എഡിറ്റര്‍
എഡിറ്റര്‍
ബന്ധുനിയമന വിവാദം; പി.കെ ശ്രീമതി ആവശ്യപ്പെട്ടതിന് പിന്നാലെ മനോരമ നിലപാട് മയപ്പെടുത്തി; വെളിപ്പെടുത്തലുമായി മുന്‍ എഡിറ്റോറിയല്‍ ഡയരക്ടര്‍ തോമസ് ജേക്കബ്ബ്
എഡിറ്റര്‍
Tuesday 26th September 2017 10:59am

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പി.കെ ശ്രീമതി ടീച്ചര്‍ ആവശ്യപ്പെട്ടതിന്
പിന്നാലെ മനോരമ നിലപാട് മയപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയരക്ടര്‍ തോമസ് ജേക്കബ്ബ്. മാതൃഭൂമി ആഴ്ചപ്പതിന് വേണ്ടി കമല്‍റാം സജീവ് നടത്തിയ ദീര്‍ഘമായ അഭിമുഖത്തിലാണ് തോമസ് ജേക്കബ്ബിന്റെ വെളിപ്പെടുത്തല്‍.

ഒരു വലിയ പത്രത്തിന്റെ നേതൃനിരയിലെ ഇത്രയും കാലത്തിനിടയില്‍ രാഷ്ട്രീയക്കാരുമായി എന്തുബന്ധമാണ് താങ്കള്‍ക്ക് ഉള്ളതെന്നും ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.


Dont Miss ‘മോദി സര്‍ക്കാറിനെ വിമര്‍ശിച്ചുപോകരുത്’: കേന്ദ്രപദ്ധതിയുടെ പൊള്ളത്തരം തുറന്നുകാട്ടിയ ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത പിന്‍വലിപ്പിച്ച് ബി.ജെ.പി സര്‍ക്കാര്‍


മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്ത പ്രശ്‌നം കത്തിനില്‍ക്കുന്ന സമയത്ത് പി.കെ ശ്രീമതി വിളിച്ചിരുന്നെന്നും പത്രം വളരെ അഗ്രസീവായ സ്റ്റാന്റ് എടുത്ത് നില്‍ക്കുന്ന സമയമായിരുന്നു അതെന്നും തോമസ് ജേക്കബ്ബ് പറയുന്നു. ഇതിന് പിന്നാലെ പിന്നീട് പത്രം നിലപാട് മയപ്പെടുത്തുകയായിരുന്നു. നമ്മുടെ എതിര്‍വശത്ത് നില്‍ക്കുന്ന ഒരു വനിത ഇങ്ങനെ വിളിച്ച് ഒരു കാര്യം അഭ്യര്‍ത്ഥിക്കുമ്പോള്‍ അങ്ങനെ ചെയ്യാതിരിക്കുന്നത് ശരിയല്ല എന്നാണ് പത്രം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

സുശീലാ ഗോപാലന്‍ വ്യവസായ മന്ത്രിയായിരിക്കെ വിളിച്ച കാര്യവും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘സുശീലാ ഗോപാലന്‍ വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ പുതിയ വ്യവസായ നയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. ഇവര്‍ അധ്യക്ഷയായ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഞങ്ങളുടെ ഒരു ലേഖകന്‍ ഈ കമ്മിറ്റിയുടെ തീരുമാനം വിശദമായി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് കിട്ടി എന്നത് എങ്ങനെയോ മന്ത്രി അറിഞ്ഞു. ദല്‍ഹിയിലായിരുന്ന അവര്‍ വിളിച്ചു. അല്ലെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ വലിയ പ്രശ്‌നമാണ്. ഞാനൊരു പിടിപ്പുകെട്ട സ്ത്രീയാണെന്ന പ്രചാരണമുണ്ട്. വ്യവസായ നയം ചോര്‍ന്ന് മനോരമയില്‍ വാര്‍ത്ത വന്നാല്‍ എന്റെ കഥ കഴിയും” ഞങ്ങള്‍ ഒരു മാനുഷിക പരിഗണനയുടെ പേരില്‍ ആ റിപ്പോര്‍ട്ട് കൊടുത്തില്ല. – തോമസ് ജേക്കബ്ബ് പറയുന്നു.

അന്‍പത്താറു വര്‍ഷം പത്രപ്രവര്‍ത്തനകനായിരുന്നെങ്കിലും കഴിഞ്ഞ മാസം ആദ്യമായിട്ടാണ് ഒരു മന്ത്രിമന്ദിരത്തില്‍ പോയതെന്നും പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്യാനായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. ഒരു രാഷ്ട്രീയക്കാരനെയെന്നല്ല ആരെയെങ്കിലും ഞാന്‍ ഇന്റര്‍വ്യൂ ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. ഞാന്‍ ഒരു രാഷ്ട്രീയക്കാരേയും കാണാന്‍ പോകാറില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എതിരാളി എന്ന നിലയില്‍ ദേശാഭിമാനി എങ്ങനെയാണ് വായിക്കുന്നത് എന്നും ദേശാഭിമാനിയുടെ ജേണലിസത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് ദേശാഭിമാനി പണ്ട് ഒരു പാര്‍ട്ടി പത്രം മാത്രമായിരുന്നെങ്കില്‍ ഇത് അത് ഒരു പ്രൊഫഷണല്‍ പത്രമാണെന്നും ഇങ്ങനെ മാറ്റിയെടുത്തത് പി. ഗോവിന്ദപ്പിള്ളയും കെ. മോഹനനും കൂടിയാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

Advertisement