വാഹനമേഖലയിലെ പ്രതിസന്ധിയ്ക്കു കാരണം ഉയര്‍ന്ന ജി.എസ്.ടി അല്ലെന്ന് തോമസ് ഐസക്
Kerala
വാഹനമേഖലയിലെ പ്രതിസന്ധിയ്ക്കു കാരണം ഉയര്‍ന്ന ജി.എസ്.ടി അല്ലെന്ന് തോമസ് ഐസക്
ന്യൂസ് ഡെസ്‌ക്
Sunday, 8th September 2019, 1:21 pm

 

ന്യൂദല്‍ഹി: വാഹനമേഖലയിലെ നിലവിലെ പ്രതിസന്ധിയ്ക്കു കാരണം ഉയര്‍ന്ന ജി.എസ്.ടി നിരക്കല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജി.എസ്.ടി വരുന്നതിനു മുമ്പു തന്നെ സര്‍വ്വീസ് ടാക്‌സ് ഒഴികെയുള്ള നികുതിയുടെ നിരക്ക് 32% മുതല്‍ 52% വരെയായിരുന്നെന്നും തോമസ് ഐസക്ക് പറയുന്നു. ട്വിറ്ററിലൂടെയാണ് ഐസക്കിന്റെ പ്രതികരണം.

‘വാഹനമേഖലയിലെ പ്രതിസന്ധിയ്ക്കു കാരണം ഉയര്‍ന്ന ജി.എസ്.ടി നിരക്കല്ല. ജി.എസ്.ടി വരുന്നതിനു മുമ്പ് സര്‍വ്വീസ് ടാക്‌സ് ഒഴികെയുള്ള നികുതിയുടെ നിരക്ക് 32% നും 54%ത്തിനും ഇടയിലായിരുന്നു. ഇപ്പോള്‍ കോമ്പന്‍സേഷന്‍ സെസ്സ് ഉള്‍പ്പെടെയുള്ള നികുതിയുടെ നിരക്ക് 29% മുതല്‍ 46% വരെ മാത്രമേയുള്ളൂ. കേന്ദ്രം ഇത് ഇനിയും കുറയ്ക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ സെസ് എടുത്തുമാറ്റുക. നിരക്ക് 28% ആയി കുറയും.’ എന്നാണ് തോമസ് ഐസക്കിന്റെ വിശദീകരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചരക്ക് സേവന നികുതി കേരളത്തിന് ഗുണകരമാകുമെന്നായിരുന്നു ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തെ പിന്തുണച്ചുകൊണ്ട് തോമസ് ഐസക്ക് 2016ല്‍ പറഞ്ഞത്. ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി ഗുണം ചെയ്യും.

ഉല്‍പാദന കേന്ദ്രത്തിന് പകരം ഉപഭോഗ കേന്ദ്രത്തില്‍ ഈടാക്കാനുള്ള ജി.എസ്.ടിയിലെ വ്യവസ്ഥ കേരളത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഒരുവര്‍ഷത്തിനുശേഷം അദ്ദേഹം നിലപാട് തിരുത്തിയിരുന്നു.

ജി.എസ്.ടിയുടെ ആദ്യവര്‍ഷം നിരാശാജനകമാണെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എന്നാല്‍ തയ്യാറെടുപ്പില്ലാതെ കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കുമെന്ന് കരുതാത്തതില്‍ തനിക്ക് വീഴ്ചയുണ്ടായെന്നും തോമസ് ഐസക് സമ്മതിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ വാഹനവിപണികള്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി രണ്ടുദിവസത്തേക്ക് നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു.

കാറുകള്‍ വാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം കമ്പനിയുടെ വില്‍പന 32.7 ശതമാനം ഇടിവ് നേരിട്ടിരുന്നു. അഞ്ചുദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി അശോക് ലെയ്‌ലന്‍ഡും അറിയിച്ചിരുന്നു.