എഡിറ്റര്‍
എഡിറ്റര്‍
കോഴക്കേസില്‍ തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് പൂഴ്ത്തി
എഡിറ്റര്‍
Friday 7th April 2017 10:51am

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കോഴക്കേസില്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തി. തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 21ന് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നല്‍കിയ കത്താണ് സര്‍ക്കാര്‍ പൂഴ്ത്തിയത്.

പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറോട് കോഴ ആവശ്യപ്പെട്ടു എന്ന ആരോപണത്തില്‍ ജൂണ്‍ 19ന് തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യാതെ അന്വേഷണം സുഗമമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിന് കത്തയച്ചത്.

എന്നാല്‍ ആറു മാസം ശുപാര്‍ശ പൂഴ്ത്തിവച്ച ആഭ്യന്തര വകുപ്പ് പിന്നീട് കേസിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി ടോമിന്‍ തച്ചങ്കരിയെ നടപടിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.


Must Read: ‘ജിഷ്ണുവിന്റെ അമ്മയെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു; അരുതെന്ന് പറഞ്ഞപ്പോള്‍ എന്നെ മര്‍ദ്ദിച്ചു’; പുതിയ വെളിപ്പെടുത്തലുകളുമായി ജിഷ്ണുവിന്റെ അമ്മാവന്‍


5.3.2016 മുതല്‍ 12.5.2016 വരെയുള്ള കാലയളവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ തച്ചങ്കരി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ കത്തില്‍ പറയുന്നത്. പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ശരവണനോട് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരില്‍ നിന്നും ഒരു ലക്ഷം രൂപവീതം പിരിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും അതുവഴി മൂന്നുലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റുകയും ചെയ്തുവെന്നതാണ് കേസ്. 2016 മെയ് 12ാം തിയ്യതി മൂന്നര മണിക്ക് പാലക്കാട് നഗരത്തിലെ ചന്ദ്രനഗറില്‍വെച്ച് ജോമോന്‍ എന്ന ഏജന്റ് മുഖേനയാണ് തച്ചങ്കരി പണം കൈപ്പറ്റിയതെന്നും കത്തില്‍ വിശദീകരിക്കുന്നു.

ഈ കേസില്‍ തച്ചങ്കരിയെ 2016 ആഗസ്റ്റ് 20ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്ത കാര്യവും കത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവില്‍ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ചുമതല വഹിക്കുന്ന തച്ചങ്കരിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ മറ്റൊരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ കണ്‍സ്യൂമര്‍ ഫെഡിലും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലും, കെ.ബി.പി.എസിലും ജോലി ചെയ്തുകൊണ്ടിരിക്കെ ഏഴ് ആരോപണങ്ങളും ഇയാള്‍ക്കെതിരെ ഉണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തച്ചങ്കരിക്കെതിരായ കേസിലെ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടും എഫ്.ഐ.ആറിന്റെ കോപ്പിയും ഉള്‍പ്പെടെ നല്‍കിയാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാറിന് കത്തയച്ചത്.

Advertisement