന് അവര്‍ക്കു വേണ്ടി പാത്രമോ കയ്യോ കൊട്ടാന്‍ പോലും ആരുമില്ലേ?
സത്യത്തില്‍ ഭാരതം ആരുടെ രാജ്യമാണ്?