എഡിറ്റര്‍
എഡിറ്റര്‍
സിനിമ റിയലിസ്റ്റിക് ആകുന്ന കാലത്തിന്റെ ദൃക്‌സാക്ഷിത്വം!
എഡിറ്റര്‍
Thursday 6th July 2017 11:50am

ഒരു സിനിമ എന്നതിലുപരി, ആണ്‍നോട്ടങ്ങളുടെ ദൃശ്യവിന്യാസ പിടിവാശികളെ നിരാകരിക്കുന്ന, മലയാള സിനിമയുടെ വളര്‍ച്ചാ ഘട്ടത്തിലെ ഒരു കാലസൂചിക കൂടിയാണ് ഈ സിനിമ. കാരണം നമ്മുടെ ക്ലീഷേ കാഴ്ചകളോട്, ഒരു റിബലായി നിന്ന് അത്രമേല്‍ കലഹിക്കുന്നുണ്ട് ഈ നേരുകളുടെ ചലച്ചിത്ര രൂപം.


ദൃശ്യകലാപരിസരങ്ങളില്‍ റിയലിസം ആവിര്‍ഭവിക്കുന്നത് 1870 കളിലെ നാടകങ്ങള്‍ കേന്ദ്രീകരിച്ചാണ്. അത് ഇരുപതാം നൂറ്റാണ്ടിനിപ്പുറത്തേക്കും വ്യാപിക്കപ്പെട്ടതായി കഴിഞ്ഞ നൂറ്റാണ്ടിലെ കലാഗവേഷകര്‍ക്കും, കലാവിദ്യാര്‍ഥികള്‍ക്കും വേഗത്തില്‍ മനസ്സിലാകും.

റഷ്യയിലെ പ്രൊഫഷണല്‍ നാടകകൃത്തായിരുന്ന അലക്‌സി പിസെമ്‌സ്‌കിയും, ലിയോ ടോള്‍സ്റ്റോയ്യും ചേര്‍ന്നെഴുതിയ The Power of Darkness (1886) ആയിരിക്കാം, ഇക്കൂട്ടത്തില്‍ റിയലിസത്തിന്റെ പൈതൃകത്തെ ആദ്യം റഷ്യയിലും, പിന്നീട് ലോകത്തിലേക്കു മുഴുവനായും സംഗതമാക്കിയത് എന്ന് പറയാം. അഭിനയ കലയിലെ റിയലിസത്തിന്റെ പൈതൃക രത്‌നച്ചുരുക്കം ഇങ്ങിനെയാണെന്ന് വിവക്ഷിക്കാം.

സിനിമയിലേക്ക് വന്നാല്‍, നിരൂപണ സംവാദങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെട്ട സംജ്ഞയാണ് റിയലിസമെന്നത്. നിയതമായ ചലച്ചിത്ര ഭാഷയും, ദൃശ്യപരിചരണ പിടിവാശികളും ഇല്ലാതെ തന്നെയാണ് ക്ലാസ്സിക്കല്‍ ഹോളിവുഡ് സിനിമകളില്‍ റിയലിസം യാഥാര്‍ത്ഥ്യമായത്.

ആധുനിക ജര്‍മ്മന്‍ സിനിമകളുടെ തമ്പുരാനായ വേര്‍ണര്‍ ഹെര്‍സോഗ് ഒരിക്കല്‍ പ്രസ്താവിച്ചത് ‘സിനിമയിലെ റിയലിസം എന്നത്, പ്രേക്ഷകന്‍ കാണുന്ന സിനിമാറ്റിക് ഇമേജുകള്‍ക്ക് ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി എത്രമേല്‍ ബന്ധമുണ്ട് എന്ന അന്വേഷണവും, ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന ചോദ്യങ്ങള്‍ ഉന്നയിക്കലുമാണ്.

കാണുന്ന ദൃശ്യങ്ങളുടെ സത്യസന്ധത, ലോകത്തെയും, ജീവിതത്തെയും സ്‌ക്രീനിലെ ദൃശ്യങ്ങള്‍ അടയാളപ്പെടുത്തുന്നതില്‍ നേരുമായി എത്രമേല്‍ സാന്ദ്രമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന ദൃശ്യലോകത്തിന്റെ ചുരുക്കമാണ് റിയലിസം. ഏറ്റവും ചുരുങ്ങിയത് അതൊരു നേര്‍ജീവിതത്തിന്റെ productive illusion ആയിരിക്കുമെന്ന്’ അദ്ദേഹം പറഞ്ഞുചുരുക്കുന്നു.

മലയാളിക്ക് മേല്‍പ്പറഞ്ഞപ്രകാരം റിയലിസം അനുഭവവേദ്യമായ നാടകങ്ങള്‍ പരിചിതമായിരിക്കാം. ജീവിത ഗന്ധിയായ, കീഴാള പോരാട്ടങ്ങളെ നേരടയാളപ്പെടുത്തിയ ധാരാളം കമ്മ്യൂണിസ്റ്റ് നാടകങ്ങള്‍ സൃഷ്ടിപരമായി നവോത്ഥാനത്തില്‍ വലിയ പങ്കുവഹിച്ച മണ്ണാണ് കേരളം. എന്നാല്‍ റിയലിസ്റ്റിക് സിനിമ എന്നത് മലയാളിക്ക് ശീലമില്ലാത്തതാണ്, ആയതിനാല്‍ത്തന്നെ പുതുകാലത്തെ അത്തരം സിനിമകള്‍ നമ്മുടെ ദൃശ്യബോധ്യങ്ങളെ പൊളിച്ചെഴുതുന്ന നവകാല കലാസൃഷ്ടികളായി മാറുന്നുണ്ട്. ആ ജനുസ്സില്‍ ഒടുവിലായി ജനിച്ചതാണ് ദിലീഷ് പോത്തന്‍ തന്റെ പ്രതിഭയെ വീണ്ടും വരച്ചുകാട്ടുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ.

ഒരു സിനിമ എന്നതിലുപരി, ആണ്‍നോട്ടങ്ങളുടെ ദൃശ്യവിന്യാസ പിടിവാശികളെ നിരാകരിക്കുന്ന, മലയാള സിനിമയുടെ വളര്‍ച്ചാ ഘട്ടത്തിലെ ഒരു കാലസൂചിക കൂടിയാണ് ഈ സിനിമ. കാരണം നമ്മുടെ ക്ലീഷേ കാഴ്ചകളോട്, ഒരു റിബലായി നിന്ന് അത്രമേല്‍ കലഹിക്കുന്നുണ്ട് ഈ നേരുകളുടെ ചലച്ചിത്ര രൂപം.

സുദേവന്റെ ‘ക്രൈം നമ്പര്‍ 89’, ദിലീഷ് പോത്തന്‍ തന്നെ ചെയ്ത ‘മഹേഷിന്റെ പ്രതികാരം’, തമിഴില്‍ അടുത്ത കാലത്തുണ്ടായ ‘കാക്ക മുട്ടൈ’, ബോളിവുഡ് സിനിമകളില്‍ അടുത്തകാലത്ത് ഇര്‍ഫാന്‍ ഖാനും, നവാസുദ്ധീന്‍ സിദ്ധീഖിയും മറ്റും ചെയ്ത ‘ലഞ്ച് ബോക്‌സ്’ പോലുള്ള ചില എണ്ണാവുന്ന സിനിമകള്‍ … പുതിയ കാലത്തെ റിയലിസ്റ്റിക് സിനിമകളുടെ ഉദാഹരണങ്ങളാണ്.

അടിസ്ഥാനപരമായി മനുഷ്യ നന്മയെത്തന്നെയാണ് ഈ സിനിമയും പ്രമേയമാക്കുന്നത്. മാല മോഷ്ട്ടിക്കുന്ന കള്ളനില്‍പ്പോലും, വളര്‍ച്ചയുടെ കാലത്തെ കുഞ്ഞുങ്ങളെ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ പരിഹസിക്കരുത് എന്ന നീതിബോധമുണ്ട്. ഏതു കള്ളന്റെമേലും പൊലീസ് വയലന്‍സിന്റെ പേരിലുള്ള ശാരീരിക അതിക്രമങ്ങള്‍ അരുത് എന്ന് മാല നഷ്ട്ടപ്പെട്ടവള്‍ക്കും, താലി വാങ്ങി നല്‍കിയ അവളുടെ ഭര്‍ത്താവിനും ബോധ്യമുണ്ട്.

ആ നിലയില്‍ എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും നന്മകളുണ്ട് എന്ന് നമ്മുടെ ദൈനംദിന ജീവിത കാഴ്ചകളുടെ പശ്ചാത്തലത്തില്‍ പറയുവാന്‍ ശ്രമിക്കുകയാണ് ഈ സിനിമയും.

നായകനാര്, വില്ലനാര് എന്നൊന്നും ഈ സിനിമയെക്കുറിച്ച് ചോദിക്കരുത്. കാരണം അത്തരം സിംഹാസനങ്ങള്‍ എടുത്തെറിയുകയാണ് ഈ സിനിമയുടെ ദൗത്യം തന്നെയെന്ന് ഞാന്‍ കരുതുന്നു. ഫഹദ് ഫാസിലാണോ (കള്ളന്‍ ), സുരാജാണോ (താലിമാല മോഷ്ട്ടിക്കപ്പെട്ടവളുടെ ഭര്‍ത്താവ് ), അലന്‍സിയറാണോ (പൊലീസുകാരന്‍, ബൈക്കപകടത്തില്‍ മകന്‍ നഷ്ട്ടപ്പെടും വരെ ക്രൂരനായ പോലീസുകാരന്‍ ) നമുക്ക് മുന്നില്‍ ജീവിച്ചത് (നന്നായഭിനയിച്ചു എന്ന് പറഞ്ഞു അപമാനിക്കാനില്ല) എന്നത് സങ്കീര്‍ണ്ണമായ ചോദ്യമാകുന്നിടത്താണ് ഈ സിനിമ ക്ലീഷേ കാഴ്ചകളുടെയിടയില്‍ റിബല്‍ പോരാളിയാകുന്നത്.

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍ മൂന്നു നേരം അന്നം കഴിക്കാനുള്ള വക പോലും നേടാന്‍ കഴിയാത്ത ‘അനാഥരുടെ’ നാടായി മാറാന്‍ വെമ്പുന്ന ഇന്ത്യ, താലിമാല കളഞ്ഞുപോയവള്‍ സ്വാസ്ഥ്യം നഷ്ട്ടപ്പെട്ട ജീവിതക്രമത്തിലേക്ക് പറിച്ചുനടപ്പെടുന്നതിന്റെ വിശ്വാസപരത, നായരുടെ മകള്‍ തിയ്യന്റെ കൂടെ ഒളിച്ചോടിയാല്‍ ഇടിഞ്ഞുവീഴുന്ന ആകാശങ്ങള്‍, അവളുടെ വീട്ടുകാരുടെ നഷ്ട്ടപ്പെടുന്ന അഭിമാനത്തിന്റെ (?) ക്ഷതഭംഗുരങ്ങള്‍, പോലീസ് എന്നത് എപ്പോഴും പൊലീസാണ്, പൊലീസിന്റെ, അല്ലെങ്കില്‍ പോലീസിങ്ങിന്റെ ചില നിയതശീലങ്ങള്‍ സൂര്യന്‍ കിഴക്കുദിക്കുന്നത് പോലെ മാറ്റമില്ലാത്തതാണ് എന്ന ബോധ്യപ്പെടുത്തല്‍, ജാതിയും ഉച്ചനീചത്വങ്ങളും ഇന്നും കേരള സമൂഹത്തില്‍ മങ്ങാത്ത യാഥാര്‍ത്ഥ്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍, ഈ കെട്ടുപിണഞ്ഞുകിടക്കുന്ന ജാതി- സമുദായ ശ്രേണി വ്യവസ്ഥിതിയില്‍ പ്രണയം കൊണ്ട് ജീവിതത്തിലേക്ക് തുഴയാന്‍ വെമ്പുന്നവളുടെ നെടുവീര്‍പ്പുകള്‍ …..

ജീവിതോണ്മകളുടെ നിറകണ്‍കാഴ്ചകളാണ് ഈ സിനിമയുടെ ദൃശ്യാനുഭവം. നമ്മുടെ സമൂഹത്തിന്റെ പിഴവുകള്‍ തൊണ്ടിമുതലായി കാണുന്നതിന്റെ ദൃക്‌സാക്ഷികളാവുകയാണ് ഇവിടെ ഓരോ പ്രേക്ഷകനും. ഇത് മലയാള സിനിമയില്‍ തുടങ്ങിവച്ചിട്ടുള്ള ഒരു വിപ്ലവത്തിന്റെ ദൃക്‌സാക്ഷിത്വം കൂടിയാണ്.

ഫഹദ് ഫാസിലിനെ യഥാര്‍ത്ഥ നടനായി രൂപപ്പെടുത്തിയ എല്ലാ സാഹചര്യങ്ങള്‍ക്കുമുന്നിലും എന്റെ കൂപ്പുകൈ. ഇന്ത്യന്‍ സിനിമയിലെത്തന്നെ പുതുനാമ്പുകളില്‍ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിക്കുന്നുണ്ട് ഈ നടന്‍. അഭിനയിക്കാനറിയാത്തവന്‍, ക്യാമറക്ക് മുന്നില്‍ ജീവിക്കാന്‍ മാത്രമറിയുന്നവന്‍.. മലയാളത്തിലെ യുവനടന്മാരില്‍ ‘കഥാപാത്രം ആവശ്യപ്പെടുന്ന ഭാവ സാന്ദ്രതകളുടെ പൂര്‍ണ്ണത’ എന്ന് ഇനിയും ഈ നടനെ വിളിക്കാന്‍ വൈകാന്‍ പാടില്ലെന്ന് തോന്നുന്നു.

എ.എസ്.ഐ ചന്ദ്രനായി അലന്‍സിയര്‍ ഒരു പൊലീസ് സ്റ്റേഷനിലേക്കും, അയാളുടെ ചെറിയ താമസസ്ഥലത്തേക്കും നമ്മെ കൊണ്ടുപോകുന്നുണ്ട്. ക്യാമറയിലൂടെ ജീവിതം കാണുമ്പോള്‍, അഭിനയിക്കാതെ ജീവിക്കണം എന്ന് ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാവുന്നുണ്ട് ഈ അതുല്ല്യ നടന്‍. ചന്ദ്രന്‍ പൊലീസ് ദിനേന ഞാനും നിങ്ങളും കാണുന്ന ഒരു പൊലീസുകാരന്റെ സ്‌ക്രീനിലെ ഇരുള്‍വെളിച്ചങ്ങളെ തന്മയത്വത്തോടെ പ്രതിഫലിപ്പിക്കുന്നു.

നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രം (നായികയെന്ന് വിളിക്കുന്നില്ല, അതൊക്കെ പഴയ കാലത്തല്ലേ ഇഷ്ടാ .. ) ശ്രീജ , ദാരിദ്ര്യവും എന്നാല്‍ സവര്‍ണ്ണ ജാതിയെന്ന ദുരഭിമാനവും, അവ സൃഷ്ട്ടിക്കുന്ന ജീവിത വിഹ്വലതകളും ഭാവസാന്ദ്രതകളാല്‍ വരച്ചുകാട്ടുന്നു. പാട്ടു രംഗങ്ങളിലെ പ്രണയദൃശ്യങ്ങളിലും ഈ പെണ്‍കുട്ടി തന്റെ പ്രതിഭയെ ഉയര്‍ത്തിക്കാട്ടുന്നു.

എന്റെ ക്യാമറക്ക് വാശികള്‍ ഒന്നുമില്ല, അതിഭാവുകത്വ സഞ്ചാരങ്ങളും പഥ്യമല്ല. എനിക്ക് മുന്നിലെ അഭിനേതാക്കള്‍ ജീവിതം അടയാളപ്പെടുത്തുമ്പോള്‍ അവരുടെ ഭാവപ്പകര്‍ച്ചകളും, അവര്‍ക്ക് ചുറ്റുമുള്ള ജീവിത പരിസരങ്ങളും, പ്രകൃതിയും ഒട്ടും ചോര്‍ന്നുപോകാതെ അതേപടി ഞാന്‍ കാണിച്ചു തരുന്നു എന്ന് ഉറക്കെപ്പറയുകയാണ് രാജീവ് രവിയെന്ന ക്യാമറാ കവി. സംവിധായകന്റെ മനസ്സു ലെന്‍സ് വെച്ചുകാണുന്നു താങ്കളുടെ ക്യാമറ. കൂടുതലെന്തു പറയാന്‍.?!

ഒരു സംഗീത ഉപകരണത്തിലും ഒരു വിരല്‍സ്പര്‍ശം പോലും പശ്ചാത്തല സംഗീതമായി ഇല്ലാതെ മിനിട്ടുകള്‍ നീളുന്ന നിരവധി രംഗങ്ങളുണ്ട് ഈ സിനിമയില്‍. തന്റെ ക്യാമറക്ക് മുന്നിലഭിനയിക്കുന്ന പ്രതിഭകളുടെ ഭാവപ്പകര്‍ച്ചകളില്‍ അത്യപാരമായ ആത്മവിശ്വാസമുള്ള ഒരു സംവിധായകന് മാത്രമാണ് പശ്ചാത്തല സംഗീതം ഉപേക്ഷിച്ചു രംഗങ്ങള്‍ ഒരുക്കുവാന്‍ ധൈര്യം വരൂ . ആ നിലയില്‍ പോത്തന്‍, താങ്കളൊരു ധീരനായ ചലച്ചിത്രകാരനാണ്.

സംവിധായകന്റെയും, നിര്‍മ്മാതാവിന്റെയും പേരുകള്‍ പോലെ തിയറ്റര്‍ സ്‌ക്രീന്‍ നിറയെ ക്രിയേറ്റീവ് ഡയറക്ടറുടെ പേര് എഴുതിക്കാണിക്കുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്. പ്രിയ ശ്യാം പുഷ്‌ക്കരന്‍, താങ്കള്‍ അതര്‍ഹിക്കുന്നു എന്ന് മാത്രം വാക്കുകള്‍ ചുരുക്കട്ടെ.

പുതുമഴ മണ്ണില്‍ നിന്നുതിര്‍ക്കുന്ന മണം പോലെ ഹൃദയം കവരുന്നതാണ് ബിജിപാലിന്റെ സംഗീതം . ആ പ്രതിഭാവിന്യാസം ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. ഈ സിനിമ വരച്ചടയാളപ്പെടുത്തുന്ന ജീവിത സന്ദര്‍ഭങ്ങള്‍ക്ക് ചാരുതയേകുന്നു ഇമ്പമാര്‍ന്ന ആ ശ്രവണസുഖങ്ങള്‍. ചിത്രസംയോജനം നാന്നായി ചെയ്തകിരണ്‍ ദാസിനും, പ്രതിഭയുടെ കരസ്പര്‍ശത്താല്‍ പണിയറിയാം, നന്നായറിയാം..! രചന നിര്‍വ്വഹിച്ച സജീവ് പാഴൂരിനും, നല്ല സിനിമയുടെ ഭാഗമാകാന്‍ ധൈര്യം കാണിച്ച നിര്‍മ്മാതാക്കള്‍ സന്ദീപ് സേനന്‍,
അനീഷ്.എം.തോമസ് എന്നിവര്‍ക്കും സല്യൂട്ട്.

നായകനും , നായികയും , നായകന്റെ വാലായി നടക്കുമ്പോള്‍ പഴത്തൊലി ചവിട്ടി വീഴുന്ന കോമഡി സഹനടനും, വില്ലനും , സ്റ്റണ്ടും , പാട്ടും എല്ലാം വിഭവങ്ങളായി വന്നിരുന്ന ക്ലീഷേ മലയാള സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നവര്‍ ഈ സിനിമക്ക് വണ്ടി കയറരൂത്. ഇത് പുതുമയുടെ ലോകത്തേക്ക് , സിനിമാ റിയലിസത്തിലേക്ക് മലയാള ചലച്ചിത്രത്തെ പറിച്ചു നടുന്ന ഉദ്യമങ്ങളില്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയേക്കാവുന്ന ചരിത്രപരമായ ചലച്ചിത്ര ശ്രമമാണ്.

പോത്തനെയും , ഫഹദിനെയും , അലന്‍സിയറെയും ഒരിക്കല്‍ക്കൂടി എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്തു തിരിയുമ്പോള്‍ ‘അമ്മ’യിലെ അപ്പന്മാരോട് ഒരു കാര്യം പറയട്ടെ. മാഫിയാ രാജാക്കന്മാരെയും, ക്രിമിനലുകളെയും രക്ഷിക്കാന്‍ നിങ്ങള്‍ അഹോരാത്രം പണിയെടുക്കുമ്പോള്‍ നല്ല സിനിമ ഉണ്ടാക്കാനും ഇവിടെ ചില ചെറുപ്പക്കാര്‍ വിയര്‍ക്കുന്നുണ്ട്. ഞങ്ങള്‍ അവര്‍ക്കൊപ്പമാണ്, നൂറുവട്ടം.

ആസ്മ രോഗിയായ അച്ഛന്‍ തൊഴിലുറപ്പിന് പോയി കിട്ടുന്ന നക്കാപ്പിച്ചയില്‍ നിന്ന് കയ്യിട്ട് വാരി, ആ മുഷിഞ്ഞ നോട്ടുകള്‍ കൊണ്ട് നിങ്ങളുടെയൊക്കെ ഫ്‌ളെക്‌സില്‍ പാലഭിഷേകം നടത്തുന്ന വിഡ്ഢികള്‍ ആസ്വാദന ക്ലീഷേകളുടെ വൈകൃതകാലത്തെ മാത്രമാണ് അടയാളപ്പെടുത്തിയത്. ആ കാലം അസ്തമിക്കുന്നതിന്റെ ദുര്‍ബ്ബല സൂര്യാംശുക്കള്‍ മാത്രമാണ് ഇനി നിങ്ങളുടെ സിനിമകള്‍. മുരുകന്മാര്‍ വാഴുന്ന കാലത്തിന് അന്ത്യമാകുന്നതിന്റെ ദൃക്‌സാക്ഷികളാവുകയാണ് ആ നിലയില്‍ ഈ തലമുറയിലെ പ്രേക്ഷകന്‍. നിങ്ങള്‍ക്ക് സ്വാസ്ഥ്യം നേരുന്നു.!

Advertisement