എഡിറ്റര്‍
എഡിറ്റര്‍
നോട്ടുനിരോധനം തൊഴില്‍ നഷ്ടത്തിന് വഴിവെച്ചെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി: തൊഴില്‍നഷ്ടമായത് കഴിവുകേട് കൊണ്ടെന്ന് ന്യായീകരണം
എഡിറ്റര്‍
Thursday 9th November 2017 8:21am


ന്യൂദല്‍ഹി: കഴിവ് വികസിപ്പിക്കാന്‍ കഴിയാത്തവര്‍ക്കാണ് നോട്ടുനിരോധനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദ്. കാലംമാറുന്നതിന് അനുസരിച്ച് കഴിവ് വികസിപ്പിക്കാന്‍ കഴിയാത്തവര്‍ക്കാണ് തൊഴില്‍ നഷ്ടമായതെന്നാണ് അദ്ദേഹത്തിന്റെ ന്യായവാദം.

‘ജോലിയും ഉദ്യോഗവും തമ്മില്‍ വ്യത്യാസമുണ്ട്. സ്വന്തം കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയാത്തവര്‍ക്കാണ് അവരുടെ ജോലി നഷ്ടമായത്.’ അദ്ദേഹം പറയുന്നു.

ഡിജിറ്റലൈസേഷന്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും രവിശങ്കര്‍ പ്രസാദ് അവകാശപ്പെടുന്നു. ‘മുദ്ര പദ്ധതിക്കു കീഴില്‍ എട്ടുകോടി ജനങ്ങള്‍ക്ക് ലക്ഷംകോടി രൂപ വായ്പ നല്‍കി. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട കച്ചവടക്കാരും കരകൗശല ജോലി ചെയ്യുന്നവരുമൊക്കെയാണ് വായ്പ സ്വീകരിച്ചത്. ഇവരില്‍ ഓരോരുത്തരും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും ജോലി കൊടുത്താല്‍ നാലുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.’ അദ്ദേഹം അവകാശപ്പെടുന്നു.

അതേസമയം, സെന്റര്‍ഫോര്‍ മൊണിറ്ററിങ് ഇന്ത്യന്‍ ഇക്‌ണോമിയുടെ കണക്കുപ്രകാരം നോട്ടുനിരോധനത്തിനുശേഷം 1.5 മില്യണ്‍ തൊഴിലവസരങ്ങളാണ് നഷ്ടമായത്.


Must Read: ഐ.എസ് പ്രചാരകരായ ‘ബഹ്‌റൈന്‍ ഗ്രൂപ്പില്‍’ മലയാളികളും; മുജാഹിദ് നേതാവുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്


കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന് സര്‍ക്കാര്‍ 500രൂപയുടെയും 1000രൂപയുടെയും നോട്ടുകള്‍ നിരോധിച്ചിരുന്നു. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനാണെന്നു പറഞ്ഞായിരുന്നു നിരോധനം. ഇതേത്തുടര്‍ന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകിടംമറിഞ്ഞിരുന്നു. നിര്‍മാണ മേഖലയും ചെറുകിട വ്യവസായ മേഖലയും കനത്ത തിരിച്ചടി നേരിട്ടു.

സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്നും സ്ഥിതി ചെയ്യുന്ന അസംഘടിത മേഖല ഇടപാടുകള്‍ക്ക് ഏറെ ആശ്രയിക്കുന്നത് പണത്തെയാണ്. നോട്ടുനിരോധനത്തോടെ ഈ മേഖല തകരുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തിരുന്നു.

Advertisement