'ഇനി ഒന്നിനെയും ഭയപ്പെടില്ല; പോരാട്ടത്തില്‍ മാത്രമാണ് ഞങ്ങളുടെ വിശ്വാസം': തൂത്തുക്കുടി സമരപ്രവര്‍ത്തകന്‍ കൃഷ്ണമൂര്‍ത്തി കിട്ടുവിന്റെ പ്രസംഗം
Opinion
'ഇനി ഒന്നിനെയും ഭയപ്പെടില്ല; പോരാട്ടത്തില്‍ മാത്രമാണ് ഞങ്ങളുടെ വിശ്വാസം': തൂത്തുക്കുടി സമരപ്രവര്‍ത്തകന്‍ കൃഷ്ണമൂര്‍ത്തി കിട്ടുവിന്റെ പ്രസംഗം
ജംഷീന മുല്ലപ്പാട്ട്
Sunday, 10th June 2018, 5:52 pm

തൂത്തുകുടിയിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ വേദാന്ത സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരേ സമരം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായി. കോര്‍പറേറ്റിനു ഒത്താശ ചെയ്ത തമിഴ്‌നാട് ഭരണകൂടം ജനാധിപത്യരീതിയില്‍ സമരം ചെയ്ത ജനങ്ങള്‍ക്കുനേരെ നിറയൊഴിച്ചു. പതിമൂന്നു പേര്‍ കൊല്ലപ്പെട്ടു. കാരണം, ഇന്ത്യന്‍ വംശജനായ അനില്‍ അഗര്‍വാളിന്റെ ബഹുരാഷ്ട്ര കുത്തക കമ്പനി നിലനിര്‍ത്തല്‍ ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു.

പരമോന്നത നീതിപീഠം പോലും കമ്പനിക്കെതിരേ പലപ്പോഴും മൗനം പാലിച്ചു. എല്ലാ തരത്തിലും പുറംന്തള്ളപ്പെട്ട ജനത സമരം ശക്തമാക്കി. കാരണം ഇവര്‍ക്ക് ജീവിക്കണം. ഭരണഘടന ഉറപ്പു നല്‍കുന്ന നീതി ഈ ജനതക്കും ബാധകമാണ്. പോരാടാനുറച്ച് ജനങ്ങള്‍ സംഘടിച്ചപ്പോള്‍ ഭരണകൂടവും കുത്തക കമ്പനിയും ഭയപ്പെട്ടു. ആ ഭയമാണ് പതിമൂന്നു ആളുകളുടെ ജീവന്‍ അപഹരിച്ചത്.

സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമര പ്രവര്‍ത്തകന്‍ കൃഷ്ണമൂര്‍ത്തി കിട്ടു തിരുവനന്തപുരത്ത് കേരളീയം വികസനലക്ക പ്രകാശനം നിര്‍വഹിച്ച് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം.

“സ്റ്റെര്‍ലൈറ്റ് എതിര്‍പ്പ് തൂത്തുക്കുടി മാവട്ടം മക്കള്‍ കൂട്ടായ്മ” രൂപീകരിച്ച് കമ്പനി പ്രവര്‍ത്തനം തുടങ്ങിയ അന്നുമുതല്‍ ഞങ്ങള്‍ സമരരംഗത്തുണ്ട്. ഞങ്ങളുടെ പോരാട്ടം തുടങ്ങിയിട്ട് 20 വര്‍ഷത്തില്‍ കൂടുതലായി. അന്നുമുതല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നതാണ് കമ്പനി അടച്ചുപൂട്ടാന്‍. എന്നാല്‍ അധികാരികള്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. സമരം ശക്തിപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ കമ്പനിയിലേയ്ക്ക് ചരക്കു കയറ്റി വന്ന കപ്പല്‍ ആഴക്കടലില്‍ തടഞ്ഞു. അത് പിന്നീട് കൊച്ചിയിലേയ്ക്ക് തിരിച്ചു വിട്ടു.

 

1996 മുതലേ ജനങ്ങളെ വിഭജിച്ച് തൂത്തുകുടിയില്‍ സ്ഥാനമുറപ്പിക്കാന്‍ കമ്പനി ഓരോന്ന് ചെയ്തു കൊണ്ടിരുന്നു. ഇതിനെതിരേ ആദ്യം സമരം തുടങ്ങുന്നത് മത്സ്യതൊഴിലാളികളാണ്. ഇതിനു പുറകേ സ്ത്രീകളും കുട്ടികളും സമരമുഖത്തെത്തി.

അന്ന് ജയലളിതയായിരുന്നു മുഖ്യമന്ത്രി. പിന്നീട് കരുണാനിധി വന്നു. ഒരുതുണ്ട് ഭൂമിയോ അല്‍പംപോലും ജലമോ നാശമാകാന്‍ അനുവദിക്കില്ലെന്ന് കരുണാനിധി ജനങ്ങള്‍ക്ക് വാക്കുകൊടുത്തു.

എന്നാല്‍, 1997ല്‍ കമ്പനിയില്‍ ആദ്യത്തെ വിഷവാതക ചോര്‍ച്ചയുണ്ടായി. തൊട്ടടുത്ത കമ്പനിയില്‍ ജോലി ചെയ്തിരുന്ന 167 സ്ത്രീകള്‍ക്ക് ബോധക്ഷയമുണ്ടായി. പിറ്റേദിവസത്തെ മാധ്യമങ്ങളില്‍ ഈ വാര്‍ത്തയുണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ മുതലാളിമാരോടൊപ്പം ചേര്‍ന്ന് വാര്‍ത്ത കൊടുക്കാതിരുന്നു.

എന്നാല്‍ ജനങ്ങള്‍ തളര്‍ന്നില്ല. അവര്‍ വീണ്ടും സമരം തുടങ്ങി. അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി രാഷ്ട്രീയപാര്‍ട്ടികളും മുതലാളിമാരുടെ കൂടെയാണെന്ന്. ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ അവര്‍ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്.

 

എനിക്കു തോന്നുന്നു കേരളത്തിലെ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത അത്രയും തൂത്തുകുടിയെ കുറിച്ച് തമിഴ്‌നാട്ടിലെ മാധ്യമങ്ങളില്‍ വന്നിട്ടില്ല. ഞങ്ങള്‍ സമരം തുടരാന്‍ തന്നെ തീരുമാനിച്ചു. വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു. കമ്പനി ഏതുവിധേനേയും അടച്ചുപൂട്ടണം. ഈ കമ്പനി ഞങ്ങളുടെ ജീവനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. കമ്പനി ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ ജീവന്‍ മാത്രമല്ല. കാറ്റ്, ജലം, കടല്‍ അങ്ങനെ എല്ലാ ജീവജാലങ്ങളേയും നശിപ്പിക്കുന്നു. ഇതിനെതിരെയാണ് ഞങ്ങള്‍ സമരം തുടങ്ങിയത്.

2013ല്‍ ഏറ്റവും വലിയ വിഷവാതക ചോര്‍ച്ചയുണ്ടായി. തൂത്തുകുടിയിലെ ജനങ്ങള്‍ അവിടവിടായി മയങ്ങിവീഴാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് ആര്‍ക്കും മനസ്സിലായില്ല. 2010ല്‍ ഹൈക്കോടതി അടച്ചുപൂട്ടാന്‍ പറഞ്ഞ കമ്പനിയാണ് ഞങ്ങളെ കൊന്നുകൊണ്ടിരിക്കുന്നത്. അന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു “ഒരു കമ്പനിയാണോ മുഖ്യം അതോ ജനങ്ങളുടെ ജീവനാണോ” എന്ന്.

തുടര്‍ന്ന് കമ്പനി പൂട്ടി. എന്നാല്‍ പാരിസ്ഥിതിക അനുമതി വീണ്ടും സംഘടിപ്പിച്ച് കമ്പനി പെട്ടെന്നുതന്നെ പ്രവര്‍ത്തനം ആരംഭിച്ചു. 40000 ടണ്‍ ഇരുമ്പ് ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് നാലുലക്ഷം ടണ്‍ ഇരുമ്പ് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി.

കമ്പനി പുറത്തു വിടുന്ന വിഷപ്പുകയിലെ ആസിഡും മറ്റും ശ്വസിച്ച് കൂടുതല്‍ ആളുകള്‍ രോഗബാധിതരായി. കൂടുതല്‍ ആളുകള്‍ മരിക്കാന്‍ തുടങ്ങി. പത്തു മരണം നടന്നാല്‍ എട്ടും കാന്‍സര്‍ മൂലമാണ്. സ്ത്രീകളുടേയും കുട്ടികളുടേയും മത്സ്യത്തൊഴിലാളികളുടേയും കപ്പല്‍ത്തൊഴിലാളികളുടേയും ശരീരം നിരന്തരം ചൊറിഞ്ഞുപൊട്ടാന്‍ തുടങ്ങി. കണ്ണുവരെ ചൊറിഞ്ഞു പൊട്ടി. ഞങ്ങള്‍ ഒന്നുറപ്പിച്ചു. എന്തായാലും മരിക്കും. എന്നാല്‍ പോരാടി മരിക്കാം. സമരം വീണ്ടും ശക്തമാക്കി.

 

അടുത്ത ഗ്രാമങ്ങളിലെ ജനങ്ങള്‍ തൂത്തുക്കുടിയിലേയ്ക്ക് എത്തിത്തുടങ്ങി. നേതാക്കന്മാര്‍ ഇല്ലാതെ ജനങ്ങള്‍ തന്നെ പോരാട്ടത്തെ നയിക്കാന്‍ തീരുമാനിച്ചു. എസ്.പി ഉദയകുമാറിനെ പോലെയുള്ള ആളുകള്‍ സമരത്തോട് ഐക്യപ്പെട്ട് തൂത്തുകുടിയില്‍ എത്തി.

ആദ്യം നിരാഹാരമിരിക്കാന്‍ തീരുമാനിച്ചു. ഓരോ ദിവസവും ഞങ്ങള്‍ പ്രതീക്ഷിക്കും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കാര്‍ വന്ന് ഞങ്ങളോട് കാര്യം അന്വേഷിക്കുമെന്ന്. എന്നാല്‍ ആരും വന്നില്ല. അധികാരികള്‍ വരുന്നതു വരെ ഞങ്ങള്‍ നിരാഹാരം തുടരുമെന്ന് പ്രഖ്യാപിച്ചു.

ഒടുവില്‍ സബ്കളക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ വന്നു. പരാതി കൊടുക്കണം. അത് മേലാധികാരികളെ ധരിപ്പിക്കാം എന്നു പറഞ്ഞു. ഞങ്ങള്‍ പറഞ്ഞു പരാതി കൊടുത്തതാണ്. അതിലെ നടപടിയാണ് ആവശ്യമെന്ന്. പിന്നീട് സബ്കളക്ടര്‍ വന്നു. നിരാഹാരം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചു.

ജനങ്ങള്‍ പറഞ്ഞു കമ്പനിക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഗ്രാമങ്ങളിലെ ജലാശയങ്ങള്‍ മലിനമായി. കമ്പനിയില്‍ നിന്നും പുറത്തുവിടുന്ന സള്‍ഫര്‍ പുക ശ്വസിച്ച് രോഗങ്ങള്‍ ഉണ്ടാകുന്നു. ഗ്രാമങ്ങളിലൊന്നും കുട്ടികള്‍ ജനിക്കുന്നില്ല. ഗര്‍ഭത്തില്‍ വെച്ചുതന്നെ ഇവര്‍ മരണപ്പെടുന്നു. കമ്പനി വന്നതിനു ശേഷം കല്യാണം കഴിച്ചവരില്‍ പത്തു ശതമാനം ആളുകള്‍ക്ക് മാത്രമാണ് കുട്ടികളുള്ളത്.

ഞങ്ങള്‍ക്ക് മറ്റൊരു തലമുറയില്ല. ഇങ്ങനെ എന്തിനാണ് ഞങ്ങള്‍ ജീവിക്കുന്നത്? ജലവും വയലും കടലും കൊണ്ട് സമ്പന്നമായ ഞങ്ങള്‍ക്ക് ഇന്ന് ഒന്നുമില്ല. അതിജീവിക്കാന്‍ വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം.

 

100 കോടി പിഴയടച്ചു കമ്പനിക്ക് തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം നഷ്ട്‌പ്പെട്ടു. പിന്നെ ആരെ ഞങ്ങള്‍ വിശ്വസിക്കണം. അധികാരികളും രാഷ്ട്രീയക്കാരും നീതിപതികളും ജനങ്ങള്‍ക്കെതിരാണെന്ന് മനസ്സിലായി. ഞങ്ങള്‍ തീരുമാനമെടുത്തു സമരം തന്നെയാണ് ഞങ്ങളുടെ മാര്‍ഗമെന്ന്. ഞങ്ങള്‍ ജീവിക്കുന്നെങ്കില്‍ അത് പോരാടി തന്നെ.

ഞങ്ങളുടെ 22 വര്‍ഷത്തെ സമരത്തില്‍ ഒരുതരത്തിലുള്ള അക്രമങ്ങളും നടന്നിട്ടില്ല. തികച്ചും സമാധാനപരമായി നീതിക്കുവേണ്ടിയാണ് ഞങ്ങള്‍ പോരാടിയത്. എന്നിട്ടും 13 പേരെ അവര്‍ കൊന്നുകളഞ്ഞു. കമ്പനിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച 2017 ഡിസംബറില്‍ ഞങ്ങള്‍ വീണ്ടും സമരം ശക്തമാക്കാന്‍ തീരുമാനിച്ചു.

2018 ഫെബ്രുവരിയില്‍ കമ്പനിക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. മാര്‍ച്ച് 24ന് തൂത്തുകുടിയില്‍ പൊതുക്കൂട്ടം സംഘടിപ്പിച്ചു. അന്ന് രണ്ടു ലക്ഷം ജനങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ആര്‍ക്കും പരസ്പരം അറിയില്ല. പക്ഷേ, എല്ലാവര്‍ക്കും ഒരേ ലക്ഷ്യമാണ് കമ്പനി അടച്ചുപൂട്ടുക. ജീവിക്കണം.

പിറ്റേദിവസം വന്ന പത്രങ്ങളില്‍ സമ്മേളനത്തെ കുറിച്ച് ഒരു വാര്‍ത്തപോലും ഉണ്ടായില്ല. ചിലപത്രങ്ങളില്‍ ഉള്‍പേജുകളില്‍ ശ്രദ്ധവരാത്തവിധം ചെറിയ വാര്‍ത്തകള്‍ നല്‍കി. ചാനലുകളും വാര്‍ത്തകള്‍ നല്‍കിയില്ല. ജനങ്ങള്‍ രോഷംകൊണ്ടു. എല്ലാവരും പത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. ഇതോടെ പത്രങ്ങള്‍ ഭയപ്പെട്ടു. പിന്നീട് അവര്‍ വാര്‍ത്തകള്‍ കൊടുക്കാന്‍ നിര്‍ബന്ധിതരായി.

 

ഈ സമരത്തിന്റെ തുടര്‍ച്ചയായി 17 ഗ്രാമങ്ങളും നഗരങ്ങളും ചേര്‍ന്ന കൂട്ടമുണ്ടാക്കാന്‍ തീരുമാനിച്ചു. എല്ലാവരുടെയും നിര്‍ദേശപ്രകാരം ഓരോ ഗ്രാമങ്ങളിലും 12 പേരുള്ള കമ്മറ്റിയുണ്ടാക്കി. ഈ കമ്മറ്റി ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.

ഇങ്ങനെയാണ് പണ്ടാരംപെട്ടി എന്ന ചെറുഗ്രാമത്തില്‍ 196 കാന്‍സര്‍ രോഗികള്‍ ഉണ്ടെന്ന് മനസ്സിലാവുന്നത്. അഡയാറിലെ ആശുപത്രി കാന്‍സര്‍ രോഗികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് പിന്‍വലിക്കുകയുണ്ടായി. കാരണം ലിസ്റ്റില്‍ കൂടുതലും തൂത്തുകുടിയില്‍ നിന്നുള്ള രോഗികളായിരുന്നു.

മധുര മീനാക്ഷി മിഷന്‍ ആശുപത്രിയില്‍ മൂന്നാമത്തെ നില തൂത്തുകുടിയിലെ കാന്‍സര്‍ രോഗികള്‍ക്കുള്ളതാണ്. ഓരോ മൂന്നുദിവസം കൂടുമ്പോഴും ഒരു കാന്‍സര്‍ രോഗി മരിക്കുന്നു. ആളുകള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് മുപ്പതു ദിവസങ്ങള്‍ക്കു മുമ്പാണ് കണ്ടുപിടിക്കുന്നത്. മുപ്പതാമത്തെ ദിവസം മരിക്കും. എനിക്ക് കാന്‍സര്‍ ഉണ്ടെന്ന് മുപ്പതുദിവസം മുമ്പേ മനസ്സിലാകൂ.

ഓരോ കുടുംബത്തിലും കാന്‍സര്‍ രോഗികളുണ്ട്. എന്റെ ചേട്ടന്റെ സുഹൃത്ത് സമ്മേളനത്തിന് കുടുംബമായി വന്നു. അദ്ദേഹം പറയുകയാണ് “എന്റെ മകന്‍ തൂത്തുകുടിയില്‍ ഏറ്റവും വലിയ സ്‌കൂളായ ഹോളിക്രോസ് കോണ്‍വെന്റിലാണ് പഠിക്കുന്നത്. മാസത്തില്‍ പത്തു ദിവസം മാത്രമാണ് അവന് ക്ലാസില്‍ പോകാന്‍ സാധിക്കുന്നത്. ബാക്കി ഇരുപതു ദിവസം എന്റെ കുട്ടി വേദനയുമായി മല്ലിടുകയാണ്. ഈ സമരത്തില്‍ വരാതെ വേറെന്തു മാര്‍ഗമാണ് എനിക്കും കുടുംബത്തിനുമുള്ളത്”. ഇങ്ങനെ എത്ര കുടുംബങ്ങള്‍!.

രക്തത്തില്‍ ആസിഡ് കലര്‍ന്നും ആളുകള്‍ മരണപ്പെടുന്നു. രാഷ്ട്രീയക്കാര്‍ക്കും മോദിക്കും വരെ അറിയാം. ഞങ്ങള്‍ ദിനവും മരിച്ചുവീഴുകയാണെന്ന്. എല്ലാവരും മൗനം പാലിക്കുന്നു. മെയ് 22 രണ്ടിന് 13 പേര്‍ കൊല്ലപ്പെട്ടെന്ന് ലോകം മൊത്തം പറയുന്നു. എന്നാല്‍ ഞങ്ങള്‍ ദിനവും ചത്തുകൊണ്ടിരിക്കുകയാണ്.

 

ഏപ്രില്‍ 23ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കെട്ടിടത്തിലേയ്ക്ക് ഞങ്ങള്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കെട്ടിടം വളയുകയായിരുന്നു ലക്ഷ്യം. 17 ഗ്രാമങ്ങളും നഗരപ്രദേശങ്ങളും ചേര്‍ന്നായിരുന്നു മാര്‍ച്ച്. ആരുടെയും അനുമതി ചോദിക്കാതെ മാര്‍ച്ച് നടത്താനായിരുന്നു തീരുമാനം.

രാഷ്ട്രീയക്കാരും പൊലീസും നീതിപീഠവും കമ്പനിക്കൊപ്പമാണ്. പിന്നെ എന്തിനാണ് ഞങ്ങള്‍ അനുമതി ചോദിക്കുന്നത്. അധികാരികള്‍ ഭയന്നു. 22ന് അവര്‍ ഞങ്ങളെ കാണാന്‍ വന്നു. മാര്‍ച്ച് നടത്തുന്നതില്‍ ചില നിബന്ധനകള്‍ വെച്ചു. ഹൈവേ വഴി പോകാന്‍ പാടില്ല എന്നൊക്കെ. ഞങ്ങള്‍ കൊള്ളക്കാരോ തീവ്രവാദികളോ അല്ല. സ്ത്രീകള്‍, കുട്ടികള്‍ എന്നിവരോടൊപ്പം സമരം ചെയ്യുമ്പോള്‍ എന്തിനു ഞങ്ങള്‍ അക്രമാസക്തരാകണം?.

കൈകുഞ്ഞുങ്ങളുമായി സ്ത്രീകള്‍ സമരത്തിനു വന്നു. കുടുംബത്തേയും കൊണ്ടാണ് പലരും സമരത്തിനു വന്നത്. ഇതൊരു ജാതിയുടെയോ മതത്തിന്റെയോ സമരമല്ല. ജനങ്ങളുടെ സമരമാണ്. സമാധാനപരമായി സമരം നടത്തുമെന്ന് അധികാരികള്‍ക്ക് വാക്കുനല്‍കി. സമരം നടന്നെങ്കിലും അധികാരികള്‍ കണ്ടില്ലെന്നു നടിച്ചു.

20ന് സര്‍ക്കാര്‍ പീസ് കമ്മറ്റിക്ക് രൂപം നല്‍കി. സര്‍ക്കാര്‍ തന്നെ 20 പേരെ തെരഞ്ഞെടുത്തു. ഒപ്പുശേഖരണവും നടത്തി. ഒരു സ്‌കൂളില്‍ രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറുമണിവരെ കുത്തിയിരിപ്പു സമരം നടത്താം എന്ന് ആ കമ്മറ്റി തീരുമാനിച്ചു. എന്നാല്‍ ഞങ്ങള്‍ കലക്ട്രേറ്റ് മാര്‍ച്ചില്‍ ഉറച്ചുനിന്നു.

 

രണ്ടാംഘട്ട സമരം തുടങ്ങിയതിന്റെ നൂറാം ദിവസമായ മെയ് 22ന് ഞങ്ങള്‍ കമ്പനി ലക്ഷ്യമാക്കി വീണ്ടും ഇറങ്ങി. സ്റ്റെര്‍ലൈറ്റ് മരണവാതില്‍ അടച്ചുപൂട്ടുന്നത് വരെ ഞങ്ങള്‍ വീട്ടുപടി ചവിട്ടില്ല എന്നായിരുന്നു മുദ്രാവാക്യം. കലക്ട്രേറ്റ് മാര്‍ച്ച് ആയിരുന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. ഇതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

എന്നാല്‍ സമാധാനപരമായി ജനങ്ങള്‍ക്ക് സമരം ചെയ്യാം എന്ന് കോടതി ഉത്തരവിട്ടു. ഞങ്ങള്‍ വ്യാപകമായി പ്രചാരണം തുടങ്ങി. പോസ്റ്ററുകള്‍ ഒട്ടിച്ചു. “സേവ് തൂത്തുകുടി ബാന്‍ സ്റ്റെര്‍ലൈറ്റ്” എന്നെഴുതിയ സ്റ്റിക്കറുകള്‍ എല്ലാ വാഹനങ്ങളിലും ഒട്ടിച്ചു. വാഹങ്ങള്‍ നിരത്തിലിറങ്ങരുതെന്നും സമരക്കാര്‍ക്ക് വാഹനങ്ങള്‍ നല്‍കരുതെന്നും പൊലീസ് താക്കീതു ചെയ്തു.

ഓട്ടോറിക്ഷകള്‍, ബസ്സുകള്‍, നാലു ചക്ര വാഹനങ്ങള്‍ തുടങ്ങിയവ നിരത്തിലിറങ്ങിയില്ല. എല്ലാ കടകളും അടച്ചുപൂട്ടി. ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചു. 12 കിലോമീറ്റര്‍ താണ്ടണം കലക്ട്രറേറ്റില്‍ എത്താന്‍. മാതാ ക്ഷേത്രത്തിനു അടുത്തെത്തിയപ്പോള്‍ പൊലീസ് ഞങ്ങളെ തടഞ്ഞു. അവിടം മുതല്‍ അവര്‍ ഞങ്ങളെ പ്രകോപിച്ചു തുടങ്ങി. സ്ത്രീകളെ മാറില്‍ പിടിച്ചു തള്ളിയിട്ടു. ഇത് ജനങ്ങളെ പ്രകോപിപ്പിക്കാന്‍ വേണ്ടിയായിരുന്നു.

ഞങ്ങള്‍ ചെറുതായി പ്രതിരോധിച്ചു. റാലി വീണ്ടും മുന്നോട്ടു നീങ്ങിയപ്പോള്‍ പൊലീസ് മാര്‍ച്ചിനു നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജ് നടത്തി. ഇരുമ്പു വടിക്കുചുറ്റും ഫൈബര്‍ ഗ്ലാസ് ചുറ്റിയ ലാത്തികൊണ്ടുള്ള അടി കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. അടികൊണ്ട ഭാഗം ചിതറിത്തെറിച്ചു. സ്ത്രീകളേയും കുട്ടികളെയും തല്ലി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. മൊത്തം 10 കിലോമീറ്റര്‍ നടന്നു.

 

ഈ ചുറ്റളവില്‍ നിരവധി കെട്ടിടങ്ങളും ഓഫീസുകളുമുണ്ട്. ഒരു ചെറിയ കല്ലെടുത്ത് പോലും ഞങ്ങള്‍ അവിടെയ്ക്ക് എറിഞ്ഞില്ല. എന്നിട്ടും ഇവരെന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഞങ്ങള്‍ കലക്ട്രേറ്റ് തകര്‍ക്കാനല്ല പോകുന്നത്. ഇതിനിടെ വെടിവെപ്പും തുടങ്ങി. വെടിയൊച്ചകള്‍ എവിടുന്നൊക്കെയോ കേള്‍ക്കാം.

ആളുകള്‍ നാലുപാടും ഓടി. ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പൊലീസുകാര്‍ സമരക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്നുണ്ടായിരുന്നു. അവരാണ് വെടിവെക്കുന്നത്. കൂടാതെ വാനുകളുടെ മുകളില്‍ കയറി നിന്നും വെടിവെക്കുന്നുണ്ട്. സിനിമകളില്‍ മാത്രമേ ഇതുകണ്ടിട്ടൊള്ളൂ. കറുപ്പും ചുവപ്പും നിറത്തില്‍ ഡ്രസ് ധരിച്ചവരെ തെരഞ്ഞുപിടിച്ച് പൊലീസ് വെടിവെച്ചുകൊണ്ടിരുന്നു. അരയ്ക്കു മുകളില്‍ വെടിവെയ്ക്കാനായിരുന്നു പൊലിസിനു കിട്ടിയ മുന്നറിയിപ്പെന്ന് പിന്നീട് അറിഞ്ഞു.

സമരത്തിന്റെ മുന്‍നിരയില്‍ നിന്നവരെ അവര്‍ കൊന്നുകളഞ്ഞു. പൊലീസ് ചൂണ്ടികാണിക്കുന്നുണ്ടായിരുന്നു ആരെ കൊല്ലണമെന്ന്. എന്റെ കണ്‍മുമ്പില്‍ മൂന്നുപേര്‍ വെടിയേറ്റു വീണു. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വായിലേയ്ക്ക് അവര്‍ നിറയൊഴിച്ചു. ഞങ്ങളുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് വെള്ളകുപ്പിയും ബിസ്‌കറ്റ് പാക്കറ്റുകളും മാത്രമായിരുന്നു. ഒരു കമ്പ് പോലും ആരുടേയും കയ്യില്‍ ഉണ്ടായിരുന്നില്ല. കാരണം ഞങ്ങള്‍ സമാധാനപരമായി സമരം ചെയ്യാന്‍ വന്നവരായിരുന്നു. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ ആമ്പുലന്‍സ് പോലും ഉണ്ടായില്ല. ഒരു പൊലീസുകാരനും കൊല്ലപ്പെട്ടില്ല, പരിക്കേറ്റില്ല.

 

13 പേര്‍ മാത്രമാണോ കൊല്ലപ്പെട്ടത് എന്ന് സംശയമുണ്ട്. പൊലീസ് ആരൊക്കെയോ പിടിച്ചു കൊണ്ടുപോയിട്ടുണ്ട്. സമരത്തിനു വന്ന ആളുകള്‍ എവിടേക്കെല്ലാം രക്ഷക്കായി ഓടിയിട്ടുണ്ടെന്ന് ആര്‍ക്കും ധാരണയില്ല.

120 പേരെ പൊലീസ് വള്ളനാട് എന്ന ഷൂട്ടിംഗ് പോയന്റില്‍ കൊണ്ടുപോയി അടിച്ചു തകര്‍ത്തു കളഞ്ഞു. കേരളത്തില്‍ നിരവധി ജനകീയ സമരങ്ങള്‍ നടന്നെന്ന് അറിഞ്ഞു. പക്ഷേ, തമിഴ്‌നാട്ടില്‍ ഒന്നും നടക്കാറില്ല. അതുകൊണ്ടാണ് എല്ലാ മുതലാളികളും തമിഴ്‌നാട്ടില്‍ കമ്പനികള്‍ സ്ഥാപിക്കുന്നത്. ജാലിയന്‍ വാലാബാഗില്‍ എന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്ക് അറിയില്ല.

എന്നാല്‍ തൂത്തുകുടിയില്‍ ആളുകളെ വളഞ്ഞിട്ട് തല്ലി. ഇപ്പോഴും പൊലീസ് ഞങ്ങളുടെ വീടുകള്‍ അന്വേഷിച്ചു വരുന്നു. മരണം നടന്നുകഴിഞ്ഞു. നാലായിരം ഏക്കര്‍ കൃഷിസ്ഥലം നേര്‍പ്പകുതിയാക്കി. ഉപ്പുപാടങ്ങള്‍ നശിച്ചു. കടലില്‍ പോകാന്‍ പറ്റാതെയായി. ഇതാണോ സര്‍ക്കാറിന്റെ വികസനം. ഞങ്ങളുടെ ജിവിതം വഴിമുട്ടി. ഇനിയും ഞങ്ങള്‍ ഒന്നിനെയും ഭയപ്പെടില്ല. പോരാട്ടത്തില്‍ മാത്രമാണ് ഞങ്ങളുടെ വിശ്വാസം. വിജയിക്കുകയും ചെയ്യും.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം