നിങ്ങളുടെ തെഞ്ഞെടുപ്പില്‍ പുടിനും വോട്ടു ചെയ്‌തേക്കാം; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെലുണ്ടായേക്കുമെന്ന് തോമസ് ഫ്രൈഡ്മാന്‍
national news
നിങ്ങളുടെ തെഞ്ഞെടുപ്പില്‍ പുടിനും വോട്ടു ചെയ്‌തേക്കാം; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെലുണ്ടായേക്കുമെന്ന് തോമസ് ഫ്രൈഡ്മാന്‍
ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 1:20 pm

മുംബെെ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായേക്കാമെന്ന് പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ തോമസ് ഫ്രൈഡ്മാന്‍. നിയന്ത്രണത്തിന് പരിമിതികളുള്ള ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിലൂടെ, അമേരിക്കന്‍ തെരഞ്ഞെടുപ്പിലുണ്ടായതിനു സമാനമായ ഇടപെടലുകള്‍ റഷ്യ നടത്തിയേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

“റഷ്യക്കാര്‍ നിങ്ങളുടെ തെരഞ്ഞെടുപ്പ് വെച്ച് കളിക്കുമെന്ന് ഇന്ത്യക്കാര്‍ കരുതുന്നില്ലെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് അര്‍ത്ഥം. എന്നെ വിശ്വസിക്കൂ, പുടിന്‍ നിങ്ങളുടെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യും”- ഫ്രൈഡ്മാന്‍ പറഞ്ഞു.

ദുരുപയോഗം തടയുന്നതില്‍ പരാജയപ്പെടുന്ന ഫേസ്ബുക്കിനേയും ഫ്രൈഡ്മാന്‍ വിമര്‍ശിച്ചു. “മാര്‍ക് സുക്കര്‍ബര്‍ഗ് കോളേജില്‍ കമ്പ്യൂട്ടര്‍ കോഡിങ്ങ് പഠിച്ചു, പക്ഷെ ഭരണഘടനാ കോഴ്‌സ് അദ്ദേഹം പഠിച്ചിട്ടില്ല”- ഫ്രൈഡ്മാന്‍ പറഞ്ഞു. സ്വകാര്യതയെ മാനിക്കാതെ ഫേസ്ബുക്കിനെ വളര്‍ത്തി ആഗോള ഭീമനാക്കി മാറ്റിയെന്നും അതിനുള്ള വില ഇപ്പോള്‍ ജനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ആക്രമണം; കേന്ദ്ര സര്‍ക്കാറിനും, 10 സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്

2016 അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്റെ ബ്രക്‌സിറ്റിനു പിന്നിലും റഷ്യയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ക്യാമ്പ്രിഡ്ജ് അനലിറ്റിക എന്ന ബ്രിട്ടീഷ് കമ്പനി 87 മില്ല്യണ്‍ ഫേസ്ബുക്ക് യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത് വിവാദമായിരുന്നു.

ദി ഫേള്‍ഡ് ഈസ് ഫ്‌ളാറ്റ്, ഫ്രം ബെയ്‌റൂത് റ്റു ജെറുസലേം എന്ന പുസ്തകങ്ങളുടെ രചയിതാവായ ഫ്രൈഡ്മാന്‍ ന്യൂയോര്‍ക്ക് ടൈംസിലടക്കം എഴുതുന്ന കോളമിസ്റ്റു കൂടിയാണ്.